മൂന്നു വർഷത്തെ സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ച് രോഹിത് ശർമ; റിക്കി പോണ്ടിങ്ങിനൊപ്പം

ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ മൂന്നാം ഏകദിനത്തിൽ തകർപ്പൻ പ്രകടനത്തിലൂടെ മൂന്നു വർഷത്തെ സെഞ്ച്വറി വരൾച്ചയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ അവസാനിപ്പിച്ചത്. 85 പന്തിൽ 101 റൺസെടുത്താണ് താരം പുറത്തായത്.

അഞ്ചു സിക്സുകളും 13 ഫോറുകളും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ഒപ്പണിങ് വിക്കറ്റിൽ ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന് 212 റൺസിന്‍റെ കൂട്ടുകെട്ടാണ് എഴുതിചേർത്തത്. 2020 ജനുവരി 19ന് ബംഗളൂരുവിൽ ആസ്ട്രേലിയക്കെതിരെയാണ് രോഹിത് അവസാനമായി ഇതിനു മുമ്പ് ഏകദിനത്തിൽ സെഞ്ച്വറി നേടിയത്. 119 റൺസാണ് അന്ന് നേടിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറികളുടെ എണ്ണത്തിൽ താരം മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിനൊപ്പമെത്തി.

ഇരുവർക്കും 30 സെഞ്ച്വറികൾ വീതം. ഏകദിന സെഞ്ച്വറികളിൽ മൂന്നാം സ്ഥാനം. 49 സെഞ്ച്വറിയുമായി ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറും 46 സെഞ്ച്വറിയുമായി സൂപ്പർതാരം വീരാട് കോഹ്ലിയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 234 ഇന്നിങ്സുകളിൽനിന്നാണ് രോഹിത് 30 സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. എന്നാൽ, പോണ്ടിങ് 365 ഇന്നിങ്സുകളിൽനിന്നാണ് ഇത്രയും സെഞ്ച്വറി നേടിയത്.

മൂന്നു വർഷത്തിനിടെ അഞ്ചു തവണ രോഹിത് അർധ സെഞ്ച്വറി നേടിയിരുന്നു. എന്നാൽ, മൂന്നക്കം കടക്കാനായില്ല. ഏകദിന ക്രിക്കറ്റിൽ സിക്സുകളുടെ എണ്ണത്തിൽ ശ്രീലങ്കൻ താരം സനത് ജയസൂര്യയെ (270 സിക്സ്) രോഹിത് മറികടക്കുകയും ചെയ്തു. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ താരം ഇപ്പോൾ മൂന്നാമതാണ്.

Tags:    
News Summary - Rohit Sharma ends 3-year drought to equal Ricky Ponting's tally of 30 ODI hundreds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.