ബിർമിങ്ഹാം: എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ മാജിക് ബാറ്റിങ് തുടർന്നു. ഒന്നാംഇന്നിങ്സിൽ ഇരട്ട ശതകം നേടിയ ഗിൽ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയുമായി മുന്നിൽനിന്ന് നയിച്ചപ്പോൾ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയത്തീരത്താണ്.
ഒന്നാം ഇന്നിങ്സിൽ 269 റൺസും രണ്ടാം ഇന്നിങ്സിൽ 161 റൺസുമാണ് താരം നേടിയത്. ഗില്ലിന്‍റെ തകർപ്പൻ പ്രകടനത്തിൽ ഒരുപിടി റെക്കോഡുകളും പിറന്നു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഇതുവരെയുള്ള ചരിത്രത്തിൽ ഒരു താരം ഒരു ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടു ഇന്നിങ്സുകളിലുമായി ഇരട്ട സെഞ്ച്വറിയും 150 റൺസും നേടുന്നത് ആദ്യമാണ്. 148 വർഷത്തിനിടെ ഈ നേട്ടം മറ്റാർക്കും കൈവരിക്കാനായിട്ടില്ല.
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഒന്നാം ഇന്നിങ്സിൽ ഗിൽ സ്വന്തമാക്കിയത്. 2019ൽ ദക്ഷിണാഫ്രിക്കക്കെതിരെ വിരാട് കോഹ്ലി പുറത്താകാതെ നേടിയ 254 റൺസെന്ന റെക്കോർഡാണു ഗിൽ പഴങ്കഥയാക്കിയത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ കൂടിയാണു ഗിൽ.
ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിൽ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. നാലാം നാൾ തകർത്തടിച്ച ഇന്ത്യ അതിവേഗം റൺസ് വാരിക്കൂട്ടി ആറു വിക്കറ്റിന് 427 റൺസ് എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 608 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ആതിഥേയർ നാലാം ദിനം സ്റ്റമ്പെടുക്കുമ്പോൾ മൂന്ന് വിക്കറ്റിന് 72 റൺസ് എന്ന നിലയിലാണ്. ഹാരി ബ്രൂക്കും (15) ഓലി പോപുമാണ് (24) ക്രീസിൽ.
ഒരുദിവസം ബാക്കി നിൽക്കെ, ഏഴു വിക്കറ്റ് അകലെയാണ് ഇന്ത്യയുടെ വിജയം. പരമ്പരയിൽ ഒപ്പമെത്താനുമാകും. ഇംഗ്ലണ്ടിനാണെങ്കിൽ 536 റൺസെന്ന അസാധ്യമായ ലക്ഷ്യമാണ് മുന്നിലുള്ളത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ പ്രതിരോധിച്ച് സമനില പിടിക്കാനാകും ആതിഥേയരുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.