കോഹ്‌ലിയുമല്ല, സചിനുമല്ല; ഏറ്റവും മികച്ച ക്രിക്കറ്റ് താരം ആരെന്ന വെളിപ്പെടുത്തലുമായി ബ്രെറ്റ് ലീ

ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച താരം ആരെന്ന ചർച്ചകളിൽ തന്റെ നിലപാട് വ്യക്തമാക്കി മുൻ ആസ്‌ട്രേലിയൻ ഇതിഹാസ പേസർ ബ്രെറ്റ് ലീ. ഇന്ത്യൻ ഇതിഹാസം സചിൻ ടെണ്ടുൽക്കറെ എക്കാലത്തെയും മികച്ച ബാറ്ററായി തെരഞ്ഞെടുത്ത ലീ, ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജാക്ക്​ കാലിസിനെയാണ് ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി വിശേഷിപ്പിച്ചത്.

310 ടെസ്റ്റ് വിക്കറ്റുകളും 380 ഏകദിന വിക്കറ്റുകളും 28 ടി20 വിക്കറ്റുകളുമെന്ന മികച്ച റെക്കോർഡോടെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച താരമാണ് ലീ. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച കണക്കുകൾ കാലിസിന്റേതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

1995 മുതൽ 2014 വരെ ദക്ഷിണാഫ്രിക്കക്കായി കളിച്ച കാലിസ്, ടെസ്റ്റിൽ 13,289 റൺസും ഏകദിനത്തിൽ 11,579 റൺസും നേടിയിട്ടുണ്ട്. കൂടാതെ 292 ടെസ്റ്റ് വിക്കറ്റുകളും 273 ഏകദിന വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. 25 ടി20 മത്സരങ്ങളിൽ നിന്ന് 666 റൺസും 12 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. മറുവശത്ത്, 24 വർഷത്തോളം ഇന്ത്യക്കായി പാഡണിഞ്ഞ സചിൻ ടെണ്ടുൽക്കർ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരുടെ പട്ടികയിൽ ഒന്നാമതാണ്.

"ക്രിക്കറ്റ് കളിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ബാറ്റർ സചിൻ ടെണ്ടുൽക്കറാണെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഏറ്റവും മികച്ച ക്രിക്കറ്റർ എന്റെ അഭിപ്രായത്തിൽ ജാക്വസ് കാലിസാണ്. അദ്ദേഹത്തിന്റെ സ്റ്റാറ്റ്സ് പരിശോധിച്ചാൽ ലോകത്തെ ഏറ്റവും മികച്ച കണക്കുകൾ അദ്ദേഹത്തിന്റേതാണെന്ന് കാണാം. കണക്കുകൾ ഒരിക്കലും കള്ളം പറയില്ല, അതവിശ്വസനീയമാണ്," 'ദ രൺവീർ ഷോ'യിൽ സംസാരിക്കവെ ലീ പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെ നീണ്ട തന്റെ അന്താരാഷ്ട്ര കരിയറിൽ സചിൻ കാലിസിനുമെതിരെ നിരവധ തവണ കളത്തിലിറങ്ങിയ ബ്രെറ്റ് ലീ, ഇരുവരെയും പുറത്താക്കുന്നതിൽ മികച്ച വിജയവും നേടിയിട്ടുണ്ട്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കാലിസിനൊപ്പം ഡ്രസ്സിങ് റൂം പങ്കിടാനും ലീക്ക് സാധിച്ചു. ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ 2012-ൽ കെ.കെ.ആർ കിരീടം ചൂടുമ്പോൾ ഇരുവരും ടീമിലുണ്ടായിരുന്നു.

തന്റെ കരിയറിന്റെ അവസാന നാളുകളിൽ താൻ നേരിട്ട വിരാട് കോഹ്‌ലിയെക്കുറിച്ചും മുൻ ഓസീസ് പേസർ വാചാലനായി. ഭാവിയിൽ കോഹ്‌ലി ഒരു വലിയ താരമായി മാറുമെന്ന് താൻ അന്നുതന്നെ ഉറപ്പിച്ചിരുന്നതായി ലീ പറഞ്ഞു.

"അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ, അത് നേരെ നിങ്ങളിലേക്കാണ് നോക്കുന്നത്. 'ഗെയിം ഓൺ ആണ്, നിങ്ങൾക്ക് എന്നെ ഔട്ടാക്കാൻ കഴിയില്ല' എന്ന ഭാവമാണത്. ഞാൻ അവനെതിരെ കളിച്ചപ്പോൾ അത് കണ്ടിട്ടുണ്ട്. അവൻ ഇപ്പോഴും അതേ കടുവയാണ്. ഇതുവരെ നേടിയ നേട്ടങ്ങളിൽ അവൻ തീർച്ചയായും അഭിമാനിക്കുന്നുണ്ടാകും. ആളുകൾക്ക് എന്ത് വേണമെങ്കിലും ചിന്തിക്കാം. ഒരു കളിയിൽ അവന് തിളങ്ങാൻ കഴിഞ്ഞില്ലെങ്കിൽ, അവൻ മോശം ഫോമിലാണെന്ന് പറയുന്നത് വെറും അസംബന്ധമാണ്. അവന്റെ റെക്കോർഡുകളൊന്ന് പരിശോധിച്ചു നോക്കൂ, അതിൽ ഒരു പോരായ്മയുമില്ല, അതവിശ്വസനീയമാണ്," ലീ കൂട്ടിച്ചേർത്തു.

Tags:    
News Summary - Brett Lee Reveals His Picks for the Greatest Cricketers of All Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.