​പ്രഖ്യാപനമായി, വണക്കം സഞ്ജൂ..; 18 കോടിക്ക് ചെ​ന്നൈയിൽ; വിലയിടിഞ്ഞ് ജദേജ രാജസ്ഥാനിലേക്ക്

മുംബൈ: ഒടുവിൽ കാത്തിരുന്ന പ്രഖ്യാപനമെത്തി. മലയാളി താരം സഞ്ജു സാംസൺ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി പാഡണിയും. പതിറ്റാണ്ടിലേറെ നീണ്ട രാജസ്ഥാൻ റോയൽസ് കരിയറിനൊടുവിൽ താരത്തിന്റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ്. മാസങ്ങളായി തുടർന്ന ഊ​ഹാപോഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് സഞ്ജുവിന്റെ കൂടുമാറ്റം സംബന്ധിച്ച് സ്ഥിരീകരണമെത്തുന്നത്.

ഐ.പി.എൽ താരങ്ങളെ നിലനിർത്തുന്നതിനുള്ള ഡെഡ് ലൈൻ വെള്ളിയാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. ചെന്നൈ ഓൾറൗണ്ടർ രവീന്ദ്ര ജദേജ, സാം കറൻ എന്നിവരെ കൈമാറിയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിനെ ചെന്നൈ സ്വന്തമാക്കി തങ്ങളുടെ നിരയിലെത്തുന്നത്.

നിലവിലെ വാർഷിക പ്രതിഫല തുകയായ 18 കോടി രൂപയിൽ തന്നെയാണ് ​ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കുന്നത്. അതേസമയം, ജദേജയുടെ  വാർഷിക പ്രതിഫലം 18 കോടിയിൽ നിന്നും 14 കോടിയായി കുറഞ്ഞു. ഇംഗ്ലണ്ടുകാരനായ ഓൾറൗണ്ടർ സാംകറന് 2.40കോടിയെന്ന പ്രതിഫലം മാറ്റമില്ലാതെ തന്നെ നൽകും. നാല് കോടിയാണ് ജദേജക്ക് രജസ്ഥാൻ സാലറി കട്ട് വരുത്തിയത്. 

ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി ​സൺറൈസേഴ്സിൽ നിന്നും ലഖ്നോ സൂപ്പർ ജയന്റ്സിലേക്ക് കൂടുമാറി. 10 കോടി വാർഷിക പ്രതിഫലത്തിനാണ് താരത്തിന്റെ കൂടുമാറ്റം. രണ്ടു സീസണിലായി സൺറൈഴേസിൽ കളിച്ച ഷമി, ഇടക്കാലത്ത് പരിക്കിന്റെ പിടിയിലുമായി. അതേമസയം, മികച്ച ഫോമിൽ തിരികെയെത്തിയതിനു പിന്നാലെയാണ് പുതിയ സീസണിന് മുന്നോടിയായി താരം ലഖ്നോവിലെത്തുന്നത്.

മായങ്ക് മർകണ്ഡെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്നും തന്റെ മുൻ ക്ലബായ മുംബൈ ഇന്ത്യൻസിലെത്തും.

സചിൻ ടെണ്ടുൽകറിന്റെ മകൻ അർജുൻ ടെണ്ടുൽകർ മുംബൈയിൽ നിന്നും ലഖ്നോ സൂപ്പർ ജന്റ്സിലേക്ക് കൂടുമാറി. 30 ലക്ഷം എന്ന നിലവിലെ പ്രതിഫല തുകയിൽ തന്നെയാണ് പുതിയ ടീമിലേക്കുള്ള മാറ്റം.

വെടിക്കെട്ട് ബാറ്റർ നിതീഷ് റാണയെ രജസ്ഥാൻ റോയൽസിൽ നിന്നും ഡൽഹി കാപിറ്റൽസ് സ്വന്തമാക്കി. 4.2 കോടി തുകക്കാണ് കൂടുമാറ്റം. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡൊണോവൻ ഫെരീറയെ രാജസ്ഥാന് വിട്ടു നിൽകിയാണ് ഡൽഹി അപ്രതീക്ഷിത നീക്കത്തിലൂടെ നിതീഷ് റാണയെ തങ്ങളുടെ ടീമിന്റെ ഭാഗമാക്കിയത്.

2013ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് സഞ്ജു സാംസൺ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം രാജസ്ഥാനിൽ. 2014 സീസണിന് മുന്നോടിയായി സഞ്ജുവിനെ രാജസ്ഥാൻ പ്രധാന താരമായി നിലനിർത്തുകയും ചെയ്തു. 2018ൽ ടീം സസ്​പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ടീമിൽ സഞ്ജു സാംസൺ ഉണ്ടായിരുന്നു. പിന്നീട് 2021ൽ സഞ്ജു ടീമിന്റെ ക്യാപ്റ്റനായി. സഞ്ജുവിന് കീഴിലാണ് രാജസ്ഥാൻ റോയൽസ് 2008ന് ശേഷം ആദ്യമായി ഫൈനൽ കളിച്ചത്. സഞ്ജു ക്യാപ്റ്റനായ 67 മത്സരങ്ങളിൽ 33 എണ്ണത്തിൽ വീതം രാജസ്ഥാൻ ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Sanju Samson officially traded to Chennai Super Kings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.