ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റ പരമ്പരയിൽ തന്നെ ഒരുപിടി റെക്കോഡുകളാണ് ശുഭ്മൻ ഗിൽ സ്വന്തം പേരിലാക്കിയത്. ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഗില്ലിന്‍റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 336 റൺസിന്‍റെ ചരിത്ര വിജയം നേടിയത്. ഇരു ഇന്നിങ്സുകളിലുമായി ഗിൽ നേടിയത് 430 റൺസ് -ഒന്നാം ഇന്നിങ്സിൽ 269 റൺസ് നേടിയ താരം രണ്ടാം ഇന്നിങ്സിൽ 161 റൺസും.
നായകനായുള്ള അരങ്ങേറ്റ പരമ്പരയിൽ വെറ്ററൻ താരം വിരാട് കോഹ്ലി നേടിയ 449 റൺസെന്ന റെക്കോഡ് ആദ്യ രണ്ടു ടെസ്റ്റിൽ തന്നെ ഗിൽ മറികടന്നു. ഏഷ്യക്കു പുറത്ത് ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് എഡ്ജ്ബാസ്റ്റണിൽ ഗിൽ സ്വന്തമാക്കിയത്. സിഡ്നിയിൽ ഇതിഹാസം സചിൻ തെണ്ടുൽക്കർ നേടിയ 241 റൺസാണ് പഴങ്കഥയായത്. എവേ ടെസ്റ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ കൂടിയാണ് ഗിൽ ഒന്നാം ഇന്നിങ്സിൽ സ്വന്തമാക്കിയത്. മുൾട്ടാനിൽ വിരേന്ദർ സെവാഗ് നേടിയ 309 റൺസും റാവൽപിണ്ടിയിൽ രാഹുൽ ദ്രാവിഡ് നേടിയ 270 റൺസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. സുനിൽ ഗവാസ്കർ, ദ്രാവിഡ് എന്നിവർക്കുശേഷം ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി കുറിക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും ഗില്ലിന്‍റെ പേരിലായി.
ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിലും താരം സെഞ്ച്വറി നേടിയിരുന്നു (147 റൺസ്). പരമ്പരയിൽ ഇതേ ഫോം തുടരുകയാണെങ്കിൽ ഗില്ലിനെ കാത്തിരിക്കുന്നത് നിരവധി റെക്കോഡുകളാണ്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ താരം ഇതുവരെ നേടിയത് 585 റൺസാണ്. 225 റൺസ് കൂടി നേടിയാൽ സാക്ഷാൽ ഡോൺ ബ്രാഡ്മാന്‍റെ പേരിലുള്ള 95 വർഷം പഴക്കമുള്ള റെക്കോഡ് ഗില്ലിന് മറികടക്കാനാകും. ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നായകനെന്ന റെക്കോഡ് ഇന്നും ബ്രാഡ്മാന്‍റെ പേരിലാണ്. 1930ൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഈ ആസ്ട്രേലിയൻ ഇതിഹാസം നേടിയത് 810 റൺസാണ്.
ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമെന്ന റെക്കോഡും ഗില്ലിനെ കാത്തിരിക്കുന്നുണ്ട്, അതിലേക്ക് മൂന്നു സെഞ്ച്വറികളുടെ ദൂരം മാത്രം. 1955ൽ വെസ്റ്റിൻഡീസിന്‍റെ ക്ലൈഡ് വാൽകോട്ട് ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അഞ്ചു സെഞ്ച്വറികൾ നേടിയിരുന്നു. ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ റെക്കോഡ് ബ്രാഡ്മാന്‍റെ പേരിലാണ്. 1947ൽ ഇന്ത്യക്കെതിരെ നാലു സെഞ്ച്വറികളാണ് അദ്ദേഹം നേടിയത്. കൂടുതൽ സെഞ്ച്വറികൾ നേടിയ ഇന്ത്യൻ താരം ഗവാസ്കറാണ് -നാലു സെഞ്ച്വറികൾ. 1971ലും 1978-79ലും വിൻഡീസിനെതിരായ പരമ്പരയിൽ നാലു വീതം സെഞ്ച്വറികളാണ് ഗവാസ്കർ നേടിയത്.
അതിവേഗം 1000 റൺസ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടവും ഗില്ലിനെ കാത്തിരിക്കുന്നുണ്ട്. അതിലേക്ക് 415 റൺസ് ദൂരം മാത്രം. ബ്രാഡ്മാൻ 11 ഇന്നിങ്സുകളിൽനിന്നാണ് ഈ നേട്ടം കൈവരിച്ചത്. ലോക ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്താണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് വ്യാഴാഴ്ച ഇന്ത്യ ഇറങ്ങുന്നത്. രണ്ടാം ടെസ്റ്റിലെ പ്രകടനം ലോർഡ്സിൽ ആവർത്തിച്ചാൽ പരമ്പരയിൽ ഇന്ത്യക്ക് മുന്നിലെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.