‘ധോണിക്ക് വിശ്രമിക്കാനുള്ള സമയമായി...’; ഇതിഹാസതാരം വിരമിക്കണമെന്ന് ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് ഹീറോ

ചെന്നൈ: വെറ്ററൻ താരം എം.എസ്. ധോണി സീസണൊടുവിൽ ഐ.പി.എല്ലിൽനിന്ന് വിരമിക്കുമോ? അതോ അടുത്ത സീസണിലും തുടരുമോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചോദ്യങ്ങളിലൊന്ന്.

താരവും ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്‍റും വിഷയത്തിൽ ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടില്ല. സീസണിൽ മോശം ഫോമിലുള്ള ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ ടീം കളിക്കാനെത്തിയത്. എന്നാൽ, നായകൻ ഋതുരാജ് ഗെയ്ക്വാദിന്‍റെ പരിക്കും സൂപ്പർ താരങ്ങളുടെ മോശം ഫോമും ഫിനിഷിങ്ങിലെ അഭാവവുമാണ് ടീമിന് തിരിച്ചടിയായത്. ധോണിയും നിരാശപ്പെടുത്തി.

പഴയ പ്രതാപത്തിന്‍റെ നിഴൽ മാത്രമായിരന്നു ധോണി. കാൽമുട്ടിലെ പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും താരത്തെ അലട്ടുന്നുണ്ട്. നിർണായക മത്സരങ്ങളിലും ബാറ്റിങ് ഓർഡറിൽ അവസാനമാണ് താരം കളിക്കാനിറങ്ങിയത്. ഇതിനിടയിലും താരം ഐ.പി.എൽ 2026 സീസണിലും കളിക്കുമെന്ന അഭ്യൂഹവും പുറത്തുവരുന്നുണ്ട്. എന്നാൽ, മുൻതാരങ്ങൾ ഉൾപ്പെടെ ധോണി വിരമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

‘ഐ.പി.എൽ സീസൺ അവസാനിക്കുന്നതോടെ എന്‍റെ ശരീരത്തിന് ഈ സമ്മർദം താങ്ങാൻ കഴിയുമോ എന്ന് നോക്കുന്നതിന് അടുത്ത എട്ടുമാസം കഠിനമായി ശ്രമിക്കും, ഇപ്പോൾ ഒന്നും പറയാനാകില്ല’ -ധോണി അടുത്തിടെ പറഞ്ഞിരുന്നു.

എന്നാൽ, ധോണിക്ക് വിശ്രമിക്കാനുള്ള സമയമായെന്നാണ് 2007 ട്വന്‍റി20 ലോകകപ്പ് ഫൈനൽ ഹീറോ ജോഗീന്ദർ ശർമയുടെ വാദം. ‘മഹിയുടെ (ധോണി) ഫിറ്റ്നസ് ലെവൽ കണക്കിലെടുക്കുമ്പോൾ വിശ്രമിക്കാനുള്ള സമയമായി’ -ജോഗീന്ദർ വാർത്ത ഏജൻസി എ.എൻ.ഐയോട് പറഞ്ഞു. ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെ ധോണിയാണ് ടീമിനെ നയിക്കുന്നത്.

സീസണിൽ 12 മത്സരങ്ങളിൽനിന്ന് ഇതുവരെ മൂന്നെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം ഒരുപോലെ പരാജയപ്പെടുന്നതാണ് കണ്ടത്. 2007ൽ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്‍റി 20 ലോകകപ്പ് ഫൈനലില്‍ പാകിസ്താന്റെ അവസാന വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ഹീറോയായത് ജോഗീന്ദര്‍ ശർമയാണ്. മിസ്‌ബാഹുൽ ഹഖും മുഹമ്മദ് ആസിഫും ക്രീസില്‍ നിൽക്കെ അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ ജോഗീന്ദറായിരുന്നു മിസ്‌ബാഹിനെ മലയാളി താരം എസ്. ശ്രീശാന്തിന്‍റെ കൈകളില്‍ എത്തിച്ച് ഇന്ത്യക്ക് അഞ്ച് റൺസിന്റെ വിജയവും കിരീടവും സമ്മാനിച്ചത്.

ഐ.പി.എല്ലിന്‍റെ ആദ്യ നാല് സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ താരമായിരുന്നു. 16 മത്സരങ്ങളില്‍ 12 വിക്കറ്റാണ് സമ്പാദ്യം. 2017ൽ വിജയ് ഹസാരെ ട്രോഫിയില്‍ ഹരിയാനക്കായിട്ടായിരുന്നു അവസാനമായി മത്സര ക്രിക്കറ്റില്‍ കളിച്ചത്.

Tags:    
News Summary - T20 World Cup Final Hero Advises Dhoni To Retire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.