സഞ്ജു സാംസൺ

‘സഞ്ജു വൈകാരികമായി തകർന്നു, സീസണിനിടെ ടീം വിടുന്ന കാര്യം സംസാരിച്ചു’; വെളിപ്പെടുത്തി ആർ.ആർ ഉടമ

ജയ്പുർ: കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ റോയൽസ് (ആർ.ആർ) ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ കൂടുമാറി ചെന്നൈ സൂപ്പർ കിങ്സിൽ (സി.എസ്.കെ) ചേക്കേറുന്നതായി ഔദ്യോഗിക സ്ഥിരീകരണമായത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ട്രേഡ് ഡീൽ യാഥാർഥ്യമായത്. ഇക്കഴിഞ്ഞ ഐ.പി.എൽ സീസൺ അവസാനിച്ചതിനു പിന്നാലെ ടീം വിടാനുള്ള സന്നദ്ധത സഞ്ജു ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നുവെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ സീസൺ അവസാനിച്ചിട്ടല്ല, അതിനിടയിൽതന്നെ സഞ്ജു ആർ.ആർ വിടുന്ന കാര്യം താനുമായി സംസാരിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് ടീമുടമ മനോജ് ബദാലെ. വരാനിരിക്കുന്ന സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിൽനിന്ന് സഞ്ജുവിന് പകരം രവീന്ദ്ര ജദേജയേയും സാം കറനെയുമാണ് റോയൽസ് സ്വന്തം തട്ടകത്തിലെത്തിച്ചത്.

2025ലെ ഐ.പി.എൽ സീസൺ സഞ്ജുവിനെ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. പരിക്കേറ്റതിനെ തുടർന്ന് പല മത്സരങ്ങളിലും താരത്തിന് കളത്തിലിറങ്ങാനായില്ല. മിക്ക മത്സരങ്ങളിലും ഇംപാക്ട് സബ് മാത്രമായി. ഒമ്പത് ഇന്നിങ്സിൽ ബാറ്റ് ചെയ്തപ്പോൾ, ഒരു അർധ സെഞ്ച്വറി മാത്രമാണ് നേടാനായത്. സീസണിൽ നാല് മത്സരങ്ങൾ മാത്രം ജയിച്ച ടീം എട്ട് പോയന്‍റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്തായിരുന്നു. പിന്നിലുണ്ടായിരുന്നത് സി.എസ്.കെ മാത്രമാണ്. തൊട്ടുമുമ്പത്തെ സീസണിൽ പ്ലേഓഫ് കളിച്ച ടീമിന്‍റെ പ്രകടനം തീർത്തും നിരാശാജനകമായി. ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവിന് ഇത് വലിയ പ്രയാസമായി. വൈകാരികമായി അദ്ദേഹം തകർന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ജയിക്കാമായിരുന്ന മത്സരം തോറ്റതോടെ ടീം വിടാനുള്ള സന്നദ്ധത സഞ്ജു മനോജ് ബദാലെയെ അറിയിച്ചു.

“കൊൽക്കത്തക്കെതിരെ തോറ്റതോടെ ടീം വിടാനുള്ള സന്നദ്ധത സഞ്ജു അറിയിച്ചു. മത്സരശേഷമുള്ള യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വളരെ സത്യസന്ധനായ വ്യക്തിയാണ് സഞ്ജു. വ്യക്തിപരമായും വൈകാരികമായും അദ്ദേഹം തകർന്നിരുന്നു. ടീം മാറുകയെന്നാൽ വലിയ തുക ടീമിന് നഷ്ടമാകുമെന്നതിൽ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. മാത്രമല്ല, 18 സീസണുകളിലായുള്ള ടീമിന്‍റെ ഏറ്റവും മോശം പ്രകടനം കൂടിയായത് അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടായി. ഇടക്ക് മാറിയെങ്കിലും, 14 വർഷം ടീമിന്‍റെ അവിഭാജ്യ ഘടകമായിരുന്നു സഞ്ജു. ഐ.പി.എൽ യാത്രയിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കണമെന്ന് അദ്ദേഹത്തിനും തോന്നി.

സഞ്ജുവിന്‍റെ അഭ്യർഥന ആദ്യം ഞങ്ങൾക്ക് വ്യത്യസ്തമായി തോന്നി. എന്നാൽ അദ്ദേഹം എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിൽ കാര്യമുണ്ടാകും. 14 വർഷം ഫ്രാഞ്ചൈസിക്കുവേണ്ടി വലിയ സേവനമാണ് സഞ്ജു ചെയ്തത്. ആരാധകർ കാണുന്ന ബാറ്റിങ്ങോ സിക്സറുകളോ മാത്രമല്ല അത്. വലിയ പ്രയത്നമാണ് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. 2021ൽ അദ്ദേഹത്തെ ക്യാപ്റ്റൻസി ഏൽപ്പിക്കാനുള്ള തീരുമാനം അൽപം സാഹസികമായിരുന്നു. ചെറുപ്പക്കാരനും ടീമിനെ നയിച്ച് പരിചയമില്ലാത്ത ആളുമായിരുന്നു സഞ്ജു. എന്നാൽ ആ റോൾ ഭംഗിയാക്കാൻ കഴിയുന്നതെല്ലാം അദ്ദേഹം ചെയ്തു. സഞ്ജുവിന്‍റെ കീഴിൽ ടീം വളരുന്നതാണ് പിന്നീട് മാനേജ്മെന്‍റും ആരാധകരും കണ്ടത്” -രാജസ്ഥാൻ റോയൽസ് പങ്കുവെച്ച വിഡിയോയിൽ ബദാലെ പറഞ്ഞു.

അതേസമയം സഞ്ജു എത്തുന്നതോടെ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് ഡിപാർട്ട്മെന്‍റിന് കരുത്തേറും. കഴിഞ്ഞ സീസണിൽ ബാറ്റർമാർ അമ്പേ പരാജയപ്പെട്ടത് ടീമിന് വലിയ തിരിച്ചടിയായിരുന്നു. വിക്കറ്റിനു പിന്നാൽ സഞ്ജു എത്തുന്നതോടെ എം.എസ്. ധോണി വൈകാതെ ഐ.പി.എൽ കരിയർ അവസാനിപ്പിക്കുമെന്നും അഭ്യൂഹമുണ്ട്. പുതിയ സീസണിൽ ഋതുരാജ് ഗെയ്ക്വാദിന്‍റെ നായകത്വത്തിനു കീഴിലാകും സഞ്ജു കളിക്കളത്തിലെത്തുക. മഞ്ഞക്കുപ്പായത്തിൽ താരത്തെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Tags:    
News Summary - Sanju Samson was emotionally drained, asked to leave RR during IPL 2025: Manoj Badale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.