ട്വന്‍റി20 ലോകകപ്പിൽ കോഹ്ലിയെ ഓപ്പണറാക്കണം; ഇന്ത്യയുടേത് സന്തുലിതമായ ടീമെന്നും മുൻ നായകൻ

മുംബൈ: ഐ.പി.എല്ലിൽ ഗംഭീര ഫോമിലുള്ള സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയെ ട്വന്‍റി20 ലോകകപ്പിൽ ഓപ്പണറാക്കണെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഐ.പി.എല്ലിൽ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ ഏറെ മുന്നിലാണ് കോഹ്ലി. 12 മത്സരങ്ങളിൽനിന്ന് 634 റൺസാണ് താരം ഇതുവരെ നേടിയത്.

ശരാശരി 70.44ഉം സ്ട്രൈക്ക് റേറ്റ് 153.51ഉം. ‘കോഹ്ലി മികച്ച ഫോമിലാണ് കളിക്കുന്നത്. ഇന്നലെ രാത്രി കോഹ്ലി ബാറ്റ് ചെയ്ത രീതി നോക്കുമ്പോൾ, അതിവേഗത്തിലുള്ള 90 റൺസ്, ട്വന്‍റി20 ലോകകപ്പിൽ നിങ്ങൾ അവനെ ഓപ്പണറായി ഉപയോഗിക്കണം. അദ്ദേഹം ഓപ്പൺ ചെയ്യണം, കഴിഞ്ഞ ഏതാനും ഐ.പി.എൽ ഇന്നിങ്സുകൾ മികച്ചതായിരുന്നു’ -ഗാംഗുലി വാർത്ത ഏജൻസി പി.ടി.ഐയോട് പറഞ്ഞു.

ലോകകപ്പിന് സന്തുലിതമായ ടീമിനെയാണ് ഇന്ത്യ തെരഞ്ഞെടുത്തതെന്നും കിരീടം നേടാൻ ഏറെ സാധ്യതയുള്ള ടീമാണിതെന്നും ഗാംഗുലി പറഞ്ഞു. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്‍റി20 ലോകകപ്പിലാണ് ഇന്ത്യ കിരീടം നേടിയത്. ഇതൊരു മികച്ച ടീമാണ്. സാധ്യമായ ഏറ്റവും മികച്ച ടീമിനെയാണ് അവർ തെരഞ്ഞെടുത്തത്. ബാറ്റർമാരെ കൂടാതെ, ടീമിലുള്ള ബൗളർമാരും മികച്ചതാണ്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് ബുംറ. കുൽദീപ്, അക്‌സർ, സിറാജ് എന്നിവരെല്ലാം അനുഭവ പരിചയമുള്ള താരങ്ങളാണ്. ഏറ്റവും അനുയോജ്യമായ ഒരു കോമ്പിനേഷനാണിതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

ഈ ഐ.പി.എൽ സീസണിൽ ടീമുകൾ അനായാസമായാണ് 250ന് മുകളിൽ സ്കോർ ചെയ്യുന്നത്. ഭാവിയിലും ഈ ട്രെന്‍റ് തുടരും. ബാറ്റിങ്ങിന് അനുകൂലമായ പിച്ചുകളും ചെറിയ ഗ്രൗണ്ടുകളുമാണ് ടീം സ്കോർ 250 കടക്കാനുള്ള പ്രധാന കാരണം. ഡൽഹിയും രാജസ്ഥാനും തമ്മിലുള്ള കഴിഞ്ഞ മത്സരത്തിൽ മാത്രം 26 സിക്സുകളാണ് ഇരുടീമുകളും നേടിയതെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

Tags:    
News Summary - T20 World Cup: Virat Kohli should open in the ICC event -Sourav Ganguly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.