വിവാദങ്ങൾക്ക് മേലെ 'സാമ്പിൾ വെടിക്കെട്ട്'! ഒരോവറിൽ 22 റൺസ് തൂക്കി സഞ്ജു

ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ട്വന്‍റി-20 മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. 133 റൺസ് പിന്തുടർന്ന ഇന്ത്യ ഏഴ് വിക്കറ്റും 43 പന്തും ബാക്കിയിരിക്കെ  വിജയിച്ചു. ബാറ്റിങ്ങിൽ അഭിഷേക് ശർമയും ബൗളിങ്ങിൽ വരുൺ ചക്രവർത്തിയുമാണ് ഇന്ത്യക്കായി മികവ് കാട്ടിയത്. വരുൺ ചക്രവർത്തി നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ കൊയ്തപ്പോൾ ബാറ്റിങ്ങിനിറങ്ങിയ അഭിഷേക് 34 പന്തിൽ 79 റൺസാണ് അടിച്ചുക്കൂട്ടിയത്. വരുണാണ് കളിയിലെ താരം

മലയാളി താരം സഞ്ജു സാംസൺ 26 റൺസ് നേടിയിരുന്നു. മികച്ച തുടക്കം ലഭിച്ച സഞ്ജുവിന് അത് പൂർണമായും മുതലാക്കാൻ സാധിച്ചില്ലെങ്കിലും ഗസ് അറ്റ്കിൻസണെതിരെ ഒരോവറിൽ അടിച്ച 22 റൺസ് ആരാധകരുടെ മനസ് നിറക്കുന്നുണ്ട്. കെ.സി.എ ആയി ചുറ്റിപറ്റി നിൽക്കുന്ന വിവാദങ്ങൾക്ക് മേലെയും ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്നും നേരിട്ട അവഗണനക്ക് മേലെയും സഞ്ജു സാംസൺന്‍റെ ഒരു 'സാമ്പിൾ വെടിക്കെട്ടാ'യിരുന്നു ആ ഓവർ.

ഇന്ത്യൻ ഇന്നിങ്സിലെ രണ്ടാം ഓവറിലാണ് സഞ്ജുവിന്‍റെ അഴിഞ്ഞാട്ടം. ഓവറിലെ ആദ്യ പന്തിൽ പുൾ ഷോട്ടിലൂടെ ഒരു ഫോർ, രണ്ടാം പന്തിൽ മികച്ചയൊരു കവർ ഡ്രൈവ്. മൂന്നാം പന്ത് ഡോട്ടാകുന്നു. തൊട്ടടുത്ത പന്ത് ചെന്ന് പതിക്കുന്നത് ബൗണ്ടറിക്കപ്പുറം അഞ്ചാം പന്ത് ഡീപ് വിക്കറ്റിലേക്കൊരു കിടിലൻ ഡ്രൈവ്. മാനസികമായി തളർന്ന അറ്റ്കിൻസനോട് പക്ഷെ സഞ്ജു ഒരു ദാക്ഷണ്യവും കാട്ടിയില്ല, ആറാം പന്തിൽ ഫ്ലിക്ക് ഷോട്ടിലൂടെ ഓവറിലെ നാലാം ഫോർ. 22 റൺസ്. 

അതേസമയം നേരത്തെ ഇംഗ്ലണ്ടിനായി 68 റൺസ് നേടിയ നായകൻ ജോസ് ബട്ലറൊഴികെ മറ്റാർക്കും മികവ് കാഴ്ചവെക്കാൻ സാധിച്ചില്ല. ഹാരി ബ്രൂക്ക് 17 റൺസ് നേടി. വാലറ്റത്ത് ജോഫ്ര ആർച്ചർ 12 റൺസ് നേടി. ബാക്കിയാരും രണ്ടക്കം കടന്നില്ല.

44 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറുമടിച്ചാണ് ഇംഗ്ലണ്ട് നായകന്‍റെ ചെറുത്ത് നിൽപ്പ്. ഇന്ത്യക്കായി മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് നേടി. അർഷ്ദീപ് സിങ്, ഹർദിക്ക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. എല്ലാ ബൗളർമാരും ആറിന് താഴെ ഇക്കോണമയിൽ എറിഞ്ഞപ്പോൾ പാണ്ഡ്യയെ ഒരു ഓവറിൽ പത്ത് റൺസ് വെച്ചാണ് ഇംഗ്ലണ്ടുകാർ അടിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ഇന്ത്യ മുന്നിലെത്തി. ജനുവരി 25 ശനിയാഴ്ച ചെപ്പൊക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം.

Tags:    
News Summary - sanju samson scored 26 runs in an over against gus atkinson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.