സ്മൃതി മന്ദാന പലാഷ് മുച്ഛലിനൊപ്പം

‘അവൾ ഇന്ദോറിന്‍റെ മരുമകളാകും’; സ്മൃതി മന്ദാനയുമായി വിവാഹം ഉടനെന്ന് പലാഷ് മുച്ഛൽ

ഇന്ദോർ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുമായുള്ള വിവാഹം ഉടനുണ്ടാകുമെന്ന് ബോളിവുഡ് കംപോസറും സംവിധായകനുമായ പലാഷ് മുച്ഛൽ. ഇന്ദോറിലെ സ്റ്റേറ്റ് പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രസകരമായ മറുപടിയിലൂടെയാണ് പലാഷ് ഇക്കാര്യം പറഞ്ഞത്. ‘അവൾ വൈകാതെ ഇന്ദോറിന്‍റെ മരുമകളാകും. ഇപ്പോൾ അതേ പറയാനുള്ളൂ. നിങ്ങൾക്കുള്ള വാർത്ത ഞാൻ തരാം’ -എന്നിങ്ങനെയായിരുന്നു പലാഷിന്‍റെ മറുപടി.

ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ദീർഘനാളായി തുടരുന്നതിനിടെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് 30കാരനായ പലാഷ് രംഗത്തു വരുന്നത്. പലാഷും സഹോദരി പലക് മുച്ഛലും ചേർന്ന് നിരവധി ബോളിവുഡ് ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. സാമൂഹ്യസേവന രംഗത്തെ പ്രവർത്തനത്തിലൂടെയും ഇരുവരും ശ്രദ്ധേയരാണ്. നിർധനരായ കുട്ടികളെ സഹായിക്കാനായി പണം സ്വരൂപിക്കാൻ വിവിധയിടങ്ങളിൽ ഇവർ മ്യൂസിക് ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്.

2014ൽ ദിഷ്കിയാവൂൻ എന്ന ചിത്രത്തിലൂടെയാണ് പലാഷ് ബോളിവുഡ് കംപോസിങ്ങിൽ അരങ്ങേറ്റം കുറിച്ചത്. അവിക ഗോർ, ചന്ദൻ റോയ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘രാജു ബജവേല’ എന്ന ചിത്രത്തിലൂടെ സംവിധായകാനാൻ ഒരുങ്ങുകയാണ് പലാഷ്. രാജ്പാല്‍ യാദവും റുബീന ദിലകും അഭിനയിച്ച അർഥ് എന്ന വെബ്സീരിസും പലാഷ് സംവിധാനം ചെയ്തിട്ടുണ്ട്. ഈ സീരിസിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരവും നേടി.

പലാഷിന് പിറന്നാള്‍ ആശംസ നേര്‍ന്ന് സ്മൃതി നേരത്തെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും തങ്ങളുടെ പ്രണയത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചിരുന്നു. വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു കിരീടം നേടിയപ്പോള്‍ സ്മൃതിയെ അഭിനന്ദിക്കാന്‍ പലാഷും സ്റ്റേഡിയത്തിലെത്തിയിരുന്നു, സ്മൃതിക്കൊപ്പം കിരീടം പിടിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. മൂന്ന് വര്‍ഷം മുമ്പ് നടന്ന പലകിന്റെ വിവാഹത്തില്‍ സ്മൃതി പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

അതേസമയം 16-ാം വയസ്സിൽ ദേശീയ ടീമിലെത്തിയ സ്മൃതി മന്ദാന, നിലവിൽ ഇന്ത്യയുടെ വിശ്വസ്ത ഓപണറിങ് ബാറ്റർമാരിലൊരാളാണ്. ഇതിനകം നിരവധി ക്രിക്കറ്റ് റെക്കോഡുകൾ സ്വന്തം പേരിലാക്കിയ താരം വനിതാ ലോകകപ്പിലും മിന്നുന്ന ഫോമിലാണ്.

Tags:    
News Summary - Smriti Mandhana to marry Palash Muchhal, Bollywood composer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.