വിദേശത്തെ ടെസ്റ്റ് റെക്കോർഡ്: കോഹ്‌ലിയേക്കാൾ ബഹുദൂരം മുന്നിൽ സചിൻ; ഡിവില്ലിയേഴ്സിന്റെ വാദങ്ങളെ പൊളിച്ച് കണക്കുകൾ

വിദേശത്തെ ടെസ്റ്റ് ക്രിക്കറ്റ് പ്രകടനത്തിൽ വിരാട് കോഹ്‌ലിയെക്കാൾ മികച്ചത് സചിൻ ടെണ്ടുൽക്കർ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ഇരുവരുടെയും റെക്കോർഡുകൾ. വിദേശ പിച്ചുകളിലെ മികച്ച ഇന്ത്യൻ ടെസ്റ്റ് ബാറ്റർ കോഹ്‌ലിയാണെന്ന മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സിന്റെ പരാമർശത്തിനെതിരെയാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചകൾ സജീവമായിരിക്കുന്നത്. പരിമിത ഓവർ ക്രിക്കറ്റിൽ കോഹ്‌ലി എക്കാലത്തെയും മികച്ച ബാറ്റർ ആണെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം സചിൻ തന്നെയാണ്. കരിയറിന്റെ അവസാന അഞ്ച് വർഷങ്ങളിൽ ടെസ്റ്റിൽ കോഹ്‌ലി നേരിട്ട ഫോമില്ലായ്മയും ശരാശരിയിലെ ഇടിവും അദ്ദേഹത്തിന്റെ ടെസ്റ്റ് റെക്കോർഡുകളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.

ഡിവില്ലിയേഴ്സും കോഹ്‌ലിയും തമ്മിലുള്ള അടുത്ത സൗഹൃദമാവാം ഇത്തരമൊരു പരാമർശത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ ഡിവില്ലിയേഴ്സിന്റെ വാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് കാണാം. 106 വിദേശ ടെസ്റ്റുകളിൽ നിന്നായി 54.7 ശരാശരിയിൽ 8,705 റൺസാണ് സച്ചിന്റെ സമ്പാദ്യം. ഇതിൽ 29 സെഞ്ച്വറികളും ഉൾപ്പെടുന്നു. മറുവശത്ത്, 68 ടെസ്റ്റുകളിൽ നിന്ന് 4,894 റൺസ് മാത്രമാണ് കോഹ്‌ലിയുടെ പേരിലുള്ളത്.

2014 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ കോഹ്‌ലി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, തന്റെ 24 വർഷത്തെ നീണ്ട കരിയറിൽ ഉടനീളം സചിൻ പുലർത്തിയ സ്ഥിരത സമാനതകളില്ലാത്തതാണ്. പ്രത്യേകിച്ചും സേന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ആസ്ട്രേലിയ) രാജ്യങ്ങളിലെ സച്ചിന്റെ പ്രകടനങ്ങൾ കോഹ്‌ലിയേക്കാൾ എത്രയോ മുകളിലാണ്.

ഇരുവരുടെയും കന്നി ആസ്ട്രേലിയൻ പര്യടനങ്ങൾ തമ്മിൽ സാമ്യങ്ങളുണ്ടെങ്കിലും, അവിടെ നേടിയ സെഞ്ച്വറികളുടെ സ്വാധീനം തികച്ചും വ്യത്യസ്തമായിരുന്നു. സിഡ്നിയിൽ സച്ചിൻ നേടിയ 148 റൺസും പെർത്തിലെ 114 റൺസും 35 വർഷങ്ങൾക്കിപ്പുറവും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ 2011ലെ പരമ്പരയിൽ ഇന്ത്യ 4-0ന് നാണംകെട്ടപ്പോൾ അഡ്‌ലെയ്ഡിൽ കോഹ്‌ലി നേടിയ 116 റൺസ് മാത്രമായിരുന്നു പരമ്പരയിലെ ഏക ആശ്വാസം.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ സച്ചിൻ നേടിയ സെഞ്ച്വറി ഇന്ത്യയെ തോൽവിയിൽ നിന്ന് രക്ഷിച്ചപ്പോൾ, ഇംഗ്ലീഷ് മണ്ണിലെ കോഹ്‌ലിയുടെ തുടക്കം വളരെ മോശമായിരുന്നു. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ 10 ഇന്നിങ്സുകളിൽ നിന്ന് വെറും 134 റൺസ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്. ഇത് തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം പരമ്പരയായാണ് കോഹ്‌ലി വിശേഷിപ്പിക്കാറുള്ളത്.

Tags:    
News Summary - Sachin vs Kohli: Away Test Records Compared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.