രെഹാൻ അഹ്മദിന്റെ വിസ പ്രശ്നത്തിന് പരിഹാരം; നന്ദി അറിയിച്ച് ബെൻ സ്റ്റോക്സ്

രാജ്കോട്ട് (ഗുജറാത്ത്): ഇംഗ്ലണ്ട് ക്രിക്കറ്റർ രെഹാൻ അഹ്മദിന്റെ വിസയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരമായതായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ബുധനാഴ്ച രാവിലെ വിസ ലഭിച്ചതായും അത് വേഗത്തിൽ ലഭ്യമാക്കാൻ ബി.സി.സി.ഐയും സർക്കാറും നല്ല രീതിയിൽ പ്രയത്നിച്ചെന്നും അദ്ദേഹം അറിയിച്ചു. സാഹചര്യം നല്ല രീതിയിൽ കൈകാര്യം ചെയ്ത രെഹാൻ അഹ്മദിനെ സ്‌റ്റോക്‌സ് അഭിനന്ദിക്കുകയും ചെയ്തു.

‘ഏതൊരാൾക്കും അതിനായി കാത്തിരിക്കേണ്ടി വരുന്നത് ഉത്കണ്ഠയുണ്ടാക്കുന്നതാണ്. എന്നാൽ, ഭാഗ്യവശാൽ ഇന്ന് രാവിലെ അത് ലഭിച്ചു. വേഗത്തിൽ അദ്ദേഹത്തിന് വിസ നൽകാൻ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും ബി.സി.സി.ഐയും ഇന്ത്യ സർക്കാറും നല്ല രീതിയിൽ പ്രവർത്തിച്ചു’ -സ്റ്റോക്സ് അറിയിച്ചു.

സിംഗിൾ എൻട്രി വിസ മാത്രമേ ഉള്ളൂവെന്ന കാരണത്താൽ താരത്തെ കഴിഞ്ഞ ദിവസം ഗുജറാത്ത് രാജ്കോട്ടിലെ ഹിരാസർ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് മുമ്പുള്ള ഇടവേളക്കിടെ അബൂദബിയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. ഇതോടെ പ്രശ്നപരിഹാരമാകുന്നത് വരെ ഇംഗ്ലണ്ട് ടീം അംഗങ്ങൾ എയർപോർട്ടിൽ കാത്തിരുന്നു. രണ്ട് ദിവസത്തെ താൽക്കാലിക വിസ അനുവദിച്ച അധികൃതർ രെഹാൻ ആവശ്യമായ രേഖകൾ സമർപ്പിച്ചതോടെ വേഗത്തിൽ വിസ ലഭ്യമാക്കുകയായിരുന്നു.

നേരത്തെ ഇംഗ്ലണ്ടിന്റെ മറ്റൊരു സ്പിന്നർ ശുഐബ് ബഷീറും വിസ പ്രശ്നത്തിൽ കുരുങ്ങിയിരുന്നു. അന്ന് അബൂദബിയിൽ ടീമിനൊപ്പമുണ്ടായിരുന്ന ശുഐബ് വിസ ലഭിക്കാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസടക്കം ഇടപെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ശുഐബ് ഇന്ത്യയിലെത്തിയത്. താരത്തിന്റെ മാതാപിതാക്കൾ പാക് വംശജരായതാണ് ഇന്ത്യയിലേക്കുള്ള വരവിന് തടസ്സമായത്. നേരത്തെ ഓസീസ് ഓപണർ ഉസ്മാൻ ഖ്വാജയും ഇംഗ്ലണ്ട് എ ടീം അംഗം സാഖിബ് മഹ്മൂദും സമാന പ്രശ്‌നത്തിൽ കുരുങ്ങിയിരുന്നു.

Tags:    
News Summary - Rehan Ahmed's visa issue resolved; Thanks to Ben Stokes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.