അബുദാബി: ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പാകിസ്താൻ സൂപ്പർ ലീഗ് യു.എ.ഇയിലേക്ക് മാറ്റാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്‍റെ (പി.സി.ബി) നീക്കത്തിന് തിരിച്ചടി. സുരക്ഷാ ആശങ്കകൾ മുന്നോട്ടുവെച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ടൂർണമെന്റ് നടത്തുന്നതിൽനിന്ന് പിന്മാറിയേക്കുമെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. സമീപകാലത്ത് ഇന്ത്യയുമായി തുടരുന്ന നല്ല ബന്ധംകൂടി കണക്കിലെടുത്താകും യു.എ.ഇ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
ഐ.പി.എല്‍ മത്സരങ്ങളും ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങളടക്കം യു.എ.ഇയില്‍ നടന്നിട്ടുണ്ട്. ഈ ഘട്ടത്തില്‍ പി.എസ്.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് വേദിയാകാൻ യു.എ.ഇ തയ്യാറായേക്കില്ല. പി.എസ്.എല്ലിന് വേദിയാകാന്‍ യു.എ.ഇ തയ്യാറാകാതിരുന്നാല്‍ പി.സി.ബിക്ക് കനത്ത തിരിച്ചടിയാകും. ടൂർണമെന്‍റ് പാതിവഴിയിൽ ഉപേക്ഷിക്കുകയോ സാഹചര്യം ഒത്തുവരുന്ന മുറയ്ക്ക് പിന്നീട് നടത്താനോ ബോർഡിന് തീരുമാനമെടുക്കേണ്ടിവരും.
പി.എസ്.എല്ലിൽ കളിക്കുന്ന വിദേശ താരങ്ങളുടെ ഉൾപ്പെടെ മാനസികാരോഗ്യം കൂടി കണക്കിലെടുത്താണ് വേദിമാറ്റുന്നതെന്നായിരുന്നു പി.സി.ബിയുടെ വിശദീകരണം. ടൂർണമെന്റ് പൂർത്തിയാക്കാതെ മടങ്ങാൻ ഇംഗ്ലിഷ് താരങ്ങൾ ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സാഹചര്യം വിലയിരുത്താൻ ഏതാനും ദിവസം മുമ്പ് ഇംഗ്ലണ്ട് ആൻഡ് വെയ്‍ൽസ് ക്രിക്കറ്റ് ബോർഡ് യോഗം ചേർന്നിരുന്നു.
ജയിംസ് വിൻസ്, ടോം കറൻ, സാം ബില്ലിങ്സ്, ക്രിസ് ജോർദാൻ, ഡേവിഡ് വില്ലി, ല്യൂക് വുഡ്, ടോം കോഹ്ലെർ-കാർഡ്മോർ എന്നീ ഇംഗ്ലിഷ് താരങ്ങളാണ് പി.എസ്.എല്ലിൽ കളിക്കുന്നത്. ഇംഗ്ലണ്ട് പരിശീലകരായ രവി ബൊപ്പാര, അലക്സാണ്ട്ര ഹാർട്ട്ലി എന്നിവരും ലീഗിനെത്തിയിരുന്നു. ഡേവിഡ് വാർണർ (കറാച്ചി കിങ്സ്), ജേസൺ ഹോൾഡർ (ഇസ്ലാമബാദ് യുണൈറ്റഡ്), റസീ വാൻഡർദസൻ (ഇസ്ലാമബാദ് യുണൈറ്റഡ്) എന്നിവരാണ് ടൂർണമെന്റിലെ മറ്റ് പ്രമുഖ വിദേശ താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.