'ഐ.പി.എല്ലിൽ ഇനി ഡിജെയും ഡാൻസും വേണ്ട'; ഐ.പി.എൽ പുനരാരംഭിക്കുമ്പോൾ ഗവാസ്കറിന്‍റെ ഉപദേശം

ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾക്കിടയിൽ നിർത്തിവെച്ച് ഐ.പി.എൽ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പ് നിലവിൽ നടക്കുകയാണ്. ഒരാഴ്ച നിർത്തവെച്ചതിന് ശേഷം ഏപ്രിൽ 17ന് ആണ് ഐ.പി.എൽ വീണ്ടും തുടങ്ങുന്നത്. 25ന് നടത്താൻ ഇരിക്കുന്ന ഐ.പി.എൽ ഫൈനൽ ഇതോടെ ജൂൺ മൂന്നിലേക്ക് മാറ്റി. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.

ഇതിനിടെ ഐ.പി.എൽ തിരിച്ചുവരുമ്പോൾ കശ്മീരിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളെത്തുടർന്ന് ദുഃഖിതരായ കുടുംബങ്ങളുടെ വികാരങ്ങളെ മാനിച്ച് മത്സരങ്ങളിൽ ശാന്തമായ അന്തരീക്ഷം നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്‍റേറ്ററുമായ സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടു.

'ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ഞാൻ കാണാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഏതാണ്ട് 60 മത്സരങ്ങൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ഇനി ഏതാനും മത്സരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. 15-16 മത്സരങ്ങളാകും ഇനിയും നടക്കാനുള്ളത്. പ്രിയപ്പെട്ടവരെ നഷ്ട‌മായവർ ഉൾപ്പെടെ ഈ ഘട്ടത്തിൽ വേദനിക്കുന്ന ആളുകളെ പരിഗണിച്ച് പാട്ടും കൂത്തും ഉൾപ്പെടെ ഒഴിവാക്കണമെന്നാണ് എന്റെ ആഗ്രഹം. ഓവറുകൾക്കിടെയുള്ള ഡിജെയും നൃത്തങ്ങളുമെല്ലാം ഒഴിവാക്കുന്നതാകും ഉചിതം. തൽക്കാലം മത്സരങ്ങൾ മാത്രം നടക്കട്ടെ. ആളുകൾ വന്ന് മത്സരങ്ങൾ കാണട്ടെ. നിർത്തിവച്ച ടൂർണമെന്‍റിന്‍റെ ബാക്കി ഭാഗം വിജയകരകമായിത്തന്നെ നടക്കട്ടെ. അതിനിടയ്ക്ക് ചിയർ ഗേൾസ് ഉൾപ്പെടെ വേണോ എന്നാണ് ഞാൻ ചോദിക്കുന്നത് പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദനയോടു ചേർന്നുനിൽക്കാൻ അതാണ് ഏറ്റവും ഉചിതം. ക്രിക്കറ്റ് മാത്രം മതി എന്നു തീരുമാനിക്കണം,' ഗാവസ്‌കർ പറഞ്ഞു.

അതേസമയം അന്താരാഷ്ട മത്സരങ്ങൾ ആരംഭിക്കുന്നത് മൂലം ഒരുപിടി വിദേശ താരങ്ങൾ ഐ.പി.എൽ പ്ലേ ഓഫ് ആരംഭിക്കുന്നതിന് മുമ്പ് അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുവാനുള്ള സാധ്യതകളുണ്ട്.

Tags:    
News Summary - sunil gavaskar Say there should be no Dj and Dance during rescheduled ipl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.