കെൻസിങ്ടൺ ഓവൽ ബാർബഡോസ് സ്റ്റേഡിയത്തിൽ നടന്ന ഒമാൻ-ആസ്ട്രേലിയ
മത്സരത്തിൽനിന്ന്
മസ്കത്ത്: ട്വന്റി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ വിറപ്പിച്ചു ഒമാൻ കീഴടങ്ങി. വെസ്റ്റിൻഡീസിലെ കെൻസിങ്ടൺ ഓവൽ ബാർബഡോസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 39 റൺസിനാണ് അടിയറവു പറഞ്ഞത്. ദുർബലരായ ഒമാനെതിരെ വമ്പൻ വിജയ മോഹവുമായിറങ്ങിയ കംഗാരുപ്പടയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു ഒമാന്റെ പ്രകടനം. ടോസ് നേടിയ ഒമാൻ ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ കളിയിലെപോലെ ബൗളർമാർ നിറഞ്ഞാടിയ മത്സരത്തിൽ മുൻ ചമ്പ്യന്മാർക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 129 റൺസിന് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
വീണ്ടും നിറംമങ്ങി ബാറ്റർമാർ
ആദ്യ കളിയെപോലെ ഒമാൻ ബാറ്റർമാർ വീണ്ടും കളിമറക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസവും കണ്ടത്.
ആസ്ട്രേലിയയുടെ ലോകോത്തര ബൗളിങ് നിരക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാതെ ഒന്നിനു പിറകെ ഒന്നൊന്നായി പവിലിയനിലേക്ക് മാർച്ച്പാസ്റ്റ് ചെയ്തു. വാലറ്റത്ത് അയാൻ ഖാനും (36), മെഹറാൻ ഖാനും (27) നടത്തിയ തട്ടുതകർപ്പൻ പ്രകടനമാണ് വൻതോൽവിയിലിൽനിന്ന് ഒമാനെ രക്ഷിച്ചത്.
സ്കോർബോഡിൽ 23 റൺസ് ചേർത്തപ്പോയേക്കും ഓപണർമാർ രണ്ടുപേരും മടങ്ങിയിരുന്നു. പിന്നീടുവന്ന ക്യാപ്റ്റൻ ആക്വിബ് ഇല്യാസ് ചെറുത്തു നടത്തിയെങ്കിലും 18 റൺസുമായി മാർക്ക്സ് സ്റ്റോണിസിന് വിക്കറ്റു നൽകി മടങ്ങി. കൂട്ടുകെട്ടുണ്ടാക്കാൻ കഴിയാതെപോയതായിരുന്നു ഒമാന് തിരിച്ചടിയായ മറ്റൊരുകാര്യം. വാലറ്റത്തു നടത്തിയ പ്രകടനം മുൻനിര ബാറ്റർമാർ നടത്തിയിരുന്നെങ്കിൽ ഒരുപക്ഷേ കളിയുടെ ഫലം മറ്റൊന്നാ കുമായിരുന്നു. 19 റൺസിന് മൂന്ന് വിക്കറ്റെടുത്ത് മാർക്ക് സ്റ്റോണിസാണ് ഒമാൻ നിരയെ പിടിച്ചു കെട്ടിയത്.
മിന്നിത്തിളങ്ങി ബൗളർമാർ
വർണർ, മാക്സ്വെൽ, മിച്ചൽ മാർഷ് എന്നീ ലോകോത്തര ബാറ്റിങ് നിരയുള്ള ആസ്ട്രേലിയൻ ടീം കൂറ്റൻ സ്കോറും പ്രതീക്ഷിച്ചായിരുന്നു കളത്തിലിറങ്ങിയത്. നമീബിയക്കെതിരെയുള്ള പ്രകടനം ബൗളർമാർ ആവർത്തിച്ചപ്പോൾ പേരുകേട്ട കംഗാരുപ്പട അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് സ്കോർ ചെയ്തത്.
ഓപണർ ഡേവിഡ് വാർണർ (56), മധ്യനിരതാരം മാർക്സ് സ്റ്റോയിൻസ് (67) എന്നിവരുടെ അർധസെഞ്ച്വറി മികവിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്താൻ സഹായകമായത്.
ഇതിൽ അവസാന ഓവറുകളിൽ സ്റ്റോയിൻ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് കംഗാരുപ്പടയെ 150 സ്കോർ കടക്കാൻ സഹായിച്ചത്.
36 പന്തിൽ ആറ് സിക്സും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
ഒമാൻ ബൗളർമാരുടെ കണിശതക്കും കൃത്യതക്കും മുന്നിൽ ഓസീസ് ബാറ്റർമാർ റൺസ് സ്കോർ ചെയ്യാൻ ബുദ്ധിമുട്ടുകയായിരുന്നു.
വാർണർ അർധ സെഞ്ച്വറി നേടിയെങ്കിലും അത്രയും റൺസെടുക്കാൻ 51 പന്തുവേണ്ടിവന്നു എന്നത് ഒമാന്റെ ബൗളിങ്ങിന്റെ മൂർച്ച വ്യക്തമാക്കുന്നതായിരുന്നു. മെഹറാൻ ഖാൻ രണ്ടും, ബിലാൽ ഖാൻ ഖലീമുല്ല എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.
വിക്കറ്റൊന്നും നേടിയില്ലെങ്കിലും ക്യാപ്റ്റൻ ആക്വിബ് ഇല്ല്യാസും മികച്ച പിന്തുണയാണ് നൽകിയത്.
നാല് ഓവറിൽ വെറും 18 റൺസ് മാത്രമാണ് വിട്ടു കൊടുത്തത്. ഗ്രൂപ് ബിയിലെ ഒമാന്റെ മൂന്നാം മത്സരം ജൂൺ ഒമ്പതിന് സ്ക്വാട്ട്ലൻഡിനെതിരെയാണ്. ഒമാൻ സമയം രാത്രി ഒമ്പതു മണിക്കാണ് കളി തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.