സഞ്ജുവിന്‍റെ കൈവിരലിന് പൊട്ടൽ; ആറാഴ്ച പുറത്തിരിക്കണം; രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളത്തിനായി കളിക്കില്ല

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ് ആറാഴ്ച വിശ്രമംവേണ്ടിവരുമെന്ന് റിപ്പോർട്ട്. താരത്തിന് ചൂണ്ടുവിരലിന് പൊട്ടലുണ്ട്. ബാറ്റിങ്ങിനിടെ പേസർ ജോഫ്ര ആർച്ചറുടെ പന്ത് തട്ടിയാണ് വിരലിന് പരിക്കേറ്റത്.

രഞ്ജി ട്രോഫിയിൽ കേരളത്തിനായി സഞ്ജു കളിക്കില്ല. ഈ മാസം എട്ടിന് ജമ്മു കശ്മീരിനെതിരെയാണ് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ മത്സരം. ഇടവേളക്കുശേഷമാണ് കേരളം ക്വാർട്ടറിലെത്തുന്നത്. വിശ്രമത്തിനുശേഷം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻ.സി.എ) കായികക്ഷമത തെളിയിച്ചാൽ മാത്രമേ താരത്തിന് മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകു. ആർച്ചറിന്‍റെ ആദ്യ പന്ത് തന്നെ സിക്സ് പറത്തിയാണ് സഞ്ജു ബാറ്റിങ് തുടങ്ങിയത്. മൂന്നാം പന്ത് താരത്തിന്റെ വിരലിലാണ് തട്ടിയത്. തുടർന്ന് ടീം ഫിസിയോയെത്തി പരിശോധിച്ചശേഷം ബാൻഡേജ് ചുറ്റിയാണ് താരം ബാറ്റിങ് പുനരാരംഭിച്ചത്.

അതേ ഓവറിൽ ഒരു സിക്സും ഫോറും കൂടി സഞ്ജു നേടി, മൊത്തം 16 റൺസ്. എന്നാൽ, മാർക് വുഡ് എറിഞ്ഞ രണ്ടാം ഓവറിൽ താരം പുറത്തായി. ഷോർട്ട് ബാളിൽ വമ്പനടിക്കുശ്രമിച്ച താരത്തെ ആര്‍ച്ചർ ക്യാച്ചെടുത്താണ് പുറത്താക്കിയത്. ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിനു പകരം യുവതാരം ധ്രുവ് ജുറേലാണ് ഇറങ്ങിയത്. ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും ട്വന്‍റി20 പരമ്പരകളിൽ തകർപ്പൻ പ്രകടനം നടത്തിയതിന്‍റെ പ്രതീക്ഷയിലാണ് സഞ്ജു ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങിയത്.

ഏഴു മത്സരങ്ങളിൽനിന്ന് മൂന്നു സെഞ്ച്വറികൾ നേടിയ താരം, ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിരാശപ്പെടുത്തി. ഒരു മത്സരത്തിൽ പോലും തിളങ്ങാനായില്ല. അഞ്ചു മത്സരങ്ങളിൽനിന്ന് 51 റൺസാണ് സമ്പാദ്യം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജു കളിക്കുന്നില്ല. പരിക്ക് ഗുരുതരമല്ലെങ്കിലും രാജസ്ഥാൻ റോയൽസിന് ആശങ്കയുണ്ട്. മാർച്ച് 21നാണ് 2025 ഐ.പി.എല്ലിനു തുടക്കമാകുക.

Tags:    
News Summary - Sanju Samson finger broken; will not be played in the Ranji Trophy quarter-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.