മുംബൈ: ഓൺലൈൻ ഗെയിമുകൾ നിരോധിച്ച് നിയമം വന്നതോടെ ബി.സി.സിഐക്ക് പ്രധാന സ്പോൺസറായ ഡ്രീം11നുമായ കരാർ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. അടുത്ത മാസം യു.എ.ഇയിൽ നടക്കുന്ന ഏഷ്യ കപ്പിൽ സ്പോൺസറില്ലാത്ത ജഴ്സിയുമായാകും ടീം കളിക്കുകയെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ സെപ്റ്റംബർ ഒമ്പതിന് ഏഷ്യ കപ്പ് ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് പുതിയ സ്പോൺസർമാരെ കണ്ടെത്താനുള്ള നീക്കം ബി.സി.സി.ഐ ത്വരിതഗതിയിലാക്കിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു സാധിക്കാതെ വന്നാൽ മാത്രമാകും സ്പോൺസറില്ലാതെ കളത്തിലിറങ്ങുക.
ടീം ഇന്ത്യയുടെ സ്പോൺസറാകാൻ ഇതിനകം രണ്ട് കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചെന്ന് ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഓട്ടോമൊബൈല്‍ രംഗത്തെ ഭീമന്മാരായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍, ടെലികമ്യൂണിക്കേഷൻ വ്യവസായത്തിൽ മുൻപന്തിയിലുള്ള റിലയന്‍സ് ജിയോ എന്നീ കമ്പനികളാണ് സ്‌പോണ്‍സര്‍ഷിപ്പിനായി രംഗത്തുള്ളത്. ഇവയ്ക്ക് പുറമെ ഒരു ഫിൻടെക് സ്റ്റാർട്ടപ്പും സ്പോൺസർഷിപ്പിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ വിശ്വാസ്യതയും സ്ഥിരതയും പരിഗണിച്ചായിരിക്കും സ്‌പോണ്‍സര്‍മാരെ സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കുക. നേരത്തേതന്നെ ബി.സി.ഐ.യുമായി ബ്രോഡ്കാസ്റ്റിങ് സ്‌പോണ്‍സര്‍ഷിപ്പിന് കരാറുകളുള്ള കമ്പനിയാണ് റിലയന്‍സ് ജിയോ.
ഓൺലൈൻ വാതുവെപ്പും ചൂതാട്ടങ്ങളും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതിനു പിന്നാലെയാണ് ഡ്രീം 11 ബി.സി.സി.ഐയുമായുള്ള കരാർ അവസാനിപ്പിച്ചത്.. രാജ്യത്തെ ഏറ്റവും വലിയ ഫാന്റസി സ്പോർട്സ് വെബ്സൈറ്റുമായുള്ള തുടർന്നുള്ള സഹകരണത്തെ കുറിച്ച് ബി.സി.സി.ഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, സർക്കാർ തീരുമാനം ബി.സി.സി.ഐ അംഗീകരിക്കുമെന്ന് ദേശീയ ഗവേണിങ് ബോഡി സെക്രട്ടറി ദേവജിങ് സൈക്യ പറയുന്നു. നിരോധനം നിലവിൽ വന്നതിന് പിന്നാലെ പണം ഉപയോഗിച്ചുള്ള ഗെയിമുകളും മത്സരങ്ങളും നിർത്തിവെച്ചതായി ഡ്രീം11 വെബ്സൈറ്റിൽ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
2023-ലാണ് ഡ്രീം 11 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരാകുന്നത്. മൂന്ന് വര്‍ഷത്തേക്ക് 358 കോടി രൂപയുടേതാണ് കരാര്‍. കരാര്‍ കാലാവധി തീരുംമുമ്പ് അവസാനിപ്പിച്ചെങ്കിലും ഡ്രീം 11ന് പിഴത്തുകയൊന്നും നല്‍കേണ്ടിവരില്ല. കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളില്‍ കൊണ്ടുവരുന്ന ഭേദഗതി സ്‌പോണ്‍സറുടെ വാണിജ്യപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒരു പണവും നല്‍കേണ്ടതായിട്ടില്ല. അതായത് കരാര്‍ നേരത്തെ അവസാനിപ്പിക്കുന്നുണ്ടെങ്കിലും ഡ്രീം 11 ബിസിസിഐക്ക് മുഴുവന്‍ പണവും നല്‍കേണ്ടതില്ലെന്നര്‍ഥം. പുതിയ നിയമം നിലവിൽ വന്നതോടെ മൈ 11 സർക്കിൾ, വിൻസൊ, സുപ്പീ, പോകർബാസി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും പ്രവർത്തനം നിർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.