ചെന്നൈ: 2001-ലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസ് ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോയെ ടോസിന് കാത്തുനിർത്തിയ സംഭവത്തിൽ അന്നത്തെ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിക്കെതിരെ രസകരമായ പ്രതികരണവുമായി മുൻ ഇന്ത്യൻ പേസർ ജവഗൽ ശ്രീനാഥ്. അന്ന് താനായിരുന്നു മാച്ച് റഫറിയെങ്കിൽ ആ പ്രവൃത്തിക്ക് ഗാംഗുലിക്ക് ചില മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയേനെ എന്ന് ശ്രീനാഥ് പറഞ്ഞു. ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ 2-1ന് സ്വന്തമാക്കിയ ആ പരമ്പരയിൽ ആസ്ട്രേലിയൻ ടീമിനെയും ക്യാപ്റ്റനെയും മാനസികമായി തളർത്താൻ ഗാംഗുലി പ്രയോഗിച്ച തന്ത്രമായാണ് ടോസ് വൈകിപ്പിച്ച സംഭവം പിന്നീട് വിലയിരുത്തപ്പെട്ടത്. ജേഴ്സിക്ക് മേലെ ധരിക്കുന്ന ഓവർ കോട്ട് ധരിക്കാൻ കഴിയാത്തതിനാലാണ് താൻ വൈകിയതെന്നായിരുന്നു ഗാംഗുലിയുടെ വിശദീകരണം. എന്നാൽ ഈ സംഭവത്തെ വിമർശിക്കുമ്പോഴും ഗാംഗുലിയുടെ മികച്ച നേതൃപാടവത്തെ പ്രശംസിക്കാൻ ശ്രീനാഥ് മറന്നില്ല. യുവ്‌രാജ് സിങ്, ഹർഭജൻ സിങ്, വീരേന്ദർ സെവാഗ് തുടങ്ങിയ യുവതാരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണെന്ന് ശ്രീനാഥ് ചൂണ്ടിക്കാട്ടി.
1990-കളുടെ അവസാനത്തിലുണ്ടായ ഒത്തുകളി വിവാദങ്ങൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ശുദ്ധമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കാൻ ഓരോ കളിക്കാരനും ദൃഢനിശ്ചയമെടുത്തു. 1999 മുതലാണ് വിദേശ മണ്ണിൽ ഇന്ത്യ വിജയങ്ങൾ ശീലമാക്കി തുടങ്ങിയതെന്നും ശ്രീനാഥ് ഓർത്തെടുത്തു.
2003-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്യണമെന്നായിരുന്നു തന്റെയും ടീമിലെ മറ്റ് ചിലരുടെയും അഭിപ്രായമെന്നും എന്നാൽ ക്യാപ്റ്റൻ ഗാംഗുലിയുടെ തീരുമാനം മറ്റൊന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുത്തുകഴിഞ്ഞാൽ പിന്നെ മുന്നോട്ട് പോവുകയേ വഴിയുണ്ടായിരുന്നുള്ളൂ, എങ്കിലും അന്ന് ഓസ്‌ട്രേലിയൻ ടീം വളരെ ശക്തരായിരുന്നുവെന്നും ശ്രീനാഥ് കൂട്ടിച്ചേർത്തു.
മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ ദേശീയ ടീമിലേക്ക് ശുപാർശ ചെയ്തതിനെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. എം.ആർ.എഫ് പേസ് ഫൗണ്ടേഷനുവേണ്ടി എയർ ഇന്ത്യക്കെതിരെ ആറ് വിക്കറ്റ് വീഴ്ത്തിയ സഹീറിനെ സെലക്ടറായ ചന്തു ബോർഡെയ്ക്കാണ് ശ്രീനാഥ് നിർദേശിച്ചത്. സഹീർ ടീമിലെത്തിയാൽ ശ്രീനാഥിന്റെ സ്ഥാനം നഷ്ടമാകില്ലേ എന്ന് ബോർഡെ തമാശയായി ചോദിച്ചപ്പോൾ, "അവൻ എന്നേക്കാൾ മികച്ചവനാണെങ്കിൽ എന്റെ സ്ഥാനം അവൻ എടുക്കട്ടെ" എന്നായിരുന്നു തന്റെ മറുപടിയെന്നും ശ്രീനാഥ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.