ഇന്ത്യയും പാകിസ്താനും ആസ്ട്രേലിയയും ഒരേ ഗ്രൂപ്പിൽ; ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു
കേപ്ടൗൺ: 2027 ഐ.സി.സി ഏകദിന ലോകകപ്പിനുള്ള മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രഖ്യാപിച്ചു. ഇന്ത്യയും ചിരവൈരികളായ പാകിസ്താനും നിലവിലെ ചാമ്പ്യന്മാരായ ആസ്‌ട്രേലിയയും ഗ്രൂപ്പ് ‘എ’യിലാണ്. ആകെ 12 ടീമുകളാണ് മത്സരിക്കുന്നത്. ഈ ടീമുകൾ എ, ബി എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായാണ് മാറ്റുരക്കുന്നത്. അഫ്ഗാനിസ്താൻ, ആസ്ട്രേലിയ, ഇന്ത്യ, പാകിസ്താൻ, സിംബാബ്‌വെ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് എയിൽ ആദ്യഘട്ട ക്വാളിഫയറിൽ വിജയിക്കുന്ന ഒരു ടീം കൂടി ഉൾപ്പെടും. സഹ ആതിഥേയരായ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവർ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ‘ബി’.
രണ്ടാം ക്വാളിഫയറിലൂടെ വിജയിച്ചെത്തുന്ന ഒരു ടീം കൂടി ഇതിൽപ്പെടും. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് 2027 ഒക്ടോബർ രണ്ടിനാണ് ആരംഭിക്കുന്നത്. ഒക്ടോബർ ഏഴിന് ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 10ന് ജോഹന്നസ്ബെർഗിൽ ശുഭ്മൻ ഗില്ലും സംഘവും പാകിസ്താനുമായി ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പിലെയും മികച്ച മൂന്നു ടീമുകൾക്കൊപ്പം മികച്ച നാലാം സ്ഥാനക്കാരും സൂപ്പർ സെവൻ റൗണ്ടിലേക്ക് യോഗ്യതനേടും. ഇതിൽനിന്നാണ് നാലു ടീമുകൾ സെമി ഫൈനലിലെത്തുക. ഗ്രൂപ്പ് ഘട്ടത്തിലെ പോയന്റുകൾ സൂപ്പർ സെവൻ റൗണ്ടിൽ പരിഗണിക്കില്ല, അതായത് ടീമുകൾ റൗണ്ട് റോബിൻ മാതൃകയിലായിരിക്കും മത്സരിക്കുക. ഒക്ടോബർ 25 മുതൽ നവംബർ 14 വരെ ഓരോ ടീമും ആറ് മത്സരങ്ങൾ കളിക്കും. ഇത് മറ്റൊരു ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് വഴിയൊരുക്കും.
സൂപ്പർ സെവൻ റൗണ്ടിൽ മുന്നിലെത്തുന്ന ആദ്യ നാല് ടീമുകളാണ് സെമി പോരാട്ടത്തിന് യോഗ്യത നേടുക. ഇന്ത്യയും പാകിസ്താനും ആദ്യ നാലിൽ ഇടംപിടിച്ചാൽ, സെമി ഫൈനലിലോ ഫൈനലിലോ ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്. നവംബർ 21ന് ജോഹന്നസ്‌ബെർഗിലാണ് ഫൈനൽ. മുൻ ചാമ്പ്യൻമാരായ വെസ്റ്റിൻഡീസാണ് ഇതുവരെ യോഗ്യതനേടാത്ത പ്രധാന ടീം. നെതർലൻഡ്‌സ്, സ്‌കോട്ട്‌ലൻഡ്, യുഎസ്എ, അയർലൻഡ് ഉൾപ്പെടെയുള്ള ടീമുകൾക്കെതിരെ യോഗ്യതയിൽ മുന്നേറിയാൽ മാത്രമാകും കളിക്കാനാകുക. 2023ൽ അഹ്മദാബാദിൽ നടന്ന ഫൈനലിൽ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസ് ഏകദിന ലോകകപ്പ് നേടിയത്. ഈ ലോകകപ്പിൽ 10 ടീമുകളാണ് മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.