മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്‍റെ മലയാളി മുഖം സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമാണ്. ടീം മാനേജ്മെന്‍റുമായുള്ള ഭിന്നതയാണ് സഞ്ജുവിന്‍റെ കൂടു മാറ്റത്തിനു പിന്നിലെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും (കെ.കെ.ആർ) സഞ്ജുവിനായി ചരടുവലിക്കുന്നുണ്ട്.
മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്‍റെ ‘കുട്ടി സ്റ്റോറീസ് വിത്ത് ആശ്’ പോഡ്കാസ്റ്റിൽ പങ്കെടുത്തു സഞ്ജു നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കരിയറിലെ മോശം ഫോമിലൂടെ കടന്നുപോകുന്നതിനിടെ ഇന്ത്യൻ ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവും പരിശീലകൻ ഗൗതം ഗംഭീറും തനിക്ക് നൽകിയ ആത്മവിശ്വാസത്തെ കുറിച്ചാണ് താരം പറയുന്നത്. സഞ്ജുവിന്‍റെ സ്ഥിരതയില്ലാത്ത പ്രകടനം, താരത്തിന് ആദ്യകാലങ്ങളിൽ ഇന്ത്യൻ ടീമിൽ അപൂർവമാത്രമായാണ് അവസരങ്ങൾ തുറന്നുകൊടുത്തത്. നായകനായി സൂര്യയും പരിശീലകനായി ഗംഭീറും വന്നതോടെയാണ് ഇതിനു മാറ്റമുണ്ടാകുന്നത്.
ടീമിൽ സ്ഥാനം ഉറപ്പിച്ച സഞ്ജുവിന്, അഭിഷേക് ശർമക്കൊപ്പം ഓപ്പണിങ്ങിലേക്ക് മുന്നേറ്റം കിട്ടി. ശ്രീലങ്കക്കെതിരായ ആദ്യ പരമ്പരയിൽ തിളങ്ങാനായില്ലെങ്കിലും തുടർന്നുവന്ന ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ട്വന്‍റി20 പരമ്പരകളിൽ മൂന്നു സെഞ്ച്വറികളുമായി ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ലങ്കൻ പര്യടനത്തിൽ നിറംമങ്ങിയ തനിക്ക് സൂര്യ നൽകിയ ആത്മവിശ്വാസം വലിയ പ്രചോദനമായെന്ന് സഞ്ജു അശ്വിനോട് പറഞ്ഞു. ‘ട്വന്‍റി20 ലോകകപ്പിനു പിന്നാലെയാണ് വലിയ മാറ്റമുണ്ടാകുന്നത്. ഗൗതം ഭായി പരിശീലകനായി എത്തി, സൂര്യ നായക പദവിയിലേക്കും. ആന്ധ്രപ്രദേശിൽ ദുലീപ് ട്രോഫി ടൂർണമെന്‍റിൽ കളിക്കുകയായിരുന്നു അന്ന് ഞാൻ. എതിർ ടീമിലാണ് സൂര്യകുമാർ കളിക്കുന്നത്. നിന്നെ കാത്ത് വലിയൊരു അവസരം കാത്തിരിക്കുന്നുണ്ടെന്ന് സൂര്യ പറഞ്ഞു. ഏഴു മത്സരങ്ങളാണ് വരാനുള്ളത്, ഏഴിലും ഓപ്പണറായി പരിഗണിക്കുന്നത് നിന്നെയാണ്’ -സാംസൺ വെളിപ്പെടുത്തി.
സൂര്യയുടെ വാക്കുകൾ വലിയ സന്തോഷം നൽകിയെങ്കിലും ഡ്രസ്സിങ് റൂമിലെത്തിയ സഞ്ജു ഏറെ നേരം നിരാശയിലായിരുന്നു. ഈസമയം ഡ്രസ്സിങ് റൂമിലേക്ക് കയറിവന്ന ഗംഭീറും താരത്തോടെ ചോദിക്കുന്നുണ്ട് എന്താണ് പറ്റിയതെന്ന്. നീണ്ട ഇടവേളക്കുശേഷം കളിക്കാനുള്ള അവസരം ലഭിച്ചെങ്കിലും മുതലെടുക്കുന്നതിൽ പരാജയപ്പെട്ടെന്ന് സഞ്ജു മറുപടി നൽകി. ലങ്കൻ പര്യടനത്തിലെ മോശം പ്രകടനമാണ് താരത്തെ അലട്ടിയിരുന്നത്. അതിനെന്താണ് പ്രശ്നം. ‘21 ഡക്കുകൾ നേടായാൽ മാത്രമേ നിന്നെ ഞാൻ ടീമിൽനിന്ന് ഒഴിവാക്കൂ’വെന്നാണ് അന്ന് ഗംഭീർ പറഞ്ഞത്. സൂര്യയുടെയും ഗംഭീറിന്‍റെയും അന്നത്തെ വാക്കുകളാണ് സഞ്ജുവിന് വലിയ പ്രചോദനമായത്. പിന്നീടുള്ള പരമ്പരകളിൽ സഞ്ജു തകർപ്പൻ ബാറ്റിങ്ങുമായി തിരിച്ചുവരുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.