സഞ്ജു സാംസൺ

സഞ്ജുവിനെ സ്വന്തമാക്കാൻ ആദ്യം രംഗത്തുവന്നത് ഡൽഹി ക്യാപിറ്റൽസ്; ഡീൽ തകർത്തത് റോയൽസിന്‍റെ ആ ഡിമാൻഡ്

ന്യൂഡൽഹി: മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസിൽനിന്ന് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരിക്കെയാണ് അപ്രതീക്ഷിതമായി ചെന്നൈ സൂപ്പർ കിങ്സുമായി ഡീലുറപ്പിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നത്. പകരം ചെന്നൈ ഫ്രാഞ്ചൈസിയിൽനിന്ന് ഓൾറൗണ്ടർ രവീന്ദ്ര ജദേജ രാജസ്ഥാൻ ടീമിലെത്തും. ഡൽഹിയിൽനിന്ന് ദക്ഷിണാഫ്രിക്കൻ മധ്യനിരതാരം ട്രിസ്റ്റൻ സ്റ്റബ്സിനെ വിട്ടുനൽകണമെന്ന ഡിമാൻഡാണ് രാജസ്ഥാൻ മുന്നോട്ടുവെച്ചത്. ഇതിൽ ഏതാണ്ട് ധാരണയായി നിൽക്കേ അൺക്യാപ്ഡ് ബൗളറായ സമീർ റിസ്വിയെകൂടി വേണമെന്ന് റോയൽസ് ആവശ്യപ്പെട്ടതോടെ ഡി.സി ഉടമകൾ ഡീലിൽനിന്ന് പിൻവാങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഡൽഹി ക്യാമ്പിലെ വമ്പന്മാരെ ഉൾപ്പെടെ സ്വന്തമാക്കാൻ രാജസ്ഥാൻ ഒരുങ്ങുന്നുവെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും അഭ്യൂഹം ശക്തമായി. എന്നാൽ സഞ്ജുവിന് പകരം സി.എസ്.കെയുടെ രവീന്ദ്ര ജദേജയെ കിട്ടുമെന്നായപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. ചെന്നൈയുമായി പുതിയ ഡീലുറപ്പിച്ചു. എന്നാൽ ജദേജക്ക് പുറമെ സാം കറനെയോ മതീഷ പതിരണയെയോ കൂടി വിട്ടുനൽകണമെന്ന് സി.എസ്.കെയോട് റോയൽസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണ്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനാണ് ഇരു ​ഫ്രാഞ്ചൈസികളും ഒരുങ്ങുന്നത്.

ട്രേഡ് ഡീലുമായി സംബന്ധിച്ച് ഇരു ടീമുകളും കളിക്കാരുമായി സംസാരിച്ച് ധാരണയിലെത്തിയെന്നാണ് വിവരം. ഇനി കളിക്കാരുടെ സമ്മതപത്രം ഐ.പി.എൽ ഗവേണിങ് കൗൺസിന് മുമ്പാകെ സമർപ്പിച്ച് അന്തിമ കരാറിന് വേണ്ടിയുള്ള ചർച്ചകൾ തുടരും. സാംസണും ​ജദേജയും ദീർഘകാലമായി തങ്ങളുടെ ഫ്രാഞ്ചൈസികളിൽ തുടരുകയാണ്. ഐ.പി.എൽ മെഗാലേലത്തിലും ഇരുവർക്കും ടീം മാറ്റമുണ്ടായിട്ടില്ല. രാജസ്ഥാൻ റോയൽസുമായി പതിറ്റാണ്ട് പിന്നിട്ട ബന്ധമാണ് സഞ്ജുവിനുള്ളത്. 2013 മുതൽ 11 സീസണുകളിലായി താരം രാജസ്ഥാനുവേണ്ടി കളിച്ചു.

2013ലാണ് സഞ്ജു സാംസൺ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ചത്. 2014 സീസണിന് മുന്നോടിയായി സഞ്ജുവിനെ രാജസ്ഥാൻ പ്രധാന താരമായി നിലനിർത്തുകയും ചെയ്തു. 2018ൽ ടീം സസ്​പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ടീമിൽ സഞ്ജു സാംസൺ ഉണ്ടായിരുന്നു. പിന്നീട് 2021ൽ സഞ്ജു ടീമിന്റെ ക്യാപ്റ്റനായി. സഞ്ജുവിന് കീഴിലാണ് രാജസ്ഥാൻ റോയൽസ് 2008ന് ശേഷം ആദ്യമായി ഫൈനൽ കളിച്ചത്. സഞ്ജു ക്യാപ്റ്റനായ 67 മത്സരങ്ങളിൽ 33 എണ്ണത്തിൽ വീതം രാജസ്ഥാൻ ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. 2025 സീസൺ കഴിഞ്ഞതിന് പിന്നാലെ തന്നെ ടീമിൽനിന്ന് പോകാനുളള സന്നദ്ധത സഞ്ജു സാംസൺ അറിയിച്ചിരുന്നു.

2012 മുതൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് രവീന്ദ്ര ​ജദേജ കളിക്കുന്നത്. ടീമിന് വിലക്ക് കിട്ടിയ 2016, 2017 സീസണുകളിൽ ​ജദേജ കളിച്ചിരുന്നില്ല. 2025ൽ ഋതുരാജ് ഗെയ്ക്‍വാദ്, എം.എസ്.ധോണി തുടങ്ങിയവർക്കൊപ്പം 18 കോടിക്കാണ് ജദേജയെ ചെന്നൈ നിലനിർത്തിയത്. ടീമിന്റെ അഞ്ച് കിരീടനേട്ടങ്ങളിൽ മൂന്നിലും ജദേജ പങ്കാളിയായി. 2023 ഐ.പി.എൽ ഫൈനലിൽ താരത്തിന്‍റെ മികച്ച പ്രകടനമാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. 2008ൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ചാണ് ജദേജ ഐ.പി.എൽ കരിയർ തുടങ്ങിയത്. 2010 വരെ ടീമിൽ തുടർന്നു. ഇതിനിടെ സസ്​പെൻഷൻ ലഭിച്ചതിനെ തുടർന്ന് ഒരു സീസൺ കളിക്കാനായില്ല. പിന്നീട് കൊച്ചി ടസ്കേഴ്സ് കേരളയിൽ കളിച്ചാണ് ചെന്നൈയിൽ എത്തിയത്.

Tags:    
News Summary - Sanju Samson Was Set To Be Traded To Delhi Capitals. Here's Why The Deal Collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.