'ക്യാമ്പിലില്ലെങ്കിൽ ടീമിൽ ഇടമുണ്ടാകില്ലെന്ന് കെ.സി.എ അറിയിച്ചിട്ടില്ല'; കെ.സി.എയെ കുരുക്കിലാക്കി സഞ്ജു അയച്ച ഇമെയിൽ വിശദാംശങ്ങൾ പുറത്ത്

കോഴിക്കോട്: ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ഉടലെടുത്ത സഞ്ജു സാംസൺ-കെ.സി.എ വിവാദത്തിലെ നിർണായ വിവരങ്ങൾ പുറത്ത്. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ താൻ തയാറാണെന്ന് വ്യക്തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന് സഞ്ജു നൽകിയ സന്ദേശത്തിന്റെ വിശദാംശങ്ങളാണ് മീഡിയവൺ പുറത്തുവിട്ടത്.

വിജയ് ഹസാരെക്കുള്ള കേരള ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജു അസോസിയേഷൻ സെക്രട്ടറിക്ക് വിശദമായ ഇ മെയിൽ അയച്ചിരുന്നു.

തീർത്തും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ക്യാമ്പിലെത്താൻ സാധിക്കാതിരുന്നതെന്നും ക്യാമ്പിൽ എത്തിയില്ലെങ്കിൽ ടീമിൽ ഇടമുണ്ടാകില്ലെന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും സഞ്ജു നൽകിയ സന്ദേശത്തിൽ പറയുന്നു. മാത്രമല്ല, ഈ സീസണിൽ തന്നെ മുഷ്താഖ് അലി ട്രോഫിയിലും രഞ്ജി ട്രോഫിയിലുമൊക്കെ ക്യാമ്പിലില്ലാതിരുന്നിട്ടും ടീമിൽ ഇടംകിട്ടിയിട്ടുണ്ട്. വരാനിരിക്കുന്ന വിജയ് ഹസാരെ ടീമിൽ കളിക്കാനും ഞാൻ ഒരുക്കമാണ്. കേരളത്തിന് വേണ്ടി കളിക്കുക എന്നത് അങ്ങേയറ്റം അഭിമാനകരമായ കാര്യമാണെന്നും കെ.സി.എക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.

ക്യാമ്പ് ആരംഭിക്കുന്നതിന് മുൻപ് എത്താൻ കഴിയില്ലെന്ന് അറിയിച്ചാണ് സഞ്ജു ആദ്യം കെ.സി.എക്ക് മെയിൽ അയക്കുന്നത്. പിന്നീട് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ താൻ കളിക്കാൻ തയാറാണെന്ന് അറിയിച്ച് രണ്ടാമത്തെ മെയിലും അയച്ചു. അതിന് പിന്നാലെയാണ് ക്യാമ്പിൽ എത്താതിരുന്നതിന്റെ കാരണം വ്യക്തമാക്കി വിശദ മെയിൽ അയക്കുന്നത്. ഈ മെയിലിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

വിജയ് ഹസാരെയിൽ കേരളത്തിനുവേണ്ടി കളിക്കാമെന്ന് സഞ്ജു സാംസൺ വ്യക്തമാക്കിയിട്ടും, ടീമിലേക്ക് വിളിക്കാൻ തയാറായില്ല. മാത്രമല്ല ക്യാമ്പിൽ പങ്കെടുക്കാത്ത, 19 അംഗ ടീമിൽ ഇടമില്ലാതിരുന്ന മറ്റൊരു യുവതാരം വിജയ് ഹസാരെയിൽ ടൂർണമെന്റിന്റെ ഇടയ്ക്ക് വെച്ച് ടീമിൽ ഇടം നേടിയതായും റിപ്പോർട്ടുണ്ട്

നേരത്തെ, കെ.സി.എ അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞത്, 'ഞാനുണ്ടാകില്ല' എന്ന ഒറ്റവരി മെയിൽ മാത്രമാണ് സഞ്ജു കെ.സി.എ സെക്രട്ടറിക്ക് അയച്ചതെന്നായിരുന്നു. എന്നാൽ, സാഹചര്യം വ്യക്തമാക്കി സഞ്ജു അസോസിയേഷന് കത്ത് നൽകിയിരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്. സഞ്ജുവിന് തോന്നുമ്പോൾ വന്ന് കളിക്കാനുള്ളതല്ല കേരള ടീം എന്ന് കെ.സി.എ പ്രസിഡന്റ് പറഞ്ഞത്.

വിജയ് ഹസാരെ ട്രോഫിക്കായുള്ള ടീമില്‍ എടുക്കാതിരുന്ന കെ.സി.എ നടപടി മൂലമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലും ഇടം ലഭിക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടുകളാണ് സഞ്ജു-കെ.സി.എ വിവാദത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

സംഭവത്തിൽ കെ.സി.എ അധികൃതരുടെ ഈഗോ ആണ് സഞ്ജുവിന്റെ കരിയർ തകർക്കുന്നതെന്ന് വിമർശിച്ച് ശശി തരൂർ എം.പിയുൾപ്പെടെ രംഗത്ത് വരികയും ചെയ്തിരുന്നു. 

Tags:    
News Summary - Sanju Samson's detailed message to K.C.A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.