സിറാജ് അഞ്ചാം ടെസ്റ്റിനിടെ

‘എന്തിനാണ് പോകുന്നത്, അഞ്ച് വിക്കറ്റ് നേടിയശേഷം ഞാൻ ആരെ കെട്ടിപ്പിടിക്കും?’; ബുംറയുമായുള്ള സംഭാഷണം പങ്കുവെച്ച് സിറാജ്

ലണ്ടൻ: ഓവൽ ടെസ്റ്റിൽ പേസർ മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സിൽ മധ്യനിരയെ തകർത്ത് റണ്ണൊഴുക്ക് തടഞ്ഞത്. വമ്പൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ആതിഥേയ നിരയിലെ നാല് പ്രധാന ബാറ്റർമാരാണ് സിറാജിന്‍റെ ഉജ്ജ്വല ബൗളിങ് പ്രകടത്തിനു മുന്നിൽ മുട്ടുമടക്കി പവലിയനിലേക്ക് തിരികെ മടങ്ങിയത്. ഇംഗ്ലിഷ് ക്യാപ്റ്റൻ ഒലി പോപ് (22), ജോ റൂട്ട് (29), ഹാരി ബ്രൂക്ക് (53), ജേക്കബ് ബെതേൽ (6) എന്നിവരെയാണ് സിറാജ് പുറത്താക്കിയത്.

രണ്ടാംദിനം മത്സരശേഷം സീനിയർ താരം ജസ്പ്രീത് ബുംറയുമായി താൻ നടത്തിയ രസകരമായ സംഭാഷണത്തെ കുറിച്ച് സിറാജ് പറയുന്നതിന്‍റെ വിഡിയോ ബി.സി.സി.ഐ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “എന്തിനാണ് പോകുന്നത്, അഞ്ച് വിക്കറ്റ് നേടിയശേഷം ആരെ കെട്ടിപ്പിടിക്കുമെന്ന് ബുംറയോട് ഞാൻ ചോദിച്ചു. മറുപടിയായി ഞാൻ ഇവിടെ തന്നെയുണ്ട്, അഞ്ച് വിക്കറ്റ് നേടൂ എന്നാണ് അദ്ദേഹം പറഞ്ഞത്” -സിറാജ് പറയുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണ് ഇതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. ജോലിഭാരം കണക്കിലെടുത്ത് ബുംറക്ക് വിശ്രമം നൽകിയാണ് ടീം ഇന്ത്യ അവസാന ടെസ്റ്റിനിറങ്ങിയത്.

സിറാജിന് പുറമെ നാല് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണയും ചേർന്നാണ് ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 247ൽ അവസാനിപ്പിച്ചത്. 224 റൺസാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോർ. രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റിന് 75 എന്ന നിലയിലാണ് ഇന്ത്യ. അർധ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാൾ (51*), നൈറ്റ് വാച്ച്മാനായെത്തിയ ആകാശ്ദീപ് (4*) എന്നിവരാണ് ക്രീസിൽ. കെ.എൽ. രാഹുൽ (7), സായ് സുദർശൻ (11) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. നിലവിൽ 52 റൺസിന്‍റെ ലീഡാണ് ഇന്ത്യക്കുള്ളത്.

Tags:    
News Summary - Told Jasprit Bumrah, why are you leaving, whom would I hug after five wickets? Mohammed Siraj after Day 2 heroics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.