എം.എസ് ധോണിയും സഞ്ജു സാംസണും
ചെന്നൈ: ഐ.പി.എൽ സീസണിലെ ഏറ്റവും വലിയ താരകൈമാറ്റമായി ശ്രദ്ധേയമായ മലയാളി താരം സഞ്ജു സാംസൺ ചെന്നൈയുടെ സ്വന്തമായി കഴിഞ്ഞു. മാസങ്ങൾ നീണ്ടു നിന്ന ഊഹാപോഹങ്ങൾക്കു ശേഷം ഏതാനും ദിവസം മുമ്പാണ് സഞ്ജുവിന്റെ ഡീൽ ചെന്നൈയും രാജസ്ഥാനും ഉറപ്പിച്ച് കൂടുമാറ്റം അന്തിമമാക്കിയത്.
പിങ്കും നീലയും കുപ്പായത്തിൽ പതിറ്റാണ്ടുകളായി കണ്ട സഞ്ജുവിനെ ചെന്നൈയുടെ മഞ്ഞ കുപ്പായത്തിലെ അരങ്ങേറ്റം കാത്തിരിക്കുന്ന ആരാധകരോട് മഞ്ഞയണിഞ്ഞ് ഒരുങ്ങാൻ കേരളത്തിന്റെ പ്രിയതാരം സഞ്ജു സാംസൺ അഭ്യർഥിക്കുന്നു. ചെന്നൈ സൂപ്പർ കിങ്സ് ടീം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച സഞ്ജുവിന്റെ ആദ്യ അഭിമുഖത്തിലാണ് ചെന്നൈയിലേക്കുള്ള വരവും, പ്രതീക്ഷയുമെല്ലാം താരം പങ്കുവെച്ചത്.
ചെറിയ പ്രായം മുതൽ ആരാധനയോടെ നോക്കി നിന്ന, എം.എസ് ധോണിക്കൊപ്പം ചെന്നൈ സൂപ്പർ കിങ്സിന്റെ ഡ്രസ്സിങ് റൂം നിമിഷങ്ങൾക്കും ഒന്നിച്ച് കളിക്കുന്ന ഭാഗ്യത്തിനുമായി കാത്തിരിക്കുകയാണെന്ന് സഞ്ജു പറയുന്നു.
‘19ാം വയസ്സിലാണ് എം.എസ് ധോണിയെ കാണുന്നത്. മഹി ഭായുടെ കീഴിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിന്റെ ഭാഗമായപ്പോഴായിരുന്നു അത്. അന്ന് 10-20 ദിവസം അദ്ദേഹവുമായി ഒന്നിച്ചിടപഴകാനും സംസാരിക്കാനും കഴിഞ്ഞു. ശേഷം, ഐ.പി.എല്ലിലും ദേശീയ ടീമിലുമായി കാണുമ്പോഴേല്ലാം ആൾകൂട്ടങ്ങൾക്ക് നടുവിലായിരിക്കും മഹി ഭായ്. ഒരിക്കലെങ്കിലും തനിച്ച് ധോണിയെ കാണണം എന്നത് ആഗ്രഹമായിരുന്നു. ഒടുവിൽ, ഏതാനും മാസങ്ങൾക്കൊടുവിൽ അദ്ദേഹത്തിനൊപ്പം ഡ്രസ്സിങ് റൂമിലും ഡൈനിങ് റൂമിലും കളത്തിലും ഒന്നിച്ചിരിക്കാനും കളിക്കാനും പോകുന്നതിന്റെ ആവേശത്തിലാണിപ്പോൾ’ -സഞ്ജു സാംസൺ പറഞ്ഞു.
കഴിഞ്ഞ പതിറ്റാണ്ടു കാലം രാജസ്ഥാൻ റോയൽസിനൊപ്പം തന്നെയും പിന്തുണച്ച ആരാധകരോട് ചെന്നൈകൊപ്പം കൂടാനും താരം ആവശ്യപ്പെട്ടു.
‘ആരുടെയും ഇഷ്ടങ്ങൾ പെട്ടെന്ന് മാറ്റാൻ പറ്റില്ല. നാളെ മുതൽ ചെന്നൈയെ സപ്പോർട്ട് ചെയ്യണം എന്ന് പറയുന്നില്ല. പക്ഷേ, ഇനി മുതൽ നമ്മൾ ചെന്നൈ ആണ്. എല്ലാവരും മഞ്ഞ ജഴ്സി അണിയുക. ചെന്നൈ സൂപ്പർകിങ്സിനെ ഒരു കപ്പ് കൂടി അടിപ്പിക്കുക’ -സഞ്ജു പതിവു ചിരിയോടെ ആവേശത്തോടെ പറഞ്ഞു.
‘ഐ.പി.എല്ലിന്റെ ആദ്യ സീസൺ മുതൽ മനസ്സിൽ കൊതിക്കുന്ന ജഴ്സിയാണ് ചെന്നൈ സൂപ്പർ കിങ്സ്. ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഡ്രസ്സിങ് റൂമുകളിൽ ഒന്നാണ് ചെന്നൈയുടേത്. ഇന്ത്യൻ താരങ്ങളും, വിദേശതാരങ്ങളും ആഭ്യന്തര താരങ്ങളും ഉൾപ്പെടെ വലിയൊരു നിര തന്നെ ചെന്നൈകൊപ്പമുണ്ട്. അതിന്റെ ഭാഗമാവുന്നതിനായി ആവശേത്തോടെ കാത്തിരിപ്പിലാണ് ഞാൻ’ -സഞ്ജു പറഞ്ഞു.
‘ചെറിയ പ്രായത്തിൽ ചെന്നൈയിൽ വന്ന് ക്രിക്കറ്റ് കളിച്ചിരുന്നു. തമിഴ്നാടും ചെന്നൈയും കേരളം പോലെ സുപരിചിതമാണ്. ഒരുപാട് സുഹൃത്തുക്കളുണ്ട്. നേരത്തെ തന്നെ തമിഴ് സിനിമകൾ കാണുമായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ തമിഴ് മനസ്സിലാകുമായിരുന്നു. അത്യാവശ്യം സംസാരിക്കുകയും ചെയ്യും.’
‘ചെന്നൈ ജഴ്സി അണിയുമ്പോൾ തന്നെ ചാമ്പ്യൻ ഫീലിങ് ആണ്. തീർച്ചയായും സന്തോഷവും പുത്തൻ ഊർജവും വരുന്നു.’
ഋതുരാജ് ഗെയ്ക്‍വാദ് നല്ലൊരു സുഹൃത്താണ്. അദ്ദേഹത്തിനു കീഴിൽ കളിക്കുന്നതും സന്തോഷം നൽകുന്നതാണ്. മൈകൽ ഹസി, െഫ്ലമിങ്, ബ്രുവിസ് തുടങ്ങിയവർക്കൊപ്പമുള്ള നാളുകൾക്കായുള്ള കാത്തിരിപ്പിനെ കുറിച്ചും സഞ്ജു വാചാലനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.