147 വർഷത്തിനിടെ ആദ്യം! ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കി ലങ്കൻ ബാറ്റർ

മിര്‍പൂര്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി ശ്രീലങ്കയുടെ കാമിന്ദു മെൻഡിസ്. ഒരു ടെസ്റ്റിന്‍റെ രണ്ട് ഇന്നിങ്സിലും ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡാണ് ലങ്കൻ താരം സ്വന്തമാക്കിയത്.

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിനം ലങ്കക്കായി രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടിയതോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്. 237 പന്തിൽ 164 റൺസെടുത്താണ് മെൻഡിസ് പുറത്തായത്. ഒന്നാം ഇന്നിങ്സിൽ 127 പന്തിൽ 102 റൺസെടുത്തിരുന്നു. ലങ്കക്കായി നായകൻ ധനഞ്ജയ ഡിസില്‍വയും രണ്ടു ഇന്നിങ്സുകളിലും സെഞ്ച്വറിയുമായി തിളങ്ങി. 102, 108 റൺസ് എന്നിങ്ങനെയാണ് താരത്തിന്‍റെ രണ്ടു ഇന്നിങ്സുകളിലെയും സ്കോർ.

രണ്ടു ഇന്നിങ്സുകളിലുമായി സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ജോഡികൾ മാത്രമാണ് മെൻഡിസും ധനഞ്ജയ ഡിസില്‍വയും. ഗ്രെഗ് ചാപ്പൽ-ഇയാൻ ചാപ്പൽ (ആസ്ട്രേലിയ), മിസ്ബാഹുൽ ഹഖ്-അസ്ഹർ അലി (പാകിസ്താൻ) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ബാറ്റർമാർ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് എന്ന നിലയിലാണ്. ജയത്തിലേക്ക് ഇനിയും 464 റൺസ് വേണം.

ലങ്ക രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റിന് 126 റൺസ് എന്ന നിലയിലേക്ക് തകർന്നെങ്കിലും ഡിസില്‍വയും മെന്‍ഡിസും ഒന്നാം ഇന്നിങ്സിനു സമാനമായി വീണ്ടും രക്ഷക്കെത്തി. ഏഴാം വിക്കറ്റിൽ ഇരുവരും 173 റൺസാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. ആദ്യ ഇന്നിങ്സില്‍ അഞ്ചിന് 57 റൺസെന്ന സ്കോറിലേക്ക് വീണ ലങ്കയെ കരകയറ്റിയത് മെന്‍ഡിസും ധനഞ്ജയ ഡിസില്‍വയും ചേര്‍ന്നാണ്. ഇരുവരും ചേർന്ന് 202 റൺസാണ് നേടിയത്.

Tags:    
News Summary - Sri Lanka Batter Makes History With Massive Achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.