പോണ്ടിങ്ങും കോഹ്ലിയും (ഫയൽ)

'കോഹ്ലിയുടെ രാജിയിൽ ഞെട്ടി'; കാരണം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിലെ പരമ്പര തോൽവിക്ക് പിന്നാലെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള വിരാട് കോഹ്‌ലിയുടെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് ആസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിങ്.

ടീം ഇന്ത്യയിൽ വലിയ മാറ്റം വരുത്തി വിദേശ മണ്ണിൽ വിജയങ്ങള്‍ വരുതിയിലാക്കിയത് കോഹ്‍ലിയുടെ നേതൃത്വത്തിലാണെന്നും അത്രയും നേട്ടങ്ങള്‍ കൊയ്ത ഒരാള്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞത് തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും പോണ്ടിങ് വ്യക്തമാക്കി. പരിമിത ഓവർ ടീം നായക സ്ഥാനം ഒഴിയുന്നതിനെ കുറിച്ചും ടെസ്റ്റ് ക്യാപ്റ്റനായി തുടരാൻ താൽപര്യപ്പെടുന്നതായും കഴിഞ്ഞ സീസൺ ഐ.പി.എല്ലിന്റെ ആദ്യ ഭാഗത്തിനിടെ വിരാട് തുറന്ന് സംസാരിച്ചിരുന്നതായി പോണ്ടിങ് കൂട്ടിച്ചേർത്തു.

'അദ്ദേഹത്തിന് ഇപ്പോൾ 33 വയസായി. കുറച്ച് വർഷങ്ങൾ കൂടി കളിക്കാൻ ആഗ്രഹിക്കുന്നുണ്ടാവും. മാത്രമല്ല വളരെ അടുത്ത് തന്നെ തകർക്കാൻ അവന് ചില റെക്കോർഡുകൾ തകർക്കാനും സാധ്യതയുണ്ട്. ഒരു പക്ഷേ ബാറ്റർ എന്ന നിലയിലും ക്യാപ്റ്റൻസിയുടെ അധിക ഉത്തരവാദിത്തമില്ലാത്തതിനാലും അവന് അത് കുറച്ചുകൂടെ എളുപ്പമായേക്കാം' -പോണ്ടിങ് പറഞ്ഞു.

'വൈറ്റ് ബോള്‍ ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിന്മാറിയ സമയത്തും താരം ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നാണ് താന്‍ കരുതിയത്. അത്തരത്തിലാണ് ഐ.പി.എല്ലിന്റെ സമയത്ത് കോഹ്ലിയുമായി സംസാരിച്ചപ്പോള്‍ താന്‍ മനസിലാക്കിയതും. ടെസ്റ്റ് ക്യാപ്റ്റന്‍സി താരത്തിന് ഏറെ ഇഷ്ടമുള്ള കാര്യവുമാണ്. ആ ജോലിയെയും ആ സ്ഥാനത്തെയും അദ്ദേഹം വളരെയധികം സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ടെസ്റ്റ് ടീം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരുപാട് നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. അങ്ങനെ ഒരാളിൽ നിന്ന് ഈ വാർത്ത കേട്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു'- പോണ്ടിങ് വ്യക്തമാക്കി.

കോഹ്‌ലിയുടെ കീഴിലുള്ള ഇന്ത്യൻ ടീമിന്റെ പ്രകടനത്തെയും പോണ്ടിങ് പ്രശംസിച്ചു. തന്റെ ക്യാപ്റ്റൻസിക്ക് കീഴിലുള്ള ആസ്‌ട്രേലിയൻ ടീമിന്റെ പ്രകടനത്തേക്കാൾ അത് അമ്പരപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ക്യാപ്റ്റനെന്ന നിലയിലുള്ള ടെസ്റ്റ് റെക്കോർഡ് കണക്കിലെടുക്കുമ്പോൾ താൻ നേടിയ നേട്ടങ്ങളിൽ കോഹ്‌ലിക്ക് അഭിമാനിക്കാൻ കഴിയുമെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.

ഇന്ത്യക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിക്കൊടുത്ത നായകനാണ് കോഹ്ലി. കോഹ്ലിക്ക് കീഴിൽ കളിച്ച 68 മത്സരങ്ങളിൽ 40 എണ്ണത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. കോഹ്ലിക്ക് കീഴിൽ 24 പരമ്പരകളിൽ അഞ്ചെണ്ണം മാത്രമാണ് ഇന്ത്യ തോറ്റത്.

സ്വന്തം തട്ടകത്തിൽ കോഹ്‌ലി ക്യാപ്റ്റനായ ഒരു പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ല. 2018-19 ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഇന്ത്യയുടെ 2-1 വിജയം ക്യാപ്റ്റനെന്ന നിലയിൽ കോഹ്‌ലിയുടെ ഏറ്റവും മികച്ച പരമ്പര വിജയമായി പോണ്ടിങ് വിലയിരുത്തി. ആസ്‌ട്രേലിയയിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയമായിരുന്നു അത്.

കോഹ്‌ലിയ്ക്ക് പകരം ക്യാപ്റ്റനായ രോഹിതിന് പോണ്ടിങ് പിന്തുണ അറിയിച്ചു. 2013ൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയപ്പോൾ രോഹിതിനെ നിർദ്ദേശിച്ചത് താനായിരുന്നെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Ricky Ponting 'Shocked' When Virat Kohli Quit Test Captaincy; reason is this

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.