സൺറൈസേഴ്സിനെ 35 റൺസിന് വീഴ്ത്തി ആർ.സി.ബിയുടെ തിരിച്ചു വരവ്

ഹൈദരാബാദ്: തോറ്റ് തോറ്റ് ലീഗിൽ നിന്ന് പുറത്തേക്കുള്ള വഴിയിൽ നിൽക്കെ ഒടുവിൽ ബംഗളൂരുവിന് ജയം. ചിന്നസ്വാമിയിലെ കടം ഹൈദരാബാദിൽ ചെന്ന് വീട്ടി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു. 35 റൺസിനാണ് കരുത്തരായ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചത്. ബംഗളൂരു മുന്നോട്ടു വെച്ച 207 റൺസ് വിജയ ലക്ഷ്യം തേടി ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. പുറത്താകാതെ 40 റൺസെടുത്ത ശഹബാസ് അഹമ്മദാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. സ്വപ്നിൽ സിങ്, കാമറൂൺ ഗ്രീൻ, കരൺ ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. എട്ടു മത്സരങ്ങളിൽ ഏഴും തോറ്റ ബംഗളൂരു ഒൻപതാം മത്സരത്തിലാണ് ജയത്തോടെ തിരിച്ചെത്തിയത്.

പടുകൂറ്റൻ ഇന്നിങ്സുകളുമായി ഐ.പി.എൽ നടപ്പ് സീസണിൽ കളംവാഴുന്ന സൺറൈസേഴ്സിന് 207 വിജയലക്ഷ്യം താരതമ്യേനെ പ്രയാസമുള്ളതല്ല, എന്നാൽ അമിത ആത്മവിശ്വാസം വിനയായി എന്നതുപോലെയായിരുന്നു തുടക്കം.

നിലയുറപ്പിക്കും മുൻപ് വെടിക്കെട്ട് ഓപണർ ട്രാവിസ് ഹെഡിനെ (1) ഹൈദരാബാദിന് നഷ്ടമായി. വിൽ ജാക്സ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ കൂറ്റൻ അടിക്കുള്ള ശ്രമത്തിനൊടുവിൽ കരൺ ശർമ പിടിച്ച് പുറത്താക്കി. എന്നാൽ തുടരെ തുടരെ അതിർത്തി കടത്തി അഭിഷേക് ശർമ വിശ്വരൂപം പുറത്തെടുത്തതോടെ സ്കോറിന് വേഗം കൂടി. 13 പന്തിൽ രണ്ടു സിക്സും മൂന്ന് ഫോറുമുൾപ്പെടെ 31 റൺസെടുത്ത അഭിഷേക് യാഷ് ദയാലിന്റെ പന്തിൽ അടി പിഴച്ചപ്പോൾ കാർത്തികിന്റെ കൈകളിൽ ഭദ്രമായിരുന്നു. ഏഴു റൺസെടുത്ത എയ്ഡൻ മാർക്രമിനെ സ്വപ്നിൽ സിങ് എൽ.ബിയിൽ കുരുക്കിയതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി.

സ്കോർ 56 ൽ നിൽക്കെ വെടിക്കട്ട് ബാറ്റർ ഹെൻറിച്ച് ക്ലാസനും (7) കളം വിട്ടതോടെ പന്ത് ഏറെകുറേ ബംഗളൂരുവിന്റെ കോർട്ടിലായി. സ്വപ്നിൽ സിങാണ് ക്ലാസനെയും മടക്കിയത്.13 റൺസെടുത്ത് നിതീഷ് കുമാർ റെഡ്ഡി കരൺ ശർമയുടെ പന്തിൽ ബൗൾഡായി. 10 റൺസെടുത്ത് അബ്ദു സമദ് കരൺ ശർമക്ക് അടുത്ത വിക്കറ്റ് നൽകി മടങ്ങി. ശഹബാസ് അഹമ്മദിനെ കൂട്ടുപിടിച്ച് നായകൻ പാറ്റ് കമ്മിൻസ് അൽപ നേരം തീ പടർത്തി. മൂന്ന് സിക്സും ഒരു ഫോറുമുൾപ്പെടെ 15 പന്തിൽ 31 റൺസെടുത്ത് ബംഗളൂരുവിനെ ഞെട്ടിച്ച കമ്മിൻസ് കാമറൂൺ ഗ്രീനിന്റെ പന്തിൽ പുറത്തായി. കമ്മിൻസ് വീണതോടെ ഹൈദരാബാദ് പരാജയം മണത്തു. പ്രതീക്ഷയായി നിലയുറപ്പിച്ച ശഹബാസ് ഭുവനേശ്വറിനൊപ്പം ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും 13 റൺസെടുത്ത ഭുവനേശ്വർ ഗ്രീനിന്റെ പന്തിൽ സിറാജ് തന്നെ പിടിച്ച് പുറത്താക്കി. 27 പന്തിൽ 40 റൺസെടുത്ത് ശഹബാസ് അഹമ്മദും എട്ടു റൺസെടുത്ത ജയ്ദേവ് ഉനദ്കടും പുറത്താകാതെ നിന്നു.

