കേദാർ ജാദവിനെ പുറത്താക്കിയ സഞ്ജുവിന്റെ ഉജ്ജ്വല ക്യാച്ച്; വിഡിയോ വൈറൽ

കഴിഞ്ഞ ടി20 ലോകകപ്പിലും ഈ വർഷം നടന്ന ഏകദിന ലോകകപ്പിലും മലയാളി താരം സഞ്ജുവിനെ തഴഞ്ഞതിന് കഴിഞ്ഞ രണ്ട് വർഷമായി ബി.സി.സി.ഐ വിമർശന ശരങ്ങളേറ്റുവാങ്ങുകയാണ്. രാജ്യമെമ്പാടും വലിയ ഫാൻബേസുള്ള, സഞ്ജുവിനെ നിരന്തരം അവഗണിക്കുന്നത് മുൻ ഇന്ത്യൻ താരങ്ങളിൽ പോലും നീരസമുണ്ടാക്കുകയും ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

ഓസീസിനെതിരായ പരമ്പരയിലും സഞ്ജു തഴയപ്പെട്ടു. പിന്നാലെ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ ഇടം നൽകിക്കൊണ്ടാണ് ബി.സി.സി.ഐ തൽക്കാലത്തേക്ക് വിമർശനങ്ങളിൽ നിന്ന് തടിതപ്പിയത്.

അതിനിടെ, വിജയ് ഹസാരെ ട്രോഫിയിൽ അമ്പരപ്പിക്കുന്ന ക്യാച്ചുമായി ഞെട്ടിച്ചിരിക്കുകയാണ് സഞ്ജു. പ്രീക്വാര്‍ട്ടറിൽ മഹാരാഷ്ട്രയെ തകർത്ത മത്സരത്തിലെ സഞ്ജുവിന്റെ ക്യാച്ച് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ബാറ്റിങ്ങിൽ തിളങ്ങാൻ കഴിയാത്തതിന്റെ ക്ഷീണം ഗംഭീര ക്യാച്ചെടുത്താണ് സഞ്ജു തീർത്തത്. 25 പന്തുകളിൽ 29 റൺസായിരുന്നു സമ്പാദ്യം.

മഹാരാഷ്ട്ര നായകനും മുൻ ഇന്ത്യൻ ഓൾറൗണ്ടറുമായ കേദാർ ജാദവിനെയായിരുന്നു സഞ്ജു ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയത്. 384 എന്ന റൺമല പിന്തുടരവേ ബേസിൽ തമ്പിയെറിഞ്ഞ 23-ാം ഓവറിലായിരുന്നു മഹാരാഷ്ട്രക്ക് വൻ തിരിച്ചടിയായ സംഭവം നടന്നത്. 11 റൺസുമായി നിൽക്കുകയായിരുന്ന ​ജാദവിനെതിരെ സ്റ്റംപ് ലൈൻ ലക്ഷ്യമാക്കി ഒരു ഔട്ട്സ്വിങ്ങറായിരുന്നു തമ്പി പരീക്ഷിച്ചത്. പ്രതീക്ഷിച്ചത് പോലെ മഹാരാഷ്ട്ര നായകൻ അത് നേരിടുകയും ചെയ്തു. ആ ഷോട്ട് വലതുഭാഗത്തേക്ക് ഡൈവ് ചെയ്ത് സാഹസികമായി സഞ്ജു കൈക്കലാക്കുകയായിരുന്നു.

അസാധ്യമെന്ന് തോന്നിപ്പിച്ച ക്യാച്ചാണ് സഞ്ജു ഏവരെയും അമ്പരപ്പിച്ചുകൊണ്ട് കൈക്കലാക്കിയത്. ഡൈവ് ചെയ്ത് വീണിട്ടും താരം ബോൾ ഗ്രൗണ്ട് തൊടാതെ സൂക്ഷിക്കുകയു ചെയ്തു. എന്തായാലും സംഭവത്തിന്റെ വിഡിയോ ഇപ്പോൾ വൈറലാണ്. മത്സരത്തിൽ 153 റൺസിന്റെ വിജയമാണ് ​കേരളം നേടിയത്. 

Tags:    
News Summary - Sanju Samson's Spectacular Catch Removes Kedar Jadhav in Vijay Hazare Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.