സഞ്ജു സാംസൺ, ശുഭ്മൻ ഗിൽ

‘സഞ്ജുവല്ല, ഗിൽ തന്നെ ഓപണറാകും’; കാരണം വ്യക്തമാക്കി ക്യാപ്റ്റൻ സൂര്യകുമാർ

കട്ടക്: ഇന്ത്യയുടെ ട്വന്‍റി20 ടീമിൽ സഞ്ജു സാംസണിനു പകരം ശുഭ്മൻ ഗില്ലിനെ ഓപണറാക്കിയ മാനേജ്മെന്‍റിന്‍റെ തീരുമാനത്തെ ന്യായീകരിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രംഗത്ത്. സഞ്ജു ടീമിന്‍റെ ഓപണറാകുന്നതിനു മുമ്പുതന്നെ ഗിൽ ഇന്ത്യക്കു വേണ്ടി ഓപൺ ചെയ്തിരുന്നുവെന്നും അന്നത്തെ മികച്ച റെക്കോഡ് അവഗണിക്കാനാകില്ലെന്നും സൂര്യകുമാർ പറഞ്ഞു. ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര ചൊവ്വാഴ്ച തുടങ്ങാനിരിക്കെ മാധ്യമങ്ങളെ കാണുകയായിയാരുന്നു ഇന്ത്യൻ ക്യാപ്റ്റൻ.

“സഞ്ജു മികച്ച താരമാണെന്നതിൽ തർക്കമില്ല. എന്നാൽ ഇപ്പോൾ നോക്കൂ, ഓപണർമാർ ഒഴികെ എല്ലാവരും ഏത് നമ്പരിൽ ബാറ്റിങ്ങിന് ഇറക്കിയാലും നന്നായി കളിക്കുന്നവരാണ്. ഓപണിങ് റോളിൽ സഞ്ജു മികച്ച ഇന്നിങ്സുകളാണ് കളിച്ചിട്ടുള്ളത്. എന്നാൽ ശുഭ്മൻ ഗിൽ സഞ്ജുവിന് മുമ്പുതന്നെ ആ റോളിൽ കളിച്ചിട്ടുണ്ട്, ശ്രീലങ്കക്കെതിരെ. അദ്ദേഹം സെഞ്ച്വറി നേടിയിട്ടുമുണ്ട്. അതുകൊണ്ട് അദ്ദേഹം ഇന്നിങ്സ് ഓപൺ ചെയ്യാൻ യോഗ്യനാണ്. സഞ്ജുവിന് എപ്പോഴും അവസരം നൽകുന്നുണ്ട്. ഏത് നമ്പരിലും ബാറ്റ് ചെയ്യാൻ അദ്ദേഹം തയാറാണ്. അങ്ങനെയൊരു താരമുണ്ടാകുന്നത് വളരെ വലിയ കാര്യമാണ്.

ഓപണർമാർ ഒഴികെയുള്ള ബാറ്റർമാർ മൂന്നാം നമ്പർ മുതൽ ആറ് വരെ ഏത് സ്ലോട്ടിലും കളിക്കാന്‍ തയാറായിരിക്കണം. നമുക്ക് രണ്ട് വിക്കറ്റ് കീപ്പർമാരുണ്ട്. ആവശ്യമെങ്കിൽ ഇരുവരെയും ഇലവനിൽ ഉൾപ്പെടുത്താം, ഏതു പൊസിഷനിലും ഇറക്കാം. ഒരേ സമയം ഗുണകരമായതും എന്നാൽ തലവേദന സൃഷ്ടിക്കുന്നതുമായ കാര്യമാണത്. നിലവിലുള്ള ടീമിനെ കൂടുതൽ കരുത്തുറ്റതാക്കി ടി20 ലോകകപ്പിനായി തയാറെടുക്കുകയെന്ന ലക്ഷ്യമാണ് മുന്നിലുള്ളത്” -സൂര്യകുമാർ പറഞ്ഞു.

2023 മുതൽ ഇന്ത്യയുടെ ടി20 ടീമിന്‍റെ ഭാഗമായ സഞ്ജു, 2024 ഒക്ടോബറിലാണ് ഓപണിങ് റോളിലെത്തിയത്. ഒക്ടോബർ -നവംബർ സീസണിൽ ഓപണറായെത്തിയ അഞ്ചിൽ മൂന്ന് ഇന്നിങ്സിൽ സെഞ്ച്വറിയടിച്ച് ചരിത്രം കുറിക്കുകയും ചെയ്തു. ഇതോടെ അഭിഷേക് ശർമക്കൊപ്പം ഓപൺ ചെയ്യാൻ ഏറ്റവും അനുയോജ്യൻ സഞ്ജുവാണെന്ന വിലയിരുത്തലുമുണ്ടായി. എന്നാൽ ഈ വർഷമാദ്യം നടന്ന ഏഷ്യാകപ്പിനുള്ള ടീമിൽ വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗിൽ എത്തിയതോടെ കാര്യങ്ങൾ മാറി.

ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഗിൽ, ഒരുവർഷത്തെ ഇടവേളക്കു ശേഷമാണ് ടി20 ടീമിലെത്തിയത്. ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ഗില്ലിനെ വൈകാതെ ടി20 ഫോർമാറ്റിലും നായകനാക്കാനുള്ള നീക്കമാണിതെന്നാണ് അഭ്യൂഹം. ഗിൽ ഓപണറായതോടെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റി. ഏഷ്യാകപ്പിലെ പല മത്സരങ്ങളിലും സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. ആസ്ട്രേലിയൻ പര്യടനത്തിനിടെ സഞ്ജുവിനെ ബെഞ്ചിലിരുത്തി ജിതേഷ് ശർമയെ ഇലവനിൽ ഉൾപ്പെടുത്തുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. ഇതോടെ താരത്തിന് അവസരം നൽകുന്നില്ലെന്ന വിമർശനം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സൂര്യകുമാറിന്‍റെ വിശദീകരണം.

Tags:    
News Summary - Shubman Gill vs Sanju Samson as T20I opener? Suryakumar explains big selection call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.