ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നാലാം മത്സരത്തിലെ തോൽവിക്ക് ശേഷം ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ പുറത്താകലിനെ കുറിച്ച് സംസാരിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. മത്സരത്തിന്‍റെ നിർണായക ഘട്ടത്തിൽ അനാവശ്യ ഷോട്ട് കളിച്ചാണ് പന്ത് പുറത്തായത്. 104 പന്തുകളോളം കളിച്ച താരം 30 റൺസ് നേടി പാർട്ട് ടൈം ബൗളർ ട്രാവിസ് ഹെഡിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. ലോങ് ഓണിൽ മിച്ചൽ മാർഷാണ് പന്തിന്‍റെ ക്യാച്ച് നേടിയത്. ഒന്നാം ഇന്നിങ്സിലും മോശം ഷോട്ട് കളിച്ചാണ് പന്ത് പുറത്തായത്.
അവസാന ദിനം രണ്ടാം സെഷനിൽ ജയ്സ്വാളുമൊത്ത് മികച്ച കൂട്ടുകെട്ടാണ് പന്ത് നടത്തിയത്. ഇന്ത്യയെ സമനിലയിലേക്കോ വിജയത്തിലേക്കോ നയിക്കാൻ സാധ്യതയുള്ള ഒരു പോയിന്‍റിൽ വെച്ചാണ് പന്തിന്‍റെ അശ്രദ്ധയോടെയുള്ള ഷോട്ടും പുറത്താകലും. അതിന് ശേഷം 34 റൺസ് കൂടി ചേർത്ത് ശേഷിക്കുന്ന ഇന്ത്യൻ ബാറ്റർമാരും മടങ്ങി ഇന്ത്യ തോറ്റു.
'റിസൽട്ടിൽ എല്ലാവരും നിരാശരാണ്. എന്താണ് അവനെകൊണ്ടുള്ള ആവശ്യമെന്നുള്ളത് അവൻ മനസിലാക്കേണ്ടതുണ്ട്. ആരെങ്കിലും പറഞ്ഞുകൊടുക്കന്നതിലും ഭേദം അതാണ്. മുൻ കാലങ്ങളിൽ ഇന്ത്യക്ക് ഒരുപാട് വിജയങ്ങൾ നേടിതരാൻ അവന് സാധിച്ചിട്ടുണ്ട്. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ എനിക്ക് രണ്ട് സമ്മിശ്രമായ വികാരങ്ങളാണുള്ളത്. പന്തിന്‍റെ രീതി വിജയിക്കുമ്പോൾ നമ്മൾ പിന്തുണക്കുന്നു, എന്നാൽ അത് പരാജയമാകുമ്പോൾ വളരെ നിരാശപ്പെടുത്തുന്നു,' രോഹിത് പറഞ്ഞു.
നാലാം മത്സരത്തിൽ 185 റൺസിനാണ് ഇന്ത്യ തോറ്റത്. നാല് മത്സരം കഴിഞ്ഞപ്പോൾ പരമ്പരയിൽ 2-1ന് ആസ്ട്രേലിയ മുന്നിലെത്തി. 340 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ 155 റൺസിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ പാറ്റ് കമ്മിൻസും സ്കോട്ട് ബോളണ്ടുമാണ് ഇന്ത്യയെ കടപുഴകിയത്. 84 റൺസ് നേടിയ യശ്വസ്വി ജയ്സ്വാളും 30 റൺസ് നേടിയ പന്തുമൊഴികെ മറ്റാരും ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.