'ഇവർ രണ്ടുപേരിൽ ഒരാൾ ടെസ്റ്റ് ടീമിനെ നയിക്കട്ടെ'; അടുത്ത ക്യാപ്റ്റൻ ആരാകുമെന്ന ചർച്ചകളിൽ രവി ശാസ്ത്രി

രോഹിത് ശർമ വിരമിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇനി ഇന്ത്യയെ ആരാവും നയിക്കുകയെന്നത് സംബന്ധിച്ച ചർച്ചകൾക്കും തുടക്കമായിരിക്കുകയാണ്. പല താരങ്ങളുടെയും പേരുകൾ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്നുവരുന്നുണ്ട്. മുൻ താരവും കോച്ചുമായിരുന്ന രവിശാസ്ത്രി നായകസ്ഥാനത്തേക്ക് മുന്നോട്ടുവെച്ചത് രണ്ട് യുവതാരങ്ങളുടെ പേരാണ്. ഇവർക്ക് പ്രായത്തിന്‍റെ ആനുകൂല്യവുമുണ്ടെന്നും ആരെങ്കിലും ഒരാൾ ടെസ്റ്റ് ക്യാപ്റ്റനാകുന്നതാകും നല്ലതെന്നുമാണ് രവിശാസ്ത്രിയുടെ നിഗമനം.

ശുഭ്മാൻ ഗില്ലിന്‍റെയും റിഷഭ് പന്തിന്‍റെയും പേരാണ് രവിശാസ്ത്രി നായകസ്ഥാനത്തേക്ക് നിർദേശിക്കുന്നത്. ഇരുവർക്കും ഐ.പി.എല്ലിൽ ടീമിനെ നയിച്ച് പരിചയമുണ്ടെന്നും അദ്ദേഹം പറയുന്നു. 'ശുഭ്മാൻ ഗിൽ വളരെ മികച്ചൊരു ഓപ്ഷനാണെന്ന് ഞാൻ പറയും. അദ്ദേഹത്തിന് ഒരു അവസരം കൊടുക്കൂ. 25 വയസ് മാത്രമേയുള്ളൂ. അല്ലെങ്കിൽ റിഷഭ് പന്ത് ഉണ്ട്. ഇവർ രണ്ട് പേരെയുമാണ് ഞാൻ മുന്നോട്ടുവെക്കുക. പ്രായം പരിഗണിക്കുമ്പോൾ അവർക്ക് ഇനിയും ഒരു പതിറ്റാണ്ട് മുന്നിലുണ്ട്. അതിനാൽ അവർക്ക് പഠിക്കാൻ അവസരം നൽകൂ. അവർക്ക് നായകരായി അനുഭവസമ്പത്തുണ്ട്. ഐ.പി.എൽ ടീമുകളെ നയിക്കുന്നതുകൊണ്ടുള്ള മെച്ചമുണ്ട്' -രവിശാസ്ത്രി ചാനൽ പരിപാടിക്കിടെ പറഞ്ഞു.

ജസ്പ്രീത് ബുംറയെയും താൻ ക്യാപ്റ്റനായി കാണുന്നുണ്ടെങ്കിലും നിരന്തരം പരിക്കുകളാൽ പ്രയാസപ്പെടുന്ന ബുംറയുടെ മേൽ അധിക ചുമതല നൽകി സമ്മർദം കൊടുക്കേണ്ടെന്നാണ് രവിശാസ്ത്രിയുടെ വാദം. ബുംറയെ ക്യാപ്റ്റനാക്കിയാൽ അദ്ദേഹത്തിലെ ബൗളറെ നമുക്ക് നഷ്ടമായേക്കും -ശാസ്ത്രി പറഞ്ഞു.

ക്യാപ്റ്റൻ രോഹിത് ശർമയുടെയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും വിരമിക്കലിന് ശേഷം ഇന്ത്യ അടുത്തതായി ഇംഗ്ലണ്ടിനെതിരെയാണ് ടെസ്റ്റ് കളിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരക്ക് ജൂൺ 20ന് തുടക്കമാകും. അതിന് മുമ്പ് ഇന്ത്യക്ക് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടതുണ്ട്.

Tags:    
News Summary - These two are the obvious ones I'm looking at because of their age Ravi Shastri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.