ലഖ്നോ സൂപ്പർജയന്‍റ്സിനെതിരെ നടന്ന ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് തോൽവി ഏറ്റുവാങ്ങിയിരുന്നു. അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശ പോരട്ടത്തിൽ രണ്ട് റൺസിനാണ് ലഖ്നോ വിജയിച്ചത്. 181 റൺസ് പിന്തുടർന്ന റോയൽസിന് 178 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന രണ്ട് ഓവറിൽ 20 റൺസ് മാത്രം മതിയെന്നിരിക്കെയാണ് റോയൽസിന്‍റെ തോൽവി.
തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു എന്ന് പറയുകയാണ് രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ്. പരിക്കേറ്റ സഞ്ജു സാംസണ് പകരമാണ് റിയാൻ പരാഗ് ടീമിലെ നാകനായത്. തോൽവിക്ക് ശേഷം എവിടെയാണ് പാളിയതെന്ന് മനസിലാകുന്നില്ലെന്നും തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുമെന്നുമാണ് പരാഗ് പറഞ്ഞത്.
'എല്ലാ വികാരങ്ങളെയും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുകയാണ്. ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയില്ല. 18 അല്ലെങ്കിൽ 19 ഓവർ വരെ ഞങ്ങൾ കളിയിൽ ഉണ്ടായിരുന്നു. എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്. ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു. 19-ാം ഓവറിൽ ഞാൻ ആ കളി പൂർത്തിയാക്കേണ്ടതായിരുന്നു. നമ്മൾ ഒന്നിച്ച് നിന്നാണ് മത്സരങ്ങൾ ജയിക്കേണ്ടത്.
അവസാന ഓവർ നിർഭാഗ്യകരമായിരുന്നു. അവരെ 165-170 എന്ന സ്കോറിൽ നിർത്തുമായിരുന്നു എന്ന് ഞാൻ കരുതി. എന്നാൽ ഞങ്ങൾ 20 റൺസ് കൂടുതലായി നൽകി, പക്ഷേ ഞങ്ങൾ അത് പിന്തുടരേണ്ടതായിരുന്നു,' പരാഗ് പറഞ്ഞു.
ലഖ്നോ ഉയർത്തിയ 181 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് പ്രയാസംകൂടാതെ നീങ്ങുകയായിരുന്നു രാജസ്ഥാൻ. അവസാന 18 പന്തിൽ രാജസ്ഥാന് വേണ്ടിയിരുന്നത് വെറും 25 റൺസ്. കയ്യിലുള്ളത് എട്ടു വിക്കറ്റുകൾ. ക്രീസിൽ മികച്ച ഫോമിലുള്ള യാശ്വസി ജയ്‌സ്വാളും റിയാൻ പരാഗും. ലഖ്നോ പരാജയം ഏറെക്കുറെ ഉറപ്പിച്ച നിമിഷങ്ങൾ. എന്നാൽ, അവിടുന്നങ്ങോട്ട് കളി മാറുകയായിരുന്നു.
18-ാം ഓവറിലെ ആദ്യ പന്തിൽ ആവേശ് ഖാൻ ജയ്‌സ്വാളിൻ്റെ കുറ്റി തെറിപ്പിച്ചു. അവിടുന്നങ്ങോട്ട് രാജസ്ഥാന്റെ പതനം തുടങ്ങി. ആ ഓവറിലെ അവസാന പന്തിൽ ഇന്നലത്തെ ക്യാപ്റ്റൻ റിയാൻ പരാഗിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഇരട്ട ആഘാതം നൽകി ആവേശ് ഖാൻ. പിന്നീടെത്തിയ ധ്രുവ് ജുറെലും ഷിറോൺ ഹെറ്റ്‌മയറും കഴിഞ്ഞ മത്സരത്തിലെ പോലെതന്നെ റൺ കണ്ടെത്താൻ പ്രയാസപ്പെട്ടതോടെ കളി മുറുകി.
അവസാന ഓവറിൽ രാജസ്ഥാന് വേണ്ടിയിരുന്നത് ഒമ്പത് റൺസ്. ക്രീസിലുള്ളത് ഹെറ്റ്‌മയറും ജുറെലും. ഡൽഹിക്കെതിരായ സൂപ്പർ ഓവർ മത്സരത്തിൻ്റെ അതേ അവസ്ഥ. കൃത്യമായി പന്തെറിഞ്ഞ ആവേശ് ഖാൻ മത്സരം കടുപ്പിച്ചു. മൂന്നാംപന്തിൽ ഹെറ്റ്‌മയറിനെ ശർദുൽ താക്കൂർ സൂപ്പർ ക്യാച്ചിലൂടെ പുറത്താക്കി. പിന്നീടെത്തിയ ശുഭം ദുബേ മൂന്ന് പന്ത് നേരിട്ടെങ്കിലും മൂന്ന് റൺസ് നേടാൻ മാത്രമാണ് കഴിഞ്ഞത്. ഇതോടെ, ജയിക്കാമായിരുന്ന മത്സരത്തിൽ രാജസ്ഥാന് രണ്ട് റൺസിൻ്റെ തോൽവി.
മത്സരത്തിൽ ടോസ് നേടിയ എൽ.എസ്.ജി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എയ്‌ഡൻ മർക്രം (66), ആയുഷ് ബദോനി (50), അബ്ദുൽ സമദ് (30*) എന്നിവരാണ് ലഖ്നോക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. രാജസ്ഥാൻ നിരയിൽ യശ്വസി ജയ്സ്വാൾ (74), റിയാൻ പരാഗ് (39), അരങ്ങേറ്റക്കാരനായ കൗമാരതാരം വൈഭവ് സൂര്യവംശി (34) എന്നിവർ മികവ് കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.