രാജസ്ഥാൻ റോയൽസ് വിടാൻ സന്നദ്ധത അറിയിച്ച് സഞ്ജു സാംസൺ; ടീമിൽ നിന്നും റിലീസ് ചെയ്യാൻ ആവശ്യപ്പെട്ടു

മുംബൈ: രാജസ്ഥാൻ റോയൽസ് ടീം വിടാനൊരുങ്ങി മലയാളി താരം സഞ്ജു സാംസൺ. ടീമിൽ നിന്നും പോകാനുള്ള താൽപര്യം സഞ്ജു മാനേജ്മെന്റിനെ അറിയിച്ചുവെന്നാണ് വിവരം. ടീമിൽ നിന്ന് റിലീസ് ചെയ്യണമെന്ന് സഞ്ജു സാംസൺ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സഞ്ജു സാംസൺ ടീം വിടുന്നത് സംബന്ധിച്ച് ടീം മാനേജ്മെന്റിൽ നിന്ന് ഔദ്യോഗികമായ ഒരു പ്രതികരണവും പുറത്ത് വന്നിട്ടില്ല.

ടീമിന്റെ ഉടമയായ മനോജ് ബാദ്ലെ ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. രാഹുൽ ദ്രാവിഡുമായി ചേർന്ന് അന്തിമ തീരുമാനം എടുക്കുമെന്ന അനൗദ്യോഗിക വിശദീകരണം രാജസ്ഥാൻ ടീം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ടീം സഞ്ജുവിനെ ഒഴിവാക്കുകയാണെങ്കിൽ 2026ലെ മിനി താരലേലത്തിൽ മലയാളി താരവുമുണ്ടാകും.

രാജസ്ഥാൻ റോയൽസിൽ പരിശീലകൻ രാഹുൽ ദ്രാവിഡ് വരുതതിയ ചില മാറ്റങ്ങളിൽ സഞ്ജു അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യശ്വസി ജയ്സ്വാളിനൊപ്പം വൈഭവിനെ ഓപ്പണറാക്കുകയും ഈ സഖ്യം വിജയിക്കുകയും ചെയ്തതോടെ ടീമിലെ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനിലടക്കം അനിശ്ചിതത്വം ഉണ്ടായിരുന്നു.

നേരത്തെ സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സഞ്ജുവിനെ റിലീസ് ചെയ്യാൻ തയാറല്ലെന്ന് രാജസ്ഥാൻ അറിയിച്ചതോടെ ഈ നീക്കങ്ങൾ പ്രതിസന്ധിയിലായിരുന്നു. എന്നാൽ, സഞ്ജു തന്നെ ടീം വിടാൻ സന്നദ്ധത അറിയിച്ചതോടെ ടീമിന് മുന്നിൽ മറ്റ് വഴികളില്ലാതായി. ചെന്നൈ സൂപ്പർ കിങ്സിനൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിന സ്വന്തമാക്കാനുണ്ട്.

Tags:    
News Summary - Samson asks to be released by Rajasthan Royals ahead of IPL 2026 auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.