സഞ്ജുവും സഹോദരനും ഒരുടീമിൽ കളിക്കും, സാലി സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസണും സഹോദരൻ സാലി സാംസണും ഒരു ടീമിൽ കളിക്കും. സാലി സാംസണെ അടിസ്ഥാന വിലയായ 75,000 രൂപക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കി. കഴിഞ്ഞ സീസണിലും കൊച്ചിയുടെ താരമായിരുന്നു സാലി സാംസണ്‍.

നേരത്തെ, റെക്കോഡ് തുകക്ക് സഞ്ജുവിനെ കൊച്ചി വാങ്ങിയിരുന്നു. 26.80 ലക്ഷം രൂപക്കാണ് സഞ്ജുവിനെ സ്വന്തമാക്കിയത്. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. സഞ്ജുവിന്റെ ആദ്യ കെ.സി.എല്‍ സീസണാണിത്. ഓൾ റൗണ്ടറായ സാലി പ്ലേയർ ഡ്രാഫ്റ്റിൽ സി കാറ്റഗറിയിലാണ് ഉൾപ്പെട്ടിരുന്നത്. ലേലത്തിൽ താരത്തിനുവേണ്ടി മറ്റു ടീമുകളൊന്നും മുന്നോട്ടുവന്നില്ല.

ഒടുവിൽ കൊച്ചി തന്നെ വിളിച്ചെടുക്കുകയായിരുന്നു. അണ്ടർ 16 വിഭാഗത്തിൽ സൗത്ത് സോണിനു വേണ്ടി സാലി കളിച്ചിട്ടുണ്ട്. കേരളത്തിന്‍റെ അണ്ടർ 23, 25 ടീമുകളിലും അംഗമായിരുന്നു. ലിസ്റ്റ് എയിൽ ആറു മത്സരങ്ങൾ കളിച്ചു. അതേസമയം, ലീഗില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും സഞ്ജുവിന് വേണ്ടി താല്‍പര്യം പ്രകടിപ്പിച്ചതോടെ ലേലവും ആവേശകരമായി.

എന്നാല്‍ കൊച്ചിയുടെ വലിയ തുകക്ക് മുന്നില്‍ ശേഷിക്കുന്ന ടീമുകള്‍ മുട്ടുമടക്കുകയായിരുന്നു. അഞ്ച് ലക്ഷത്തില്‍ നിന്നാണ് സഞ്ജുവിനുള്ള ലേലം വിളി തുടങ്ങിയത്. എന്നാല്‍ തിരുവനന്തപുരം റോയല്‍സ് 20 ലക്ഷം വരെയാക്കി ഉയര്‍ത്തി. 25 ലക്ഷം ഓഫര്‍ ചെയ്ത് തൃശൂര്‍ ടൈറ്റന്‍സ് താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ബ്ലൂ ടൈഗേഴ്‌സ് 26.80 ലക്ഷംരൂപക്ക് സഞ്ജുവിനെ ടീമിലെത്തിച്ചു. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്.

അതേസമയം, വിഷ്ണു വിനോദിനെ 12.8 ലക്ഷത്തിന് ഏരീസ് കൊല്ലം സെയിലേഴ്‌സ് സ്വന്തമാക്കി. ജലജ് സക്‌സേനയെ 12.40 ലക്ഷത്തിന് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കി. പേസര്‍ ബേസില്‍ തമ്പി തിരുവനന്തപുരം റോയല്‍സിന് വേണ്ടി കളിക്കും. 8.4 ലക്ഷത്തിലാണ് ബേസില്‍ തിരുവനന്തപുരം ടീമിലെത്തിയത്. ഷോണ്‍ റോജര്‍ തൃശൂര്‍ ടൈറ്റന്‍സിന് വേണ്ടി കളിക്കും. 4.40 ലക്ഷത്തിലാണ് ഷോണിനെ ടൈറ്റന്‍സ് സ്വന്തമാക്കിയത്. സിജോമോന്‍ ജോസഫും തൃശൂരിലെത്തി 5.20 ലക്ഷമാണ് താരത്തിനായി മുടക്കിയത്. വിനൂപ് മനോഹരനെ മൂന്ന് ലക്ഷത്തിന് കൊച്ചി സ്വന്തമാക്കി. എം.എസ്. അഖിലിനെ 8.40 ലക്ഷം മടക്കി കൊല്ലം ടീമിലെത്തിച്ചു. അഭിജിത് പ്രവീണ്‍ 4.20 ലക്ഷത്തിന് തിരുവനന്തപുരം റോയല്‍സിലെത്തി.

Tags:    
News Summary - Sanju and his brother Sally Samson will play in the same team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.