ദുബൈ: സമീപകാലത്തായി ഐ.പി.എല്ലിലും പിന്നാലെ ഇന്ത്യയുടെ ദേശീയ ടീമിലും സെൻസേഷനായ യുവ ബാറ്ററാണ് അഭിഷേക ശർമ. ഓപണായിറങ്ങി ബോളർമാരെ നിർദയം നേരിടുന്ന അക്രമണോത്സുക ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടാൻ കുറഞ്ഞ കാലം മാത്രമേ താരത്തിന് വേണ്ടിവന്നിട്ടുള്ളൂ.
ടി20 ഫോർമാറ്റിൽ രണ്ട് സെഞ്ച്വറികൾ ഇതിനോടകം സ്വന്തം പേരിലാക്കിയ താരം കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ഇന്ത്യ -പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി പോരാട്ടം നേരിൽ കാണാൻ എത്തിയിരുന്നു. ഇതേ മത്സരം കാണാനെത്തിയ പാകിസ്താന്‍റെ ഇതിഹാസ പേസർമാരായ വസീം അക്രമും ശുഐബ് അക്തറുമായുള്ള അഭിഷേകിന്‍റെ കൂടിക്കാഴ്ചയും ഇതിനിടെ ശ്രദ്ധേയമായി.
ഈമാസമാദ്യം മുംബൈയിൽ ഇംഗ്ലണ്ടിനെതിരായ ടി20യിൽ സെഞ്ച്വറി നേടിയ അഭിഷേകിനെ ഇരുവരും അഭിനന്ദിച്ചു. മനോഹരമായ ഇന്നിങ്സായിരുന്നു അതെന്നും താൻ അത് കണ്ടിരുന്നുവെന്നും അക്രം അഭിഷേകിനോട് പറയുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. “ഇത് തുടക്കം മാത്രമാണ്. തുടർന്നും നന്നായി കളിക്കാൻ എല്ലാ ഭാവുകങ്ങളും നേരുന്നു” - അക്രം പറഞ്ഞു.
താൻ ഇപ്പോഴത്തെ തലമുറയിൽ ജനിക്കാത്തത് ഭാഗ്യമെന്നായിരുന്നു അക്തറിന്‍റെ പ്രതികരണം. താനും അഭിഷേകിന്‍റെ ഇന്നിങ്സ് കണ്ടിരുന്നുവെന്നും വളരെ മനോഹരമായിരുന്നുവെന്നും അക്തർ പറഞ്ഞു. അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐ.പി.എല്ലിനായി ഒരുങ്ങുകയാണ് അഭിഷേക് ശർമ. സൺ റൈസേഴ്സ് ഹൈദരാബാദിന്‍റെ സ്റ്റാർ ബാറ്ററായ അഭിഷേകിനെ, ഇത്തവണ മെഗാലേലത്തിന് മുമ്പ് നിലനിർത്തുന്ന താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.