ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി രൂപ) നൽകിയാണ് ഏറ്റെടുക്കുന്നത്.
ഡീൽ നടക്കുകയാണെങ്കിൽ ഐ.പി.എല്ലിലെ വിലയേറിയ ഫ്രാഞ്ചൈസിയാകും ആർ.സി.ബി. അമേരിക്കൻ സംരംഭകനായ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം രാജസ്ഥാൻ റോയൽസിനെ ഏറ്റെടുക്കുമെന്ന റിപ്പോർട്ട് പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് ആർ.സി.ബിയെ ആദിത്യ ബിർള ഗ്രൂപ്പ് സ്വന്തമാക്കുമെന്ന വാർത്തയും പുറത്തുവരുന്നത്. കോടീശ്വരൻ കുമാർ മംഗളത്തിന്റെ ആദിത്യ ബിർല ഗ്രൂപ്പിനെ കൂടാതെ, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ഡേവിഡ് ബ്ലിറ്റ്സറിന്‍റെ ബോൾട്ട് വെഞ്ചേഴ്സ്, അമേരിക്ക ആസ്ഥാനമായ ബ്ലാക്ക്സ്റ്റോൺ നിക്ഷേപ സ്ഥാപനം എന്നിവ ഉൾപ്പെട്ട കൺസോർഷ്യമാണ് റെക്കോഡ് തുക നൽകി ആർ.സി.ബിയെ വാങ്ങുന്നത്
2026 സീസണുശേഷമാകും ഉടമസ്ഥാവകാശം കൈമാറുക. ആർ.സി.ബിയുടെ 100 ശതമാനം ഓഹരിയും വാങ്ങും. ആദിത്യ ബിർല ഗ്രൂപ്പ് ഡയറക്ടർ ആര്യമാൻ വിക്രം ബിർല ഫ്രാഞ്ചൈസിയുടെ ചെയർമാനും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ സത്യൻ ഗജ്വാനി വൈസ് ചെയർമാനുമാകും. ഏകദേശം 15,286 കോടി രൂപക്കാണ് (1.63 ബില്ല്യൺ യു.എസ് ഡോളർ) രാജസ്ഥാനെ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം വാങ്ങുന്നത്. IntraEdge, Academian, Truyo.AI എന്നീ കമ്പനികളുടെ സ്ഥാപകനാണ് സൊമാനി. അമേരിക്കൻ ബിസിനസുകാരനും വാൾമാർട്ട് കുടുംബാംഗവുമായ റോബ് വാൾട്ടൺ, നാഷനൽ ഫുട്ബാൾ ലീഗ് (എൻ.എഫ്.എൽ) ടീമായ ഡിട്രോയിറ്റ് ലയൺസിൽ ഭൂരിഭാഗം ഓഹരി കൈവശം വയ്ക്കുന്ന ഹാംപ് കുടുംബം എന്നിവരുടെ പിന്തുണയോടെയാണ് ഏറ്റെടുക്കൽ. ഐ.പി.എൽ 2026നുശേഷമാകും ഉടമസ്ഥാവകാശം കൈമാറുക.
രാജസ്ഥാന്റെ മുഴുവൻ ഓഹരികളും കൺസോർഷ്യം വാങ്ങിയതായാണ് റിപ്പോർട്ട്. നേരത്തേ രാജസ്ഥാനിൽ ചെറിയ ഓഹരി സ്വന്തമാക്കിയയാളാണ് സൊമാനി. രാജസ്ഥാനെ വിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് ആറുമാസമായി. അതേസമയം, പരിക്കേറ്റ ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറന് പകരം ശ്രീലങ്കൻ ട്വന്റി20 ടീം നായകൻ ദാസുൻ ഷനകയെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. രണ്ട് കോടി രൂപക്കാണ് താരത്തിന്റെ വരവ്. 2023ലായിരുന്നു ഷനകയുടെ ആദ്യത്തെയും അവസാനത്തെയും ഐ.പി.എൽ സാന്നിധ്യം. അന്ന് ഗുജറാത്ത് ടൈറ്റൻസിനായി മൂന്ന് മത്സരങ്ങൾ മാത്രം കളിച്ചു. ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന സാം കറനെയും ഓൾ റൗണ്ടർ രവീന്ദ്ര ജദേജയെയും സൂപ്പർതാരം സഞ്ജു സാംസണെ കൈമാറിയാണ് ടീമിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.