വെലിങ്ടൺ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് ഉടമകളിലൊരാൾ തന്റെ കരണത്തടിച്ചെന്ന ന്യൂസിലൻഡ് മുൻ നായകൻ റോസ് ടെയ്‍ലറുടെ വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ് ലോകം.
'റോസ് ടെയ്‍ലർ: ബ്ലാക്ക് ആന്‍ഡ് വൈറ്റ്' എന്ന തന്റെ ആത്മകഥയിലാണ് അദ്ദേഹം അനുഭവം തുറന്നെഴുതിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ടീമിൽ കളിച്ചുകൊണ്ടിരുന്ന കാലത്ത് കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന്റെ പേരിൽ ടീം ഉടമ തന്റെ കരണത്തടിക്കുകയായിരുന്നു. മൂന്നോ നാലോ തവണ ഇതാവർത്തിച്ചെന്നും ശക്തമായ അടിയല്ലെങ്കിലും അത് ശരിക്കുമാണോ തമാശയായിട്ടാണോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ലെന്നും ടെയ്‍ലർ പറയുന്നു.
മത്സരശേഷം ടീമംഗങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും താമസിക്കുന്ന ഹോട്ടലിന് മുകളിലെ ബാറില്‍ ഇരിക്കുകയായിരുന്നു. നായകൻ ഷെയ്ന്‍ വോണും കാമുകി ലിസ് ഹർളിയും അതിന് സാക്ഷിയായിരുന്നു. രാജസ്ഥാൻ ടീമുടമകളിൽ ഒരാൾ അടുത്തേക്ക് വന്നു. ''നിങ്ങൾക്ക് ലക്ഷങ്ങൾ തരുന്നത് പൂജ്യത്തിന് പുറത്താകാനല്ല'' എന്നു പറഞ്ഞുകൊണ്ട് അയാൾ മൂന്നോ നാലോ തവണ മുഖത്തടിച്ചു. അതിന് ശേഷം ചിരിക്കുകയും ചെയ്തു.
അപ്പോൾ അത് വലിയൊരു പ്രശ്നമായി എടുത്തില്ലെന്നും എങ്കിലും പ്രഫഷനൽ കരിയറിൽ ഇതുപോലുള്ള അനുഭവങ്ങൾ നിരവധി താരങ്ങൾക്ക് ഉണ്ടായിരിക്കാം എന്നത് തനിക്ക് സങ്കൽപിക്കാൻ പോലുമായില്ലെന്നും ടെയ്‍ലർ കുറിച്ചു. അതേസമയം, ന്യൂസിലൻഡ് ക്രിക്കറ്റിലെ 16 വർഷം നീണ്ട തന്റെ കരിയറിൽ പലതവണയായി താൻ വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും ടെയ്‍ലർ വെളിപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.