വിരാട് കോഹ്‌ലിയും (51), വെടിക്കെട്ട് അർധസെഞ്ച്വറി നേടിയ രജത് പട്ടിദാറും (50), കാമറൂൺ ഗ്രീനും (37) ചേർന്നാണ് ബംഗളൂരുവിന് മികച്ച സ്കോർ സമ്മാനിച്ചത്.

എവേ മാച്ചിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗളൂരുവിന്റെ തുടക്കം തെറ്റിയില്ല. നായകൻ ഫാഫ് ഡുപ്ലിസിസും സഹ ഓപണർ വിരാട് കോഹ്‌ലിയും തകർത്തടിച്ചാണ് തുടങ്ങിയത്. അഭിഷേക് ശർമയും ഭുവനേശ്വറും നായകൻ പാറ്റ് കമ്മിൻസും മാറി മാറി എറിഞ്ഞെങ്കിലും അടിക്ക് മയമുണ്ടായിരുന്നില്ല. എന്നാൽ നടരാജൻ വന്നതോടെ കളിമാറി. നടരാജന്റെ പന്തിൽ കൂറ്റൻ അടിക്ക് ശ്രമിക്കവെ ഡുപ്ലിസിനെ മാർക്രം പിടിച്ച് പുറത്താക്കി. 12 പന്തുകളിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമുൾപ്പെടെ 25 റൺസെടുത്താണ് നായകൻ മടങ്ങിയത്.

മൂന്നാമനായെത്തിയ വിൽജാക്സിനെ ബൗൾഡാക്കി മായങ്ക് മാ​ർ​ക്ക​ണ്ഡേ അടുത്ത പ്രഹരമേൽപ്പിച്ചു. രണ്ടു വിക്കറ്റുകൾ തുടരെ തുടരെ വീണതോടെ അതുവരെ വെടിക്കെട്ട് മൂഡിലായിരുന്ന വിരാട് കോഹ്‌ലി ഗിയർ ഡൗൺ ചെയ്തു. എന്നാൽ ക്രീസിലെത്തിയ രജത് പട്ടിദാർ കൂറ്റൻ അടികളുമായി കളം ഭരിച്ചു. മാ​ർ​ക്ക​ണ്ഡേ എറിഞ്ഞ 11 ാമത്തെ ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ പറത്തി പട്ടിദാർ കളി തിരിച്ചുപിടിച്ചു. 19 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ പട്ടിദാർ ജയദേവ് ഉനദ്കട്ടിന്റെ പന്തിൽ അബ്ദു സമദിന് ക്യാച്ച് നൽകി മടങ്ങി. 20 പന്തിൽ അഞ്ച് സിക്സും രണ്ടു ഫോറും ഉൾപ്പെടെ 50 റൺസെടുത്താണ് മടങ്ങിയത്.

തൊട്ടുപിന്നാലെ അർധ സെഞ്ച്വറി പൂർത്തിയാക്കി വിരാട് കോഹ്‌ലിയും പുറത്തായി. ഉനദ്കട്ടിന്റെ പന്തിൽ അബ്ദുസമദിന് ക്യാച്ച് നൽകി. 43 പന്തിൽ നാല് ഫോറും ഒരു സിക്സുമുൾപ്പെടെ 51 റൺസെടുത്താണ് കോഹ്‌ലി മടങ്ങിയത്. തുടർന്ന് ക്രീസിൽ കൂറ്റൻ അടികളുമായി നിലയുറപ്പിച്ച കാമറൂൺ ഗ്രീൻ സ്കോർ അതിവേഗം ഉയർത്തിയെങ്കിലും നോൺസ്ട്രൈക്കിങ് എൻഡിൽ വിക്കറ്റ് വീണുകൊണ്ടിരുന്നു. മഹിപാൽ ലോംറോർ എഴു റൺസെടുത്ത് ഉനദ്കട്ടിന്റെ അടുത്ത ഇരയായി.

തുടർന്നെത്തിയ ദിനേഷ് കാർത്തിക് (11) പാറ്റ് കമ്മിൻസിന്റെ പന്തിൽ സമദിന് ക്യാച്ച് നൽകി മടങ്ങി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച് സ്വാപ്നിൽ സിങ് സ്കോർ 200 കടത്തിയെങ്കിലും ഇന്നിങ്സിലെ അവസാന പന്തിൽ നടരാജന് വിക്കറ്റ് നൽകി. 6 പന്തിൽ 12 റൺസെടുത്താണ് പുറത്തായത്. 20 പന്തിൽ അഞ്ചുഫോറുൾപ്പെടെ 37 റൺസെടുത്ത കാമറൂൺ ഗ്രീൻ പുറത്താകാതെ നിന്നു. ഹൈദരാബാദിന് വേണ്ടി ജയദേവ് ഉനദ്കട് മുന്നും നടരാജൻ രണ്ടും വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - R.C.B defeated Sunrisers Hyderabad by 35 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.