'11 മത്സരങ്ങൾ, ശരാശരി 60 റൺസ്'; സഞ്ജുവിന് പിന്തുണയുമായി സൈമൺ ഡൗളും ഹർഷ ഭോഗ്ലെയും

ഞ്ജു സാംസണും റിഷഭ് പന്തും തമ്മിലുള്ള താരതമ്യം ഇന്ത്യൻ ക്രിക്കറ്റിൽ ചൂടുപിടിക്കുകയാണ്. തുടർച്ചയായി പരാജയപ്പെട്ടിട്ടും പന്തിന് അവസരങ്ങൾ നൽകുകയും, അതേസമയം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജുവിനെ തഴയുകയും ചെയ്യുന്ന ടീം നിലപാടിനെതിരെ ആരാധകർക്ക് പുറമേ മുൻ താരങ്ങൾ വരെ വിമർശനമുയർത്തിക്കഴിഞ്ഞു. ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ അവസരം ലഭിച്ച സഞ്ജു താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ, രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ടീമിലുൾപ്പെടുത്തിയില്ല. ആദ്യ കളിയിൽ മോശം പ്രകടനം നടത്തിയ പന്തിനെയാകട്ടെ ടീമിൽ നിലനിർത്തുകയും ചെയ്തു. ഈ അനീതിക്കെതിരെ വ്യാപക വിമർശനമാണ് ആരാധകർ ഉയർത്തിയത്.

സഞ്ജുവിന് ഇനിയും അവസരം നൽകാതിരിക്കുന്നതിന് ന്യായീകരണമില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ന്യൂസിലാൻഡ് മുൻ താരവും കമന്‍റേറ്ററുമായ സൈമൺ ഡൗളും ഇന്ത്യൻ കമന്‍റേറ്റർ ഹർഷ ഭോഗ്ലെയും. ക്രിക്ബസിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.

 

സഞ്ജുവിന് ഇനിയെങ്കിലും അവസരം നൽകേണ്ടതുണ്ടെന്നാണ് ന്യൂസിലാൻഡ് മുൻ ഫാസ്റ്റ് ബൗളർ കൂടിയായ സൈമൺ ഡൗൾ അഭിപ്രായപ്പെട്ടത്. 'സഞ്ജു സാംസൺ-റിഷഭ് പന്ത് ചർച്ച വളരെ രസകരമാണ്. 30 മത്സരങ്ങൾ കളിച്ച പന്തിന്‍റെ ശരാശരി വെറും 35 ആണ്. സ്ട്രൈക്ക് റേറ്റ് മോശമല്ല. പക്ഷേ സഞ്ജുവിനെ നോക്കൂ, 11 മത്സരങ്ങൾ കളിച്ച സഞ്ജുവിന്‍റെ ശരാശരി 60ന് മുകളിലാണ്. വിക്കറ്റ് കീപ്പിങിലും സഞ്ജു മോശമല്ല. സഞ്ജു കൂടുതൽ അവസരം അർഹിക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്' -സൈമൺ ഡൗൾ പറഞ്ഞു.

റിഷഭ് പന്തിനെ കുറിച്ച് ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. പന്താണ് ഭാവിയെന്ന് പറയുന്നു. എന്നാൽ, വൈറ്റ് ബോൾ മത്സരങ്ങളിൽ ഒന്നും ചെയ്തിട്ടില്ല. മികച്ച ടെസ്റ്റ് കളിക്കാരനാണ്. ടെസ്റ്റിൽ വിജയിക്കുമെന്ന് ഉറപ്പുള്ളയാളാണ്. എന്നാൽ ഏകദിനത്തിൽ മികച്ച കീപ്പർ ബാറ്റർ ആണോ? എനിക്കത് ബോധ്യപ്പെട്ടിട്ടില്ല - സൈമൺ ഡൗൾ വ്യക്തമാക്കി.

ആരാണ് മികച്ചവൻ എന്ന് ബി.സി.സി.ഐ നോക്കുന്നില്ല എന്നാണ് ഹർഷ ഭോഗ്ലെ പറഞ്ഞത്. പന്തിന് സ്ഥാനം കണ്ടെത്താനാണ് ബി.സി.സി.ഐ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു പരിധിവരെ പന്ത് അതിന് അർഹനായിരുന്നു, എന്നാൽ ആ പരിധി ഇപ്പോൾ അവസാനിച്ചു. വൈറ്റ് ബോൾ ക്രിക്കറ്റിൽ സഞ്ജുവിനെ പരിഗണിക്കേണ്ട സമയമായി -ഭോഗ്ലെ പറഞ്ഞു. 

Tags:    
News Summary - Samson Vs Pant: Sanju Deserves An Opportunity As Well Says Simon Doull

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.