അഞ്ചു റൺസിന് അഞ്ചു വിക്കറ്റ്, കൊടുങ്കാറ്റായി സിറാജ്; കടപുഴകി ലങ്ക

കൊളംബോ: മൂന്നോവറിൽ അഞ്ചു റൺസിന് അഞ്ചു വിക്കറ്റ്. ഇതിൽ നാലും ഒരോവറിൽ. ബൗളിങ് എൻഡിൽ തീതുപ്പിയ മുഹമ്മദ് സിറാജിന്റെ അസാമാന്യപ്രകടനത്തിന്റെ പിൻബലത്തിൽ ഏഷ്യകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയുടെ അസ്തിവാരമിളക്കി ഇന്ത്യ. സ്കോർബോർഡിൽ കേവലം 12 റൺസുള്ളപ്പോഴാണ് ആറു മുൻനിര ബാറ്റ്സ്മാന്മാർ കൂടാരം കയറിയത്. മൂന്നാം പന്തിൽ വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറ തുടക്കമിട്ട പിച്ചിൽ സിറാജ് കൊടുങ്കാറ്റാവുകയായിരുന്നു. ഒരോവറിൽ നാലു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന വി​ശേഷണവും സിറാജ് സ്വന്തമാക്കി. കേവലം പത്തു പന്തുകൾക്കിടെയായിരുന്നു സിറാജിന്റെ അഞ്ചുവിക്കറ്റ് നേട്ടം. 

ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യ-ശ്രീലങ്ക ഫൈനൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തുടങ്ങേണ്ടതായിരുന്നു. മത്സരം മഴകാരണം 3.40നാണ് ആരംഭിച്ചത്. 3.1 ഓവർ പിന്നിടു​മ്പോഴേക്ക് ലങ്കൻ ഓപണർമാരെ പവലിയനിൽ തിരിച്ചെത്തിച്ച ഇന്ത്യ കളിയുടെ തുടക്കം പൂർണമായും തങ്ങളുടേതാക്കി. എട്ടു റൺസിന് രണ്ടു വിക്കറ്റെന്ന പരിതാപകരമായ നിലയിൽനിന്ന് വൻ തകർച്ചയിലേക്ക് പതിക്കുകയായിരുന്നു ലങ്കക്കാർ. 12 ഓവർ പിന്നിടുമ്പോൾ ഏഴുവിക്കറ്റിന് 39 റൺസെന്ന നിലയിലാണ് ലങ്ക.

കളി തുടങ്ങി മൂന്നാമത്തെ പന്തിൽ ലങ്കക്ക് കുശാൽ പെരേരയെ നഷ്ടമായി. ജസ്പ്രീത് ബുംറയുടെ പുറത്തേക്കൊഴുകിയ പന്തിന്റെ ഗതിയറിയാതെ ബാറ്റുവെച്ച പെരേരയെ വിക്കറ്റിനു പിന്നിൽ കെ.എൽ. രാഹുൽ സുന്ദരമായി കൈകളിലൊതുക്കുകയായിരുന്നു. 

നാലാമത്തെ ഓവറിലെ ആദ്യ പന്തിൽ പതും നിസ്സൻകയും (പൂജ്യം) മടങ്ങി. മുഹമ്മദ് സിറാജിന്റെ ലെങ്ത് ബാളിന് ബാറ്റുവെച്ച നിസ്സൻകയെ ജദേജ തകർപ്പൻ ക്യാച്ചിലൂടെ മടക്കിയയച്ചു. മൂന്നാം പന്തിൽ വീണ്ടും സിറാജിന്റെ പ്രഹരം. ഇക്കുറി സദീര സമരവിക്രമ (പൂജ്യം) വിക്കറ്റിനുമുന്നിൽ കുടുങ്ങി. റിവ്യൂ അപ്പീലിലും ലങ്കക്ക് ആശ്വസിക്കാൻ വകയുണ്ടായില്ല. ഈ ആഘാതം മാറുംമുമ്പെ അടുത്തത്. ചരിത അസലങ്കയെ നേരിട്ട ആദ്യപന്തിൽ ഇഷാൻ കിഷൻ പിടികൂടി. ലങ്ക എട്ടു​ റൺസിന് നാലു വിക്കറ്റ്.

സിറാജിന് ഹാട്രിക്കിനുള്ള അവസരവുമൊരുങ്ങി. ബൗണ്ടറിയോടെയാണ് ധനഞ്ജയ ഡിസിൽവ ആ ഭീഷണി ഒഴിവാക്കിയത്. എന്നാൽ, ആ സന്തോഷത്തിന് അൽപായുസ്സു മാത്രം. അടുത്ത പന്തിൽ ഡിസിൽവയുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റിനു പിന്നിൽ രാഹുലിന്റെ ഗ്ലൗസിൽ വിശ്രമിച്ചു. ലങ്ക 12 റൺസിന് അഞ്ച് വിക്കറ്റ്. കിരീടപ്രതീക്ഷയുമായി സ്വന്തം മണ്ണിലിറങ്ങിയവർക്ക് അമ്പേ ദയനീയമായ തുടക്കം. തന്റെ അടുത്ത ഓവറിലെ നാലാംപന്തിൽ ക്യാപ്റ്റൻ ദസുൻ ഷനകയെ റണ്ണെടുക്കുംമുമ്പെ ക്ലീൻ ബൗൾഡാക്കി അഞ്ചു വിക്കറ്റ് തികച്ച സിറാജ് കരിയറിലെ തകർപ്പൻ പ്രകടനങ്ങളിലൊന്നാണ് പുറത്തെടു​ത്തത്.

വിക്കറ്റുകൾ കൊഴിയുമ്പോഴും ഒരു വശത്ത് പിടിച്ചുനിന്ന കുശാൽ മെൻഡിസിനെയും (17) ഒടുവിൽ സിറാജ് തിരിച്ചയച്ചു. മെൻഡിസ് ക്ലീൻബൗൾഡാവുകയായിരുന്നു. ഇതോടെ വിക്കറ്റ് നേട്ടം ആറായി ഉയർന്നു. 

ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ മഹീഷ് തീക്ഷണക്കു പകരം ആതിഥേയർ ദുഷൻ ഹേമന്ദയെ ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യൻ നിരയിൽ പരിക്കേറ്റ അക്സർ പട്ടേലിന്റെ സ്ഥാനത്ത് വാഷിങ്ടൺ സുന്ദറാണ് ​േപ്ലയിങ് ഇലവനിൽ ഇടംപിടിച്ചത്.

ടീമുകൾ: ശ്രീലങ്ക: നിസ്സൻക, പെരേര, മെൻഡിസ്, സമരവിക്രമ, അസലങ്ക, ഡിസിൽവ, ഷനക, വെല്ലാലഗെ, ഹേമന്ദ, മധുഷൻ, പതിരന. ഇന്ത്യ: രോഹിത്, ഗിൽ, കോഹ്‍ലി, രാഹുൽ, ഇഷാൻ, പാണ്ഡ്യ, ജദേജ, വാഷിങ്ടൺ സുന്ദർ, ബുംറ, കുൽദീപ്, സിറാജ്.

Tags:    
News Summary - Bumrah gets Perera third ball after delayed start

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.