പേശികൾക്ക് ഗുരുതരരോഗം ബാധിച്ചു'; ഒപ്പം നിന്നത് ആകാശ് അംബാനിയും ജയ് ഷായും, മോശം കാലം ഓർത്തെടുത്ത് തിലക് വർമ്മ

ന്യൂഡൽഹി: പരിക്കിന്റെ പിടിയിലായ മോശം കാലം ഓർത്തെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമ. തന്റെ പേശികളെ ഗുരുതരമായ രോഗം ബാധിച്ചുവെന്നും മുംബൈ ഇന്ത്യൻസ് ടീമും ആകാശ് അംബാനിയും ബി.സി.സി.ഐയും ജയ് ഷായുമാണ് അന്ന് തനിക്കൊപ്പം നിന്നതെന്നും തിലക് വർമ്മ പറഞ്ഞു.

ഗൗരവ് കപൂറുമായുള്ള സംഭാഷണത്തിനിടെയാണ് കരിയറിലെ മോശം കാലം തിലക് വർമ്മ ഓർത്തെടുത്തത്. ആദ്യ ഐ.പി.എല്ലിന് ശേഷം എനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ എനി​ക്ക് എപ്പോഴും ആരോഗ്യവാനായി ഇരിക്കാനായിരുന്നു ആഗ്രഹം. ആ സമയത്താണ് എന്റെ പേശികൾക്ക് ചില പ്രശ്നങ്ങൾ കണ്ടെത്തിയത്. പക്ഷേ ടെസ്റ്റ് ടീമിൽ കളിക്കാനുള്ള അതിയായ ആഗ്രഹത്താൻ ആ സമയത്ത് ഞാൻ ആഭ്യന്തര ക്രിക്കറ്റ് കളിച്ചു. വിശ്രമിക്കേണ്ട ദിവസങ്ങളിലും ഞാൻ ജിമ്മിൽ പോയി. ഫിറ്റ്നെസ് നിലനിർത്തുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വിശ്രമിക്കേണ്ട ദിവസങ്ങളിലും അമിതമായി ജോലി ചെയ്തതിനാൽ തന്റെ പേശികളുടെ അവസ്ഥ മോശമായി. ബംഗ്ലാദേശിനെതിരായി ഒരു മത്സരം കളിക്കുന്നതിനിടെ തന്റെ കൈകൾ അനക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. തന്റെ സ്ഥിതിയറിഞ്ഞപ്പോൾ മുംബൈ ഇന്ത്യൻസ് ഉടമ ആകാശ്അംബാനി ഉടൻ തന്നെ ഇക്കാര്യം ജയ് ഷായെ അറിയിക്കുകയായിരുന്നു. ഒടുവിൽ ജയ്ഷായും ബി.സി.സി.ഐയും ഇടപ്പെട്ടാണ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും തിലക് വർമ്മ പറഞ്ഞു.

2022 ഐ.പി.എൽ സീസണിൽ മികച്ച പ്രകടനമാണ് തിലക് വർമ്മ മുംബൈ ഇന്ത്യൻസിനായി നടത്തിയത്. തുടർന്നുള്ള ടൂർണമെന്റുകളിലും മികച്ച പ്രകടനം നടത്തി തിലക് വർമ്മ ഇന്ത്യൻ ടീമിലെ സ്ഥിരം പേരുകാരിൽ ഒരാളായി മാറിയിരിക്കുകയാണ്. 2025 ഏഷ്യ കപ്പ് ഫൈനലിൽ തിലക് വർമ്മയുടെ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. 

Tags:    
News Summary - Tilak Varma Reveals Being Diagnosed With Rhabdomyolysis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.