1983 ലോകകപ്പ് വിജയിച്ച കപിലിന്റെ ചെകുത്താൻമാർക്ക് ലഭിച്ച പ്രതിഫലം അറിയാം

കപിൽ ദേവിന്റെ ചെകുത്താൻമാർ ക്രിക്കറ്റിന്റെ മക്കയായ ലോർഡ്സിൽ വിശ്വകിരീടം ചൂടിയതിന്റെ 40–ാം വാർഷികം ആഘോഷിക്കുകയാണ് രാജ്യം. ജനപ്രീതിയിൽ രാജ്യത്ത് ഫുട്ബാളിനും ഹോക്കിക്കും പിറകിലായിരുന്നു ക്രിക്കറ്റ്. എന്നാൽ 1983 ലോകകപ്പ് നേട്ടം എല്ലാം മാറ്റി മറിച്ചു. റേഡിയോയിൽ കാതോർത്തും ടിവിക്ക് മുന്നിൽ അക്ഷമരായി ഇരുന്നുമൊക്കെ ഇന്ത്യക്കാർ ക്രിക്കറ്റിനെ ആഘോഷിച്ചു. തെരുവായ തെരുവുകളിലെല്ലാം ഗള്ളി ക്രിക്കറ്റിന്റെ അലയൊലികളായി.

ലോർഡ്സിലേക്ക് ലോകകപ്പ് കളിക്കാൻ പോയത് ഒരു വിനോദയാത്രയായി മാത്രമാണ് കണക്കാക്കിയിരുന്നതെന്നും സെമിയിൽ പോലും എത്തുമെന്ന് കരുതിയില്ലെന്നും അന്ന് ഇന്ത്യൻ ടീമിലുണ്ടായിരുന്ന നിരവധി കളിക്കാർ പറഞ്ഞിരുന്നു. എന്നാൽ, ആദ്യ ലീഗ് മത്സരത്തിൽ ശക്തരായ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചതോടെ, ക്രമേണ അവർക്ക് ആത്മവിശ്വാസം കൈവന്നു. ജൂൺ 25ന് നടന്ന ഫൈനലിലും വിൻഡീസിനെ തകർത്ത് 24 കാരനായ കപിലും സംഘവും കപ്പടിച്ചു.


ക്രിക്കറ്റ് താരങ്ങൾക്ക് ഇപ്പോൾ കോടികളാണ് പ്രതിഫലമായി ലഭിക്കുന്നത്. ഐ.പി.എല്ലിന്റെ വരവും താരങ്ങളെ അതിസമ്പന്നരാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ, നമ്മൾ ഏറ്റവും അഭിമാനത്തോടെ ഓർക്കുന്ന 1983 ലോകകപ്പ് കളിച്ച ഇന്ത്യൻ താരങ്ങൾക്ക് ലഭിച്ച പ്രതിഫലം എത്രയാണെന്ന് അറിയുമോ..?

പ്രശസ്ത മാധ്യമപ്രവർത്തകനായ മകരന്ദ് വൈഗങ്കർ ട്വിറ്ററിൽ പങ്കുവെച്ച ടീം ഷീറ്റിന്റെ ചിത്രത്തിൽ കപിൽ ദേവ് അടക്കം അന്ന് ഇന്ത്യൻ ടീമിലുണ്ടായിരുന്നവർക്ക് ലഭിച്ച പ്രതിഫലം കൃത്യമായി ലിസ്റ്റ് ചെയ്തിരിക്കുന്നതായി കാണാം. ‘PAYMENTS TO INDIAN TEAM FOR ONE DAY INTERNATIONAL DT 1983 സെപ്തംബർ 21’ എന്ന തലക്കെട്ടിലുള്ള ലിസ്റ്റ് പ്രകാരം ഓരോ താരങ്ങൾക്കും ദിവസം 200 രൂപ അലവൻസും 1500 രൂപ മാച്ച് ഫീയുമാണ് ലഭിച്ചത്. അങ്ങനെ ആകെ, 2100 രൂപയാണ് ഒരു താരത്തിന്റെ പ്രതിഫലം.


2011 ലോകകപ്പ് വിജയത്തിന് പിന്നാലെ ബിസിസിഐ ഓരോ താരങ്ങൾക്കും നൽകിയത് രണ്ട് കോടി വീതമായിരുന്നു. 2003 ലോകകപ്പ് ഫൈനലിൽ തോറ്റ ഇന്ത്യൻ താരങ്ങൾക്ക് 70 ലക്ഷം രൂപ വീതമായിരുന്നു പ്രതിഫലമായി ലഭിച്ചത്. 2019 ലോകകപ്പ് സെമിയിൽ ഇന്ത്യ തോറ്റ് പുറത്തായെങ്കിലും അന്നും കോടികളായിരുന്നു ടീമിനും താരങ്ങൾക്കും ലഭിച്ചത്. 

Tags:    
News Summary - Salary for the Indian Team following their Victory in the 1983 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.