ഹാങ്ചോ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ ഷെഫാലി വർമ. മലേഷ്യക്കെതിരായ ക്വാർട്ടർ മത്സരം മഴ കാരണം ഉപേക്ഷിച്ചെങ്കിലും റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യ സെമി യോഗ്യത നേടി.
മഴ കാരണം 15 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മലേഷ്യയുടെ മറുപടി ബാറ്റിങ് തുടങ്ങിയതിനു തൊട്ടുപിന്നാലെ വീണ്ടും മഴ പെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മലേഷ്യ രണ്ടു പന്തിൽ വിക്കറ്റ് നഷ്ടമില്ലാതെ ഒരു റൺസെടുത്തു നിൽക്കെയാണ് മഴ പെയ്തത്. ഇന്ത്യക്കായി ഓപ്പണർ ഷെഫാലി വമ്പനടികളുമായി കളം നിറഞ്ഞു.
39 പന്തുകളിൽനിന്ന് 67 റൺസാണു താരം അടിച്ചുകൂട്ടിയത്. അഞ്ചു സിക്സുകളും നാലു ഫോറുകളും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ അർധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഇതോടെ 19കാരിയായ ഷെഫാലി. 11ാം ഓവറിലെ രണ്ടാം പന്ത് സിക്സ് പറത്തിയാണ് താരം ഈ നേട്ടം കൈവരിച്ചത്.
മത്സരത്തിൽ ജെമൈമ റോഡ്രിഗസ് 29 പന്തിൽ 47 റൺസെടുത്തു പുറത്താകാതെനിന്നു. ക്യാപ്റ്റൻ സ്മൃതി മന്ഥാന (16 പന്തിൽ 27 റൺസ്), റിച്ച ഘോഷ് (ഏഴ് പന്തിൽ 21) എന്നിവരാണ് പുറത്തായ താരങ്ങൾ. സെപ്റ്റംബർ 24നാണ് സെമി ഫൈനൽ. ഇന്നത്തെ പാകിസ്താൻ– ഇന്തോനേഷ്യ മത്സരവും മഴ കാരണം ഉപേക്ഷിച്ചു. ഉയർന്ന റാങ്കിങ്ങിന്റെ ബലത്തിൽ പാകിസ്താനും സെമിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.