പതിനഞ്ചു വർഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. 124 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 93 റൺസിൽ എറിഞ്ഞിട്ടു, പ്രോട്ടീസിന് 30 റൺസിന്‍റെ ഗംഭീര ജയം.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ 2012നു ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത്. ഈ നൂറ്റാണ്ടിൽ ഇന്ത്യയുടെ ഏറ്റവും വലിയ നാണംകെട്ട തോൽവികളിലൊന്നും. നായകൻ ശുഭ്മൻ ഗില്ലിനെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ പത്തു ബാറ്റർമാരുമായാണ് ഇന്ത്യ കളിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സിമോൺ ഹാർമറാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യയെ തകർത്തത്. ആദ്യ ഇന്നിങ്സിലും താരം നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.
നായകൻ തെംബ ബാവുമയുടെ അപരാജിത ചെറുത്തുനിൽപ്പാണ് പ്രോട്ടീസിനെ രണ്ടാം ഇന്നിങ്സിൽ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 136 പന്തിൽ 55 റൺസെടുത്ത താരം പുറത്താകാതെ നിന്നു. ബാവുമക്കു കീഴിൽ ദക്ഷിണാഫ്രിക്ക കളിച്ച അവസാന 11 ടെസ്റ്റ് മത്സരങ്ങളിൽ ടീം തോൽവി അറിഞ്ഞിട്ടില്ല. 10 ടെസ്റ്റുകൾ ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞു. ആസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ജയം ഉൾപ്പെടെയാണിത്. ഇതോടെ ഒരു മത്സരം പോലും തോൽക്കാതെ അതിവേഗം 10 ടെസ്റ്റുകൾ ജയിക്കുന്ന നായകനെന്ന ചരിത്ര നേട്ടം ബാവുമ സ്വന്തമാക്കി.
തോൽവിയോടെ ലോക ടെസ്റ്റ് ചാമ്പ്യഷിപ് പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. യഥാക്രമം ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങളിൽ. ഇന്ത്യക്കു ചേസ് ചെയ്യാൻ കഴിയാതെ പോയ ഏറ്റവും ചെറിയ രണ്ടാമത്ത വിജയലക്ഷ്യമാണിത്. 1997ൽ വെസ്റ്റിൻഡീസിനെതിരെ 120 റൺസ് വിജയലക്ഷ്യം പിന്തുടർന്നു ജയിക്കാൻ സാധിക്കാത്തതാണ് ഇന്ത്യയുടെ വമ്പൻ തോൽവി. മത്സരത്തിലേക്ക് വന്നാൽ 31 റൺസെടുത്ത വാഷിങ്ടൻ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അക്ഷർ പട്ടേൽ 26 റൺസെടുത്തു. കൂടാതെ, ധ്രുവ് ജുറേൽ (13), രവീന്ദ്ര ജദേജ (18) എന്നിവർ മാത്രാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്.
യശസ്വി ജയ്സ്വാൽ (പൂജ്യം), കെ.എൽ. രാഹുൽ (ആറു പന്തിൽ ഒന്ന്), ഋഷഭ് പന്ത് (13 പന്തിൽ രണ്ട്), കുൽദീപ് യാദവ് (13 പന്തിൽ ഒന്ന്), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. റണ്ണൊന്നും എടുക്കാതെ ജസ്പ്രീത് ബുംറ പുറത്താകാതെ നിന്നു. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 22ന് ഗുവാഹത്തിയിൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.