ബിർമിങ്ഹാം: തലമുറ മാറ്റത്തിന്‍റെ ഘട്ടത്തിലാണ് ടീം ഇന്ത്യ. യുവ നായകൻ ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെത്തുമ്പോൾ ആശങ്കയിലായിരുന്നു ടീം മാനേജ്മെന്‍റ്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും അപ്രതീക്ഷിതമായി വിരമിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ സംഘം ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെട്ടത്. ഇംഗ്ലണ്ടിൽ യുവനിരക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനം ആദ്യ ടെസ്റ്റിൽതന്നെ പുറത്തെടുക്കാൻ ടീമിന് കഴിഞ്ഞു. മത്സരം തോറ്റെങ്കിലും മുൻനിര ബാറ്റർമാർ ഫോമിലേക്കുയർന്നത് ഇന്ത്യക്ക് ആശ്വാസമാണ്.
ആദ്യ ടെസ്റ്റിലേതിനു സമാനമായി രണ്ടാം ടെസ്റ്റിലും ബാറ്റർമാർ അവസരത്തിനൊത്ത് ഉയരുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണിലേത്. കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി അടിച്ചെടുത്ത നായകൻ ശുഭ്മൻ ഗിൽ വരാനിരിക്കുന്നത് തന്‍റെ കാലമാണെന്ന വ്യക്തമായ സന്ദേശം നൽകുന്നുണ്ട്. കിങ് കോഹ്ലി ഉൾപ്പെടെ ഇന്ത്യൻ ക്യാപ്റ്റന്മാർക്കാർക്കും ഇംഗ്ലിഷ് മണ്ണിൽ നേടാനാകാത്ത റെക്കോഡാണ് ഗിൽ സ്വന്തം പേരിൽ കുറിച്ചത്. 2018ൽ 149 റൺസ് നേടിയ വിരാട് കോഹ്ലിയുടെ പേരിലായിരുന്നു ഒരു ഇന്ത്യൻ നായകന്‍ ഇംഗ്ലണ്ടിൽ നേടിയ ഏറ്റവുമുയർന്ന സ്കോർ. ഈ റെക്കോഡും വ്യാഴാഴ്ച ഗിൽ തിരുത്തിക്കുറിച്ചു.
ടെസ്റ്റിന്‍റെ ഒന്നാം ദിനത്തിൽ സെഞ്ച്വറി പിന്നിട്ട താരം, രണ്ടാം ദിനം ഒരറ്റത്ത് വാഷിങ്ടൺ സുന്ദറിനെ സാക്ഷിയാക്കിയാണ് കന്നി ഡബിൾ സെഞ്ച്വറി അടിച്ചെടുത്തത്. വിരാട് കോഹ്ലി വിരമിച്ചതിനു പിന്നാലെ നാലാം നമ്പരിലെത്തിയ ഗിൽ, താൻ ആ സ്ഥാനത്തിന് അർഹനാണെന്ന് തെളിയിക്കുന്നു. ഇതിഹാസ താരമായ സചിൻ തെൻഡുൽക്കറിൽനിന്ന് കോഹ്ലി ഏറ്റെടുത്ത നാലാം നമ്പർ, കോഹ്ലിയിൽനിന്ന് ഗിൽ ഏറ്റുവാങ്ങുന്നു. യുവരാജാവാകാൻ ഏറ്റവും യോഗ്യൻ താൻ തന്നെയാണെന്ന് ഗിൽ തന്റെ ബാറ്റിങ് മികവിലൂടെ പ്രഖ്യാപിക്കുന്നു.
ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിലും ഗിൽ സെഞ്ച്വറി നേടിയിരുന്നു. 147 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം. എഡ്ജ്ബാസ്റ്റണിൽ 311 പന്തിൽ രണ്ടു സിക്സും 21 ഫോറുമടക്കമാണ് താരം 200 റൺസ് പിന്നിട്ടത്. നിലവിൽ 250 റൺസും പിന്നിട്ട് ബാറ്റിങ് തുടരുകയാണ് നായകൻ. ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 563 റൺസെടുത്തിട്ടുണ്ട്. രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് അർധ സെഞ്ച്വറി നേടിയ രവീന്ദ്ര ജദേജ, 42 റൺസ് നേടിയ വാഷിങ്ടൺ സുന്ദർ എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. 137 പന്തിൽ 89 റൺസെടുത്ത താരം ജോഷ് ടോങ്ങിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ജമീ സ്മിത്തിന് ക്യാച്ച് നൽകിയാണ് പുറത്തായത്.
വിദേശ മണ്ണിൽ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ നായകനാണ് ഗിൽ. 2016ൽ നോർത് സൗണ്ടിൽ വിരാട് കോഹ്ലിയാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്. സെന രാജ്യങ്ങളിൽ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ആസ്ട്രേലിയ) ടെസ്റ്റിൽ ആദ്യ ഇരട്ട സെഞ്ച്വറി നേടുന്ന ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള നായകൻ കൂടിയാണ് ഗിൽ. 2011ൽ ലോഡ്സിൽ ശ്രീലങ്കയുടെ മുൻ ക്രിക്കറ്റർ തിലകരത്ന നേടിയ 193 റൺസാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ. ടൈഗർ പട്ടൗഡിക്കുശേഷം ഇന്ത്യക്കായി ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകൻ എന്ന റെക്കോഡും താരം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.