ന്യൂഡൽഹി: മലയാളി പേസർ എസ്. ശ്രീശാന്ത് ഉൾപ്പെട്ട ദശാബ്ദത്തിലധികം പഴക്കമുള്ള ഇൻഷുറൻസ് കേസ് സുപ്രീംകോടതിയിൽ. 2012ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ശ്രീശാന്ത് കളിച്ചിരുന്ന രാജസ്ഥാൻ റോയൽസ് 82 ലക്ഷം രൂപ ക്ലെയിം ചെയ്ത സംഭവമാണ് വർഷങ്ങൾക്കു ശേഷം സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്.
റോയല്‍സിന് തുക അനുവദിക്കണമെന്ന ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്റെ വിധിക്കെതിരെ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
പരിക്കേറ്റ ശ്രീശാന്ത് 2012ൽ കളിക്കാത്തതിനെത്തുടർന്നാണ് ടീം തുക ക്ലെയിം ചെയ്തത്. എന്നാല്‍, ആവശ്യം കമ്പനി തള്ളി. ശ്രീശാന്തിന് നേരത്തേ തന്നെ കാല്പാദത്തിന് പരിക്കുണ്ടായിരുന്നെന്നും അതാണ് ടീമിൽ പുറത്താവാൻ കാരണമെന്നും യുനൈറ്റഡ് ഇന്ത്യ വാദിച്ചു. വിവരം താരം മറച്ചുവെച്ചെന്നും ഇവർ കുറ്റപ്പെടുത്തി. കാല്പാദത്തിന്റെ പരിക്കല്ല, പരിശീലനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതിനാലാണ് കളിക്കാനാവാത്തതെന്ന് റോയൽസും വാദിച്ചു.
ഒടുവിൽ ടീമിന് അനുകൂലമായി ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് വിധി പുറപ്പെടുവിച്ചു. ഇന്‍ഷുറന്‍സ് കമ്പനിയോട് പണം കൈമാറാനും നിര്‍ദേശിക്കുകയുണ്ടായി. ഇത് ചോദ്യം ചെയ്താണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്. ശ്രീശാന്തിന്റെ പഴയ ഫിറ്റ്നസ് സർട്ടിഫിക്കറ്റുൾപ്പെടെ രേഖകൾ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാം പരിശോധിച്ച ശേഷം അന്തിമവിധി പ്രസ്താവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.