ശുഭ്മൻ ഗിൽ

ട്വന്‍റി20 ടീമിൽനിന്ന് പുറത്ത്; പിന്നാലെ വിജയ് ഹസാരെ സ്ക്വാഡിലെത്തി ഗിൽ, ഒപ്പം അഭിഷേകും അർഷ്ദീപും

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽനിന്ന് പുറത്തായ ശുഭ്മൻ ഗിൽ ഉൾപ്പെടെ വമ്പൻ താരങ്ങളെ അണിനിരത്തി പഞ്ചാബിന്‍റെ വിജയ് ഹസാരെ ടീം. 18 അംഗ സ്ക്വാഡിൽ ഇന്ത്യൻ താരങ്ങളായ അഭിഷേക് ശർമയും അർഷിദീപ് സിങ്ങുമുണ്ട്. ടൂർണമെന്‍റിൽ ഈ മാസം 24ന് മഹാരാഷ്ട്രക്കെതിരെയാണ് പഞ്ചാബിന്‍റെ ആദ്യ മത്സരം. വിക്കറ്റ് കീപ്പർ ബാറ്റർ പ്രഭ്സിമ്രാൻ സിങ്, നമൻ ധിർ, അൻമോൾപ്രീത് സിങ്, രമൺദീപ് സിങ്, ഹർപ്രീത് ബ്രാർ തുടങ്ങി വമ്പൻ താരനിരയാണ് പഞ്ചാബിന്‍റേത്.

ജനുവരിയിൽ ന്യൂസിലൻഡിനെതിരെ പരമ്പരയുള്ളതിനാൽ ഗില്ലും അഭിഷേകും അർഷ്ദീപും എത്ര മത്സരങ്ങളിൽ കളിക്കുമെന്നത് വ്യക്തമല്ല. ജനുവരി 11 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര. അഞ്ച് മത്സര ടി20 പരമ്പരക്ക് ജനുവരി 21ന് തുടക്കമാകും. ശനിയാഴ്ചയാണ് ബി.സി.സി.ഐ ടി20 ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചത്. ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്ന ഗില്ലിനെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്.

നിലവിൽ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനാണ് ഗിൽ. ട്വന്‍റി20യിൽ ഗിൽ തിരിച്ചെത്തിയത് മലയാളി താരം സഞ്ജു സാംസണിനാണ് തിരിച്ചടിയായത്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തിയിട്ടും പ്രോട്ടീസിനെതിരായ പരമ്പരയിലെ ആദ്യത്തെ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നു. ഗില്ലാണെങ്കിൽ ഓപണിങ് റോളിൽ തീർത്തും നിരാശപ്പെടുത്തി. ഇതോടെ സഞ്ജുവിനെ പുറത്തിരുത്തി ടീമിലെത്തിയ ഗില്ലിനെതിരെ വിമർശനവും ശക്തമായി.

ഇതിനിടെയാണ് നാലാം മത്സരത്തിനു തൊട്ടുമുമ്പായി പരിശീലനത്തിനിടെ താരത്തിന്‍റെ കാൽവിരലിന് പരിക്കേൽക്കുന്നതും പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളിൽനിന്ന് പുറത്താകുന്നതും. നാലാം മത്സരം മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചതോടെ സഞ്ജുവിന് കളിക്കാനുള്ള യോഗമുണ്ടായില്ല. അഞ്ചാം മത്സരത്തിൽ അഭിഷേകിനൊപ്പം ഓപണറായി ഇറങ്ങിയ സഞ്ജു തിളങ്ങുകയും ടീമിന് മികച്ച തുടക്കം നൽകുകയും ചെയ്തു. 22 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം സഞ്ജു 37 റൺസെടുത്താണ് പുറത്തായത്.

തൊട്ടടുത്ത ദിവസം നടന്ന ടീം പ്രഖ്യാപനത്തിലാണ് ഗില്ലിന് ഇടമില്ലാതെ വന്നത്. താരത്തിന്‍റെ ഫോമില്ലായ്മ തന്നെയാണ് ഒഴിവാക്കാനുള്ള കാരണമായി പറയുന്നത്. കഴിഞ്ഞ 15 മത്സരങ്ങളിൽ താരം ആകെ നേടിയത് 266 റൺസ് മാത്രമാണ്. 19 ആണ് ശരാശരി. ഒരു അർധ സെഞ്ച്വറി പോലും താരത്തിന്‍റെ പേരിലില്ല. ‘ഗിൽ ഒരു മികച്ച കളിക്കാരനാണെന്ന് ഞങ്ങൾക്കറിയാം. പക്ഷേ നിലവിൽ റൺസ് നേടുന്നതിൽ അൽപം പിന്നിലാണ്. കഴിഞ്ഞ ലോകകപ്പിലെപോലെ ഞങ്ങൾ വ്യത്യസ്ത കോമ്പിനേഷനുകളാണ് പരിഗണിച്ചത്. 15 കളിക്കാരെ തെരഞ്ഞെടുക്കുമ്പോൾ ആരെങ്കിലും പുറത്തുപോകേണ്ടിവരും. നിർഭാഗ്യവശാൽ നിലവിൽ അത് ഗില്ലാണ്’ -ടീം പ്രഖ്യാപന വേളയിൽ ബി.സി.സി.ഐ മുഖ്യ സെലക്ടർ അജിത് അഗാർക്കർ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി.

ടോപ് ഓർഡറിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ് ചെയ്യണമെന്നാണ് ടീം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സഞ്ജുവിനെയും ഇഷാൻ കിഷനെയും പരിഗണിച്ചതെന്നും അഗാർക്കറും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും വ്യക്തമാക്കി. ‘ടീം കോമ്പിനേഷൻ പരിഗണിച്ചാണ് ഗില്ലിനെ ഒഴിവാക്കിയത്. അല്ലാതെ താരത്തിന്‍റെ ഫോമില്ലായ്മയല്ല. ഒരു കീപ്പറെ ഓപ്പണറാക്കണമെന്നതാണ് ടീം പരിഗണിച്ചത്’ -സൂര്യകുമാർ പ്രതികരിച്ചു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഝാർഖണ്ഡിന് കന്നിക്കിരീടം നേടികൊടുക്കുന്നതിൽ ക്യാപ്റ്റൻ കൂടിയായ ഇഷാൻ കിഷന്‍റെ ബാറ്റിങ്ങിന് നിർണായക പങ്കുണ്ടായിരുന്നു. ഇതാണ് ഇടവേളക്കുശേഷം താരത്തിനും ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത്. റിങ്കു സിങ്ങും ടീമിലേക്ക് തിരിച്ചെത്തി. ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടുവരെയാണ് ടൂർണമെന്റ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്.

ഇന്ത്യൻ സ്ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിങ്.

Tags:    
News Summary - Shubman Gill, Abhishek and Arshdeep named in Punjab's Vijay Hazare Trophy squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.