മോഹിത് ശർമക്ക് മൂന്ന് വിക്കറ്റ്; ചെന്നൈയെ 35 റൺസിന് വീഴ്ത്തി ഗുജറാത്ത്

അഹമ്മദാബാദ്: ശുഭ്മാൻ ഗില്ലിന്റെയും സായ്സുദർശന്റെയും തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ഗുജറാത്ത് ടെറ്റൻസ് ഒരുക്കിയ 232 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ ചെന്നൈക്കായില്ല. അർധ സെഞ്ച്വറിയുമായി ഡാരിൽ മിച്ചലും (63) മുഈൻ അലിയും (56) ചേർന്ന് ചെന്നൈ സൂപ്പർ കിങ്സിനായി ശക്തമായ ചെറുത്ത് നിൽപ്പ് നടത്തിയെങ്കിലും 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റെടുത്ത മോഹിത് ശർമയാണ് ചെന്നൈയുടെ നടുവൊടിച്ചത്. 35 റൺസിന്റെ വിജയം സ്വന്തമാക്കിയ ഗുജറാത്ത് പ്ലേ ഓഫിലേക്കുള്ള വിദൂര സാധ്യത നിലനിർത്തി. നിർണായക മത്സരത്തിലെ തോൽവി നിലവിൽ നാലാം സ്ഥാനത്തുള്ള ചെന്നൈയെ പ്രതിരോധത്തിലാക്കി.

താരതമ്യേന വൻ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ തുടക്കം തകർച്ചയോടെയാണ്. 10 റൺസെടുക്കുന്നതിനിടെയിൽ മൂന്ന് മുൻനിര ബാറ്റർമാർ വീണു. അജിങ്കെ രഹാനെ(1), രചിൻ രവീന്ദ്ര (1) ഋതുരാജ് ഗെയ്ക് വാദ് (0) തുടങ്ങിയ ബാറ്റർമാർ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറിയതോടെ അപകടം മണത്ത ചെന്നൈയെ ഡാരി മിച്ചലും മുഈൻ അലിയും ചേർന്നാണ് കരകയറ്റിയത്.

34 പന്തിൽ 63 റൺസെടുത്ത മിച്ചലും 36 പന്തിൽ 56 റൺസെടുത്ത് മുഈൻ അലിയും മോഹിത് ശർമക്ക് വിക്കറ്റ് നൽകി മടങ്ങിയതോടെ വീണ്ടും പ്രതിരോധത്തിലായി. 21 റൺസെടുത്ത് ശിവം ദുബെയും മോഹതിന്റെ പന്തിൽ പുറത്തായി. തുടർന്നെത്തിയ രവീന്ദ്ര ജദേജയെയും (18), മിച്ചൽ സാൻററിനെയും (0) റാഷിദ് ഖാൻ പുറത്താക്കി. 26 റൺസുമായി എം.എസ് ധോണിയും മൂന്ന് റൺസുമായി ഷർദുൽ ഠാക്കൂറും പുറത്താകാതെ നിന്നു. മോഹിത് ശർമ മൂന്നും റാഷിദ് ഖാൻ രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ 55 പന്തിൽ ആറ് സിക്സും ഒൻപത് ഫോറും ഉൾപ്പെടെ 104 റൺസെടുത്ത ശുഭ്മാൻ ഗില്ലും 51 പന്തിൽ ഏഴു സിക്സും അഞ്ചു ഫോറുമുൾപ്പെടെ 103 റൺസെടുത്ത സായ് സുദർശനും ചേർന്നാണ് ഗുജറാത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 210 റൺസിന്റെ റെക്കോഡ് ഓപണിങ് കൂട്ടുകെട്ടിനൊപ്പമെത്തിയാണ് ഇരുവരും പിരിയുന്നത്. 2022ൽ കെ.എൽ. രാഹുലും ഡിക്കോക്കും നേടിയ 210 റൺസായിരുന്നു ഇതുവരെയുള്ള ഉ‍യർന്ന ഓപണിങ് കൂട്ടുകെട്ട്.

സായ് സുദർശന്റെ കന്നി ഐ.പി.എൽ സെഞ്ച്വറിയും ശുഭ്മാൻ ഗില്ലിന്റെ നാലാമത്തെയുമാണ്. 16 റൺസെടുത്ത് ഡേവിഡ് മില്ലർ പുറത്താകാതെ നിന്നു. ഇന്നിങ്സിലെ അവസാന പന്തിൽ ഷാറൂഖ് ഖാൻ (2) റണ്ണൗട്ടായി.

Tags:    
News Summary - Three wickets for Mohit Sharma; Gujarat defeated Chennai by 35 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.