പരിശീലന മത്സരം കളിക്കാത്തത് വിനയായി; ഇന്ത്യയുടെ ടെസ്റ്റ് തോൽവിയിൽ വിമർശനവുമായി ഗവാസ്കർ

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിൽ മൂന്നാംദിനം തന്നെ ഇന്ത്യ ദയനീയമായി കീഴടങ്ങിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നിങ്സിനും 32 റൺസിനുമായിരുന്നു ലോക ഒന്നാം നമ്പർ ടീമിന്‍റെ തോൽവി. ടെസ്റ്റ് പരമ്പരക്കുള്ള ടീമിന്‍റെ തയാറെടുപ്പിലെ പോരായ്മകളാണ് തോൽവിക്കു കാരണമെന്ന് ക്രിക്കറ്റ് പണ്ഡിറ്റുകൾ ചൂണ്ടിക്കാട്ടുന്നു. പരിശീലന മത്സരം പോലും കളിക്കാതെയാണ് രോഹിത് ശർമയും സംഘവും ടെസ്റ്റ് കളിക്കാനിറങ്ങിയത്.

ഇന്ത്യൻ താരങ്ങൾ തന്നെ പരസ്പരം കളിച്ചാണ് രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് തയാറെടുത്തത്. ഇൻട്ര സ്ക്വാഡ് മത്സരം ഒരു തമാശയാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പരിഹസിക്കുന്നു. പരമ്പരക്കു മുന്നോടിയായി ഫസ്റ്റ് ക്ലാസ് പരിശീലന മത്സരം കളിക്കാത്ത രോഹിത് ശർമയെയും ഇന്ത്യൻ ടീം മാനേജ്മെന്‍റിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ‘തോൽവിയുടെ കാരണങ്ങൾ വ്യക്തമാണ് -നിങ്ങൾ ഇവിടെ മത്സരങ്ങളൊന്നും കളിച്ചില്ല. തയാറെടുപ്പില്ലാതെ നേരിട്ട് ടെസ്റ്റ് മത്സരം കളിച്ചാൽ ജയിക്കില്ല. അതെ, ഇന്ത്യ എ ടീമിനെ അയച്ചു. ഇന്ത്യ എ ടീം യഥാർഥത്തിൽ പര്യടനത്തിന് മുമ്പ് എത്തണമായിരുന്നു’ -ഗവാസ്കർ സ്റ്റാർ സ്പോർട്സ് ചാനലിനോട് പറഞ്ഞു.

ഇവിടെ എത്തിയതിനുശേഷം പരിശീലന മത്സരം കളിക്കണമായിരുന്നു. ഇൻട്ര സ്ക്വാഡ് ഒരു തമാശയാണ്. കാരണം ഫാസ്റ്റ് ബൗളർമാർ സ്വന്തം ടീമിലെ ബാറ്റർമാർക്കുനേരെ വളരെ വേഗത്തിൽ പന്തെറിയുമോ, അവർ ബൗൺസറുകൾ എറിയുമോ, സഹതാരങ്ങളായ ബാറ്റർമാർക്ക് പരിക്കേൽക്കുമെന്ന ഭയം അവരെ അലട്ടുമെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു. ഫസ്റ്റ് ക്ലാസ് ടെസ്റ്റ് പരിശീലനം കളിക്കാത്തതിന് ടീം മാനേജ്‌മെന്റ് പലപ്പോഴും പറയുന്ന വാദം പരിശീലന പിച്ചുകളും മത്സരം നടക്കുന്ന പിച്ചുകളും തമ്മിലുള്ള വ്യത്യാസമാണ്. എന്നാൽ, പരിശീലന മത്സരങ്ങൾ വളരെ നിർണായകമാണെന്നും യുവ താരങ്ങൾക്ക് തയാറെടുപ്പിന് അവസരം നൽകുമെന്നും ഗവാസ്കർ വ്യക്തമാക്കുന്നു.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയാണ് ഒന്നാം ടെസ്റ്റിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്. രണ്ടാം ഇന്നിങ്സിലും ആതിഥേയരുടെ തീതുപ്പുന്ന ബൗളിങ്ങിനു മുന്നിൽ ഇന്ത്യൻ ബാറ്റർമാർ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞു. സൂപ്പർബാറ്റർ വിരാട് കോഹ്ലി മാത്രമാണ് ഒരറ്റത്ത് പിടിച്ചുനിന്നത്. 82 പന്തിൽ ഒരു സിക്സും 12 ഫോറുമടക്കം 76 റൺസെടുത്ത താരം പത്താമനായാണ് പുറത്തായത്. നാലു വീക്കറ്റ് വീഴ്ത്തിയ നാന്ദ്രെ ബർഗറാണ് ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നട്ടെല്ല് തകർത്തത്.

നേരത്തേ ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സ് എടുത്തിരുന്നു. 163 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ആതിഥേയർ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 34.1 ഓവറിൽ 131 റൺസിന് ഓൾ ഔട്ടായി. രണ്ടു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. ജനുവരി മൂന്നിന് കേപ്ടൗണിലാണ് രണ്ടാം ടെസ്റ്റ്.

Tags:    
News Summary - Sunil Gavaskar Rips Into Rohit Sharma-Led Indian Cricket Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.