ബംഗ്ലാദേശിനെ തോൽപ്പിച്ച് പാകിസ്താൻ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ; എതിരാളികളായി ഇന്ത്യയെത്തുമോ?

 നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് പാകിസ്താൻ ഫൈനലിൽ. കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് പാകിസ്താൻ കടുവകളെ പരാജയപ്പെടുത്തിയത്. മോശം കാലാവസ്ഥയും നനഞ്ഞ ഔട്‍ഫീൽഡും കാരണം 13 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 112 റൺസിന്റെ വിജയലക്ഷ്യം പാക് ടീം ഒമ്പത് പന്തുകൾ ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കം തന്നെ പിഴച്ചിരുന്നു. സ്കോർ ബോർഡിലേക്ക് 21 റൺസ് ചേർത്തപ്പോഴേക്കും തൻസിദ് ഹസൻ (അഞ്ച് പന്തിൽ ഏഴ്), ലിറ്റൺ ദാസ് (മൂന്ന് പന്തിൽ രണ്ട്), പർവേസ് ഹൊസൈൻ ഇമോൺ (നാല് പന്തിൽ ഒന്ന്) എന്നിവരെ നഷ്ടമായിരുന്നു. ഏറെ വൈകാതെ അതുവരെ പിടിച്ചുനിന്ന ഓപ്പണർ സൈഫ് ഹസ്സൻ 17 പന്തിൽ 19 റൺസുമായി മടങ്ങി.

അഞ്ചാം നമ്പറിൽ ഇറങ്ങി 25 പന്തിൽ 42 റൺസെടുത്ത തൗഹിദ് ഹൃദോയാണ് ബംഗ്ലാദേശിനെ കരകയറ്റിയത്‌. പിന്നാലെത്തിയവർക്കും കാര്യമായി സംഭാവന ചെയ്യാൻ സാധിക്കാതിരുന്നതോടെ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 111 റൺസിലെത്തി. പാകിസ്താനായി സൂഫിയാൻ മുഖീം മൂന്ന് വിക്കറ്റുകളും അറഫാത് മിന്ഹാസ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ പാകിസ്താനും തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യ രണ്ട് ഓവറിൽ തന്നെ ടീമിന് ഓപ്പണർമാരായ സാഹിബ്‌സാദ ഫർഹാൻ (നാല് പന്തിൽ ഒന്ന്), മാസ് സദാഖത്ത് (ഏഴ് പന്തിൽ 15 എന്നിവരെ നഷ്ടമായിരുന്നു. പിന്നാലെ ഉസ്മാൻ ഖാൻ (ഒമ്പത് പന്തിൽ 14), സയ്യിം അയ്യൂബ്ബ്‌ (12 പന്തിൽ 21) എന്നിവർ മടങ്ങി. പിന്നാലെ ഒത്തുചേർന്ന അബ്ദുൽ സമദ് 15 പന്തിൽ പുറത്താകാതെ 30 റൺസും ഹസൻ നവാസ് 22 പന്തിൽ പുറത്താകാതെ 27 റൺസുമെടുത്ത് പാകിസ്താൻ വിജയമൊരുക്കുകയായിരുന്നു.

പാകിസ്താൻ ഒക്ടോബർ മൂന്നിന് രണ്ടാം സെമിഫൈനലിലെ വിജയികളെ ഫൈനലിൽ നേരിടും. നിലവിൽ കൊറോഗി സ്പോർട്സ് പാർക്കിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുകയാണ്. മത്സരത്തിൽ ശ്രേയസും സംഘവും ജയിച്ചാൽ മറ്റൊരു ഇന്ത്യ - പാകിസ്താൻ മത്സരത്തിന് കൂടി ആരാധകർ സാക്ഷിയാകും.

Tags:    
News Summary - Pakistan reach Asian Games cricket final after six-wicket win over Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.