‘തമാശ’ അൽപ്പം കടന്നുപോയോ..? സ്പിന്നർ അമിത് മിശ്രയും രോഹിത് ശർമയും തമ്മിലുള്ള ചാറ്റ് വൈറൽ

ഓസീസിനെതി​രായ പരമ്പര നേട്ടത്തിന്റെ പൊലിമയിലാണ് ഇന്ത്യൻ ടീമുള്ളത്. ഇന്ന് നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ കൂടി വിജയിച്ച് പരമ്പര തൂത്തുവാരനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. രാജ്‌കോട്ടിൽ നടക്കുന്ന അവസാന ഏകദിനത്തിൽ ഇന്ത്യയുടെ ബാറ്റിങ് കരുത്തായ വിരാട് കോലിയും രോഹിത് ശർമ്മയും തിരിച്ചെത്തിയിരിക്കുകയാണ്.

കളിക്ക് മുന്നോടിയായുള്ള ടീം ഇന്ത്യയുടെ പരിശീലന സെഷനിൽ ബുധനാഴ്ച രോഹിത് പങ്കെടുക്കുകയും മറ്റ് കളിക്കാർക്കൊപ്പം നെറ്റ്സിൽ ബാറ്റ് ചെയ്യുകയും ചെയ്തിരുന്നു. സെഷനുശേഷം, ഇന്ത്യൻ സ്പിന്നർ അമിത് മിശ്രക്ക് ചെറിയൊരു അഭിമുഖം നൽകാനും രോഹിത് മറന്നില്ല. 40 കാരനായ താരം ജിയോസിനിമയുടെ ബ്രോഡ്കാസ്റ്റിംഗ് ടീമിന്റെ ഭാഗമാണ്, പരിശീലന സെഷനുവേണ്ടിയുള്ള തത്സമയ സ്ട്രീമിംഗിനിടെ, വിദഗ്ധർക്കൊപ്പം മിശ്രയോട് ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് രോഹിത് സംസാരിച്ചിരുന്നു. അതിനിടെയുണ്ടായ രസകരമായ സംഭവത്തിന്റെ വിഡിയോ ഇപ്പോൾ വൈറലാണ്.

അമിത് മിശ്രയെ കണ്ടപ്പോൾ രോഹിത് ചോദിച്ചു, “ആഖ് ക്യൂൻ ലാൽ ഹേ ആപ്കാ? (എന്തുകൊണ്ടാണ് നിങ്ങളുടെ കണ്ണുകൾ ഇത്ര ചുവന്നിരിക്കുന്നത്?”. അതിന് മറുപടിയായി ‘രാത്രി മുഴുവൻ താൻ ഉറങ്ങിയിട്ടില്ലെന്ന്’ മിശ്ര വെളിപ്പെടുത്തിയപ്പോൾ, ഇന്ത്യൻ നായകൻ നൽകിയ മറുപടി അക്ഷരാർഥത്തിൽ മിശ്രയടക്കം എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു.

‘ക്യാ കമ്മിറ്റ്മെന്റ് ഹേ, ഇത്നാ കമ്മിറ്റ്മെന്റ് തോ ആപ്കാ ഉധർ ഭി നഹി ഥാ’ (എന്തൊരു പ്രതിബദ്ധതയാണ്, ഇത്രയും പ്രതിബദ്ധത നിങ്ങൾക്ക് ഫീൽഡിൽ പോലുമുണ്ടായിരുന്നില്ലല്ലോ) -എന്നായിരുന്നു രോഹിത് പറഞ്ഞത്. തുടർന്ന് തന്റെ കീഴിൽ മിശ്ര കളിച്ചിട്ടില്ലെന്നും രോഹിത് പറഞ്ഞു, അതിന് മുൻ ഇന്ത്യൻ സ്പിന്നർ തമാശ രൂപേണ നൽകിയ മറുപടി, ‘തൂനേ കഭി ബുലായാ ഹി നഹി (അതിന് നിങ്ങൾ എന്നെ വിളിച്ചില്ലല്ലോ..?) എന്നായിരുന്നു. എന്തായാലും രോഹിതിന്റെ ‘തമാശ’ മിശ്രയും കൂടെയുണ്ടായിരുന്നവരും ആസ്വദിക്കുന്നതായാണ് വിഡിയോയിലുള്ളത്.

ഈ വർഷത്തെ ഐ.പി.എല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി അമിത് മിശ്ര കളിച്ചിരുന്നു. ഏഴ് മത്സരങ്ങളിൽ പന്തെറിഞ്ഞ താരം വിക്കറ്റുകളും പിഴുതിരുന്നു. എന്നാൽ, 2017-ൽ ഇന്ത്യക്ക് വേണ്ടി ഇംഗ്ലണ്ടിനെതിരെ പന്തെറിഞ്ഞ താരം അതിന് ശേഷം ദേശീയ ജഴ്സിയണിഞ്ഞിട്ടില്ല.

Tags:    
News Summary - Rohit's chat with Amit Mishra turns awkward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